ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്ക്.

193 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ, നാലാം ദിനം കളി നിര്‍ത്തുമ്ബോള്‍ 17.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിലാണ്.

ആറു വിക്കറ്റും ഒരു ദിവസത്തെ കളിയും ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി രണ്ടാം ടെസ്റ്റും ജയിക്കണമെങ്കില്‍ 135 റണ്‍സ് കൂടി വേണം. 47 പന്തില്‍ ആറു ഫോറുകളോടെ 33 റണ്‍സുമായി ഓപ്പണര്‍ കെ എല്‍ രാഹുല്‍ ക്രീസിലുള്ളതാണ് ഇന്ത്യയുടെ ഏക ആശ്വാസം. ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഇറങ്ങാനുമുണ്ട്.

എളുപ്പം ജയിക്കാം എന്ന ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (ഏഴു പന്തില്‍ 0) നഷ്ടമായി. കരുണ്‍ നായര്‍ (33 പന്തില്‍ ഒരു ഫോര്‍ സഹിതം 14), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (ഒന്‍പതു പന്തില്‍ ഒരു ഫോര്‍ സഹിതം ആറ്), നൈറ്റ് വാച്ച്‌മാനായി സ്ഥാനക്കയറ്റം നല്‍കി അയച്ച ആകാശ്ദീപ് (11 പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്‌സ് നാല് ഓവറില്‍ 11 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് പോരാട്ടം 192ല്‍ അവസാനിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തി ഇത്തവണ വാഷിങ്ടന്‍ സുന്ദറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പൊരുതി നിന്ന ജോ റൂട്ട്, അപകടകാരിയായ ജാമി സ്മിത്ത്, പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ വാഷിങ്ടന്‍ സ്വന്തമാക്കി. നാല് പേരേയും താരം ക്ലീന്‍ ബൗള്‍ഡാക്കി.

ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇംഗ്ലണ്ടിനായി ജോ റൂട്ട് 40 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ബെന്‍ സ്റ്റോക്സ് 33 റണ്‍സ് കണ്ടെത്തി.

87 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ശേഷം ഇംഗ്ലണ്ട് തിരിച്ചു വരവിന്റെ പാതയിലായിരുന്നു. എന്നാല്‍ 150 റണ്‍സ് പിന്നിട്ടതിനു പിന്നാലെ ഇംഗ്ലണ്ടിനു 6 വിക്കറ്റുകള്‍ നഷ്ടമായി. ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ടിനു കരുത്തായി നിന്ന ജോ റൂട്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ കൂട്ടുപിടിച്ച്‌ ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും വാഷിങ്ടന്‍ സുന്ദര്‍ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇംഗ്ലണ്ടിന്റെ പ്രതിരോധം തകര്‍ത്തു. പിന്നാലെ താരം അപകടകാരിയായ ജാമി സ്മിത്തിനേയും മടക്കി ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടു. ജാമി സ്മിത്ത് 8 റണ്‍സുമായി പുറത്തായി. അടുത്ത വരവിലാണ് വാഷിങ്ടന്‍ സ്റ്റോക്സിനെ പുറത്താക്കിയത്. ഒടുവില്‍ ഷൊയ്ബ് ബഷീറിനേയും ക്ലീന്‍ ബൗള്‍ഡാക്കി വാഷിങ്ടന്‍ ഇംഗ്ലണ്ട് ഇന്നിങ്സിനു തിരശ്ശീലയിട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*