
യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിക്കും.
നിമിഷപ്രിയയുടെ വധശിക്ഷ 16-ന് യെമെനിൽ നടപ്പാക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി, കേന്ദ്രത്തിന് എന്തെങ്കിലും നിർദേശം നൽകുമോയെന്നാണ് അറിയാനുള്ളത്. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ്, ‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ നൽകിയ ഹർജി പരിഗണിക്കുന്നത്.
യെമെനി പൗരനായ തലാൽ അബ്ദു മഹ്ദിയെ 2017 ജൂലായിൽ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ നേരിടുന്നത്. തലാലിന്റെ കുടുംബത്തിന് ദിയാധനം നൽകുന്നതിനുള്ള സാധ്യതകൾ ആരായണമെന്നും സംഘടന ആവശ്യപ്പെട്ടു. യെമെനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ സ്ഥാനപതികാര്യാലയമോ ഇല്ല. ഇക്കാരണത്താൽ നയതന്ത്രതലത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്നാണ് സർക്കാർ മുൻപ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.
അതേസമയം, നിമിഷയുടെപേരിൽ ചുമത്തിയ കുറ്റങ്ങൾ അതീവ ഗുരുതരമായതിനാൽ ശിക്ഷയിളവിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് വാർത്താ ഏജൻസിയായ പിടിഎയോട് ഉറവിടങ്ങൾ അറിയിച്ചു.
Be the first to comment