ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം. ആദ്യമായി യോഗ ദിനം ആഘോഷിച്ചത് 2015 ജൂൺ 21നായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 84 രാജ്യങ്ങളിൽ നിന്നായി 36,000 ത്തോളം പേർ പങ്കെടുത്തു. യോഗ ഇന്ത്യക്ക് പുതിയ ഒരു സംഭവമല്ല. ചരിത്രം പരിശോധിച്ചാൽ വേദകാലഘട്ടത്തിനും മുമ്പ് ഇവിടെ യോഗികളുണ്ടായിരുന്നു എന്ന് മനസ്സിലാകും.2021 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ തീം യോഗ ഫോർ വെൽ ബീയിംഗ് എന്നതാണ്. കഴിഞ്ഞ വർഷം യോഗ അറ്റ് ഹോം ആന്റ് യോഗ വിത്ത് ഫാമിലി എന്നതായിരുന്നു തീം. ക്ലൈമറ്റ് ചേഞ്ച് എന്നതായിരുന്നു 2019ലെ യോഗ ദിനത്തിലെ തീം.

യോഗ ദിനം ആദ്യമായി ആഘോഷിക്കുന്നത് 2015 ജൂൺ 21നാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇതിനായി മുൻകൈ എടുത്തത്. 2014 സെപ്റ്റംബർ 27ന് മോദി ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ യോഗ വിഷയമാക്കി പ്രസംഗം നടത്തിയിരുന്നു. തുടർന്ന് ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാമെന്ന് ഐക്യരാഷ്ട്ര സഭ 2014 ഡിസംബർ 14ന് പ്രഖ്യാപിക്കുകയായിരുന്നു

ഇന്ത്യയുടെ പ്രാചീന അനുഷ്ഠനങ്ങളിൽ വിലമതിക്കാനാവാത്ത ഒന്നാണ് യോഗയെന്ന് ഐക്യരാഷ്ട്ര സഭയിൽ മോദി പ്രസംഗിച്ചു. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന ഒന്നാണിത്. ചിന്തകളെയും പ്രവർത്തികളെയും ഒന്നിച്ച് നിർത്താൻ സാധിക്കുന്നു. മനുഷനെ പ്രകൃതിയോട് കൂടുതൽ അടുപ്പിക്കും. നമ്മുടെ ജീവിത രീതിയെ മാറ്റാൻ യോഗയ്ക്കാകുമെന്നും അതുവഴി കാലാവസ്ഥാ വ്യതിയാനം അടക്കമുള്ളവയെ നിയന്ത്രിച്ചു നിർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി പ്രസിഡന്റ് സാം കുതേശ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കാമെന്ന് പ്രഖ്യാപിക്കുന്നു. 170തോളം രാജ്യങ്ങൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

1893 ൽ സ്വാമി വിവേകാന്ദൻ നടത്തി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളെ യോഗയെ പരിചയപ്പെടുത്തി. അതിന് ശേഷം നിരവധി യോഗികൾ യോഗയുടെ ഗുണങ്ങളെക്കുറിച്ച് വിദേശ രാജ്യങ്ങളിലുള്ളവർക്ക് വിശദീകരിച്ചു. പിന്നീട് യോഗ ഒരു പഠന വിഷയമായി പല സർവകലാശാലകളും അംഗീകരിക്കുകയും ചെയ്തു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവർ ഇന്ന് മുടങ്ങാതെ യോഗ അഭ്യസിക്കുന്നുണ്ട്.

വേദകാലഘട്ടത്തിന് മുമ്പ് തന്നെ യോഗ ഇന്ത്യയിലുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. ഇന്ത്യാക്കാരുടെ ജീവിതരീതിയുടെ ഭാഗമായി വർഷങ്ങളായി യോഗയുണ്ട്. ഇന്ത്യൻ സംസ്കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമായി മാറി. മഹാറിഷി പതജ്ഞലിയുടെ യോഗയിലുള്ള സംഭാവന വിസ്മരിക്കാനാവില്ല. യോഗാസനങ്ങൾക്കും യോഗ പോസ്ച്ചറുകൾക്കും അദ്ദേഹമാണ് കൃത്യമായ ഒരു ചിത്രം നൽകിയത്.
സദ്ഗൂരുക്കൻമാരെ അനുസ്മരിക്കാനുള്ള ഒരു ദിവസം എന്ന നിലയിലാണ് ജൂൺ 21 തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ഒരു ശാസ്ത്രീയ കാര്യവുമുണ്ട്. സമ്മർ സോൾസ്റ്റിസ് എന്നറിയപ്പെടുന്ന ദിനം ജൂൺ 21 ആണ്. ത്തരാർത്ഥ ഗോളം സൂര്യന്റെ നേർക്ക് നിൽക്കുന്ന സമയമാണ്. സൂര്യൻ വടക്കു നിന്ന് ദക്ഷിണ മേഖലയിലേക്ക് നീങ്ങിത്തുടങ്ങുന്ന സമയം എന്നും പറയാറുണ്ട്.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കുന്നതിന് പല ലക്ഷ്യങ്ങളുണ്ട്. ആൾക്കാർക്ക് യോഗയുടെ ഗുണങ്ങൾ മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഇതിൽ പ്രധാനമായ ഒന്ന്. മനുഷ്യരെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുക എന്നതും ഇതിന്റെ ഭാഗമാണ്. ലോകത്ത് വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളെ അകറ്റി നിർത്താൻ യോഗയ്ക്കാകുമെന്നാണ് മറ്റൊരു സന്ദേശം. ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ നേരിടാന‍് യോഗയ്ക്ക് ആകുമെന്നും അവരെ ബോധവാൻമാരാക്കുന്നു.
2015 ജൂൺ 21ന് ന്യൂ ഡൽഹിയിലെ രാജ്പതിലായിരുന്നു ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചത്. അന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ 36,000 ത്തിൽപ്പരം ആൾക്കാർ പങ്കെടുത്തു. 35 മിനിറ്റ് നീണ്ടു നിന്ന് യോഗാഭ്യാസത്തിൽ 21 യോഗ മുദ്രകൾ ചെയ്തു.ആദ്യ യോഗ ദിന ആഘോഷം ഗിന്നസ് ബുക്കിലും ഇടം പിടിച്ചു. ലോകത്തെ ഏറ്റവും വലിയ യോഗ ക്ലാസ് എന്ന നിലയിലും ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തിന്റെ പേരിലുമാണ് ഗിന്നസ് ബുക്കിൽ കയറിയത്. 84 രാജ്യങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*