വെരിക്കോസ് വെയിൻ ; അറിയേണ്ടതെല്ലാം

ഏറെനേരം നിന്നു ജോലിചെയ്യുന്നവരിൽ കൂടുതലായി കണ്ടുവരുന്ന രോഗമാണ് വെരിക്കോസ് വെയിൻ. ചർമത്തിനു തൊട്ടുതാഴെയുള്ള ഞരമ്പുകൾ തടിച്ചുവീർത്തും ചുറ്റിപ്പിണഞ്ഞും അശുദ്ധരക്തത്തെ മുകളിലേക്ക് വിടാതെ വരുമ്പോൾ രക്തപ്രവാഹത്തിന്റെ വേഗം കുറയുകയും കെട്ടിനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇങ്ങനെ കെട്ടിക്കിടക്കുന്ന അശുദ്ധരക്തം സമീപത്തെ കോശങ്ങൾക്ക് നാശമുണ്ടാക്കുകയും അണുബാധയ്ക്കു കാരണമാവുകയും ചെയ്യും. വീർത്തഭാഗം പൊട്ടി വ്രണങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. ശരീരത്തിന്റെ ഏതു ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന രോഗമാണിത്.

ഈ രോഗത്തിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ഞരമ്പുകൾ തടിച്ച് ചുരുളുകയും .രോഗം മൂർച്ഛിക്കുമ്പോൾ ഞരമ്പുകൾക്ക് നീലയോ മുന്തിരിനിറമോ ആയി മാറുകയും ചെയ്യും. ആദ്യഘട്ടത്തിൽ നിറവ്യത്യാസം ഉണ്ടാകണമെന്നില്ല.കാലുകളിൽ ചിലന്തിവലപോലെ ഞരമ്പുകൾ പ്രത്യക്ഷപ്പെടാം.രോഗബാധയുള്ള സ്ഥലത്ത് മുറിവിൽനിന്നു രക്തസ്രാവം ഉണ്ടാവുക.കാലുകളിൽ വേദനയും ഭാരക്കൂടുതലും തോന്നുകകണങ്കാലിന്റെ ഭാഗം നീരുവന്ന് വീർക്കുക.വെരിക്കോസ് വെയിനുള്ള ഭാഗത്ത് കരിവാളിപ്പും പുകച്ചിലുംസാധാരണ ചികിത്സകൊണ്ട് കരിയാത്ത വേദനയുള്ള വ്രണങ്ങൾ ഉണ്ടാവുക

വെരിക്കോസ് വെയിൻ കൂടുതൽ കാലം നീണ്ടുനിന്നാൽ തൊലിപ്പുറത്ത് പാടുണ്ടാകും. അതു മാറ്റാൻ സാധിക്കില്ല. അതിനാൽ നേരത്തേതന്നെ ചികിത്സ തേടണം. കാലാവസ്ഥയുമായി ഇതിനു ബന്ധമില്ല. ഓരോ വീട്ടിലെയും തൊഴിലെടുക്കുന്ന അംഗത്തെയാണ് രോഗം ബാധിക്കുന്നതെങ്കിൽ കുടുംബത്തിന്റെ സാമ്പത്തികനില തകരാറിലാകാം. വീനസ് ഡോപ്ലാർ സ്കാനിങ്, വീനോഗ്രഫി, സി.ടി.വീനോഗ്രാം, എം.ആർ.വീനോഗ്രാം എന്നിവയാണ് സാധാരണ പരിശോധനകൾ.

വെരിക്കോസ് വെയിൻ രോഗികളിൽ കാലിലെ രക്തയോട്ടം മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും കംപ്രഷൻ സ്റ്റോക്കിങ്സ് ചികിത്സ ഉപയോഗിക്കാറുണ്ട്. ആധുനിക കംപ്രഷൻ സ്റ്റോക്കിങ് കാലുകളിൽ തുടർച്ചയായ സമ്മർദ്ദം ലഭിക്കത്തക്കവിധം നിർമിക്കപ്പെട്ടതാണ്. കണങ്കാൽ ഭാഗത്ത് ഏൽക്കുന്ന സമ്മർദ്ദം സിരകളിലെ രക്തത്തിന്റെ മുകളിലേക്കുള്ള ഒഴുക്കിനെ സഹായിക്കും.

ശസ്ത്രക്രിയയിൽ, രോഗം ബാധിച്ച സിര മുറിച്ചുനീക്കുകയോ അതിലേക്ക് രക്തമെത്തുന്ന മാർഗം അടയ്ക്കുകയോ ആണ് ചെയ്യുക. രോഗബാധയുള്ള സിര മുറിച്ച് പുറത്തേക്ക് വലിച്ചെടുക്കുന്ന വെയിൻ സ്ട്രിപ്പിങ്, ഫ്ളബക്ടമി എന്നിവയാണ് പ്രധാന ശസ്ത്രക്രിയകൾ.

വെരിക്കോസ് വെയിനിന് ശസ്ത്രക്രിയയ്ക്കു പകരം ആധുനിക ചികിത്സാരീതികൾ പലതുണ്ട്. സിരകളിലേക്ക് മരുന്നുകൾ കുത്തിവച്ച്, രക്തക്കുഴലുകളുടെ ഉൾഭിത്തികളെ നശിപ്പിക്കുകയും അകത്തുള്ള രക്തം കട്ടിയാക്കുകയും ചെയ്യുന്ന രീതിയാണ് ഇൻജെക്ഷൻ സ്ക്ളീറോതെറാപ്പി. ക്രമേണ ഈ സിരകൾ നശിച്ചുപോകും. ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു ചികിത്സയാണിത്.

ശസ്ത്രക്രിയ ഒഴിവാക്കി അവലംബിക്കാവുന്ന രണ്ട് അധുനിക ചികിത്സാരീതികളാണ് ആർ.എഫ്.തെറാപ്പിയും(റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ) ലേസർ ചികിത്സയും. രോഗം ബാധിച്ച സിരകളെ കരിച്ചുകളയുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആദ്യത്തേതിൽ റേഡിയോ തരംഗങ്ങളും രണ്ടാമത്തേതിൽ ലേസർ രശ്മികളുമാണ് ഉപയോഗിക്കുന്നത്. ഇതിനു റേഡിയേഷനുമായി ബന്ധമൊന്നുമില്ല. ഇവ ചെയ്താൽ രോഗം വീണ്ടും വരാൻ സാധ്യത കുറവാണ്. വലിയ അനസ്തേഷ്യയും വിശ്രമവും ആവശ്യമില്ല. പിറ്റേന്നുമുതൽ ചെറിയ ജോലികൾ ചെയ്തുതുടങ്ങാം.

ആധുനിക ചികിത്സാരീതികളിൽ ഏറ്റവും പുതിയതാണ് ഇൻജക്ഷൻ ഗ്ളൂ തെറാപ്പി. ചെലവേറിയ ചികിത്സയാണ്. അനസ്തേഷ്യ ആവശ്യമില്ല. മലിനരക്തം കെട്ടിനിൽക്കുന്ന സിരയെ മെഡിക്കൽ ഗ്ളൂ ഉപയോഗിച്ച് ഒട്ടിക്കുന്നതാണ് ഈ രീതി. ഇങ്ങനെ അടഞ്ഞുപോകുന്ന സിരയ്ക്കകത്തെ രക്തം കട്ടപിടിക്കുകയും ക്രമേണ സിര ദ്രവിച്ചുപോവുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*