
കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നത് ഏതൊരു രക്ഷിതാക്കള്‍ക്കും അല്‍പം വെല്ലുവിളിയാണ്. 1 മുതല്‍ 3 വയസ് വരെ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം, മുലകുടി നിര്‍ത്തുന്ന കാലം ഉള്‍പ്പെടെ വളര്‍ച്ചയുടെ ഒരു സുപ്രധാന കാലഘട്ടമാണ്. കുഞ്ഞുങ്ങൾ എന്ത് കഴിക്കണം അല്ലെങ്കില്‍ കഴിക്കരുത് എന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണമായ അറിവുണ്ടായിരിക്കണം.ഇല്ലെങ്കിൽ അപകടം ക്ഷണിച്ചു വരുത്തിയേക്കാം.ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ ആന്റിഓക്സിഡന്റുകള്‍ ലഭിക്കുന്നതിനായി ക്രമേണ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്നത് നല്ലതാണെങ്കിലും, മുളക് അല്ലെങ്കില്‍ കൊഴുപ്പ് അടങ്ങിയ വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അവ നെഞ്ചെരിച്ചിലും പുളിച്ചുതികട്ടല്‍ ഉള്‍പ്പെടെയുള്ള ദഹന അസ്വസ്ഥതയക്കും കാരണമായേക്കാം.
മിക്ക കുട്ടികളും മിഠായികളും ച്യൂയിംഗ്ഗമുകളും ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, ഈ രണ്ട് സാധനങ്ങളും പിഞ്ചുകുഞ്ഞുങ്ങളില്‍ തൊണ്ടയ്ക്ക് കുടുങ്ങി ശ്വാസം മുട്ടലിനു കാരണമായേക്കാം. അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് പ്രലോഭനം തോന്നാതിരിക്കാന്‍ അത്തരം വസ്തുക്കള്‍ വീട്ടിലേക്ക് കടത്താതിരിക്കുന്നതാണ് നല്ലത്.
അതിവേഗം വളരുന്ന ശരീരത്തിന് കലോറി ആവശ്യമുള്ളതിനാല്‍ കുട്ടികള്‍ക്ക് എല്ലായ്‌പ്പോഴും വിശപ്പ് തോന്നുന്നു. അവര്‍ക്ക് സുരക്ഷിതമായത് എന്താണെന്ന് അറിയാതെ, മാതാപിതാക്കള്‍ കഴിക്കുന്നതെല്ലാം കുട്ടികള്‍ക്കും നല്‍കാന്‍ പലരും ആഗ്രഹിച്ചേക്കാം. എന്നാല്‍ നട്‌സ്, വിത്തുകള്‍ എന്നിവ കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്. ശ്വാസതടസ്സം ഉണ്ടാക്കുമെന്നതിനാല്‍ നട്‌സ് നല്‍കുന്നത് കുഞ്ഞുങ്ങള്‍ക്ക് അത്ര സുരക്ഷിതമല്ല. ചെറു പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ പല്ലുകള്‍ വികസിച്ചിട്ടില്ല, മാത്രമല്ല നട്‌സ് ചവയ്ക്കാനും ഇവര്‍ക്കാവില്ല. കുഞ്ഞുങ്ങളുടെ അന്നനാളവും നേര്‍ത്തതാണ്, അതിനാല്‍ ഇവ ഇറക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയും ചെയ്‌തേക്കാം.
കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ ഉപ്പ് നല്‍കരുത്, കാരണം ഇത് അവരുടെ വൃക്കയ്ക്ക് നല്ലതല്ല. നിങ്ങളുടെ കുഞ്ഞിന്റെ ഭക്ഷണത്തിലോ കുടിക്കുന്ന വെള്ളത്തിലോ അമിതമായി ഉപ്പ് ചേര്‍ക്കരുത്. അതുപോലെ പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും ധാരാളമായി നിങ്ങളുടെ കുഞ്ഞിന് നല്‍കരുത്.
കാരറ്റ് പോലുള്ള പച്ചക്കറികള്‍, മുന്തിരി പോലുള്ള പഴങ്ങള്‍ എന്നിവ കുഞ്ഞുങ്ങള്‍ക്ക് ശ്വാസം മുട്ടലിന് കാരണമാകും. എന്നാല്‍, നന്നായി അരിഞ്ഞ് വേവിച്ച കാരറ്റ്, തൊലി കളഞ്ഞ മുന്തിരി അല്ലെങ്കില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ വിഴുങ്ങാന്‍ കഴിയുന്ന മറ്റ് പഴങ്ങള്‍ എന്നിവ നല്‍കാവുന്നതാണ്. അതായത്, വലിയ തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം.
ശീതളപാനീയങ്ങള്‍ വളരെ മധുരമുള്ളതാണ്. എന്നിരുന്നാലും, അവ കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും അനാരോഗ്യകരമായ ഒരു പാനീയമാണ്. നമ്മുടെ പല്ലിലെ ബാക്ടീരിയകള്‍ ശീതളപാനീയങ്ങളിലെ ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുമായി പ്രതിപ്രവര്‍ത്തിക്കുകയും പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്ന ആസിഡുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. ശീതളപാനീയങ്ങള്‍ പതിവായി കഴിക്കുന്നത് കുട്ടികളില്‍ ദന്തക്ഷയത്തിനും കാരണമാകുന്നു.
Be the first to comment