
അഹമ്മദാബാദിൽ ജൂൺ 12-ാം തീയതി അപകടത്തിൽപ്പെട്ട എയർ ഇന്ത്യ 171 വിമാനം പൈലറ്റ് മനപ്പൂർവം അപകടത്തിൽപ്പെടുത്തിയതാകാമെന്ന അതീവ ഗുരുതരമായ ആരോപണവുമായി വ്യോമയാന വിദഗ്‌ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ രംഗത്ത്. ഇന്ത്യയിലെ പ്രമുഖ വ്യോമയാന വിദഗ്ധരിൽ ഒരാളാണ് ഇദ്ദേഹം. എയർ ഇന്ത്യ വിമാനാപകടം മനപ്പൂർവമായ മനുഷ്യ പ്രവർത്തനത്തിന്റെ ഫലമായിരിക്കാമെന്ന് എൻഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ധന കട്ട്‌ഓഫ് സ്വിച്ചുകളുടെയും കോക്ക്പിറ്റ് ഓഡിയോയുടെയും ക്രമം ചൂണ്ടിക്കാണിച്ച അദ്ദേഹം കോക്ക്പിറ്റിൽ മനപ്പൂർവം നടത്തിയ പ്രവർത്തനങ്ങളിൽ നിന്നാണ് അപകടം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി. ആത്മഹത്യ പോലും ഇക്കാര്യത്തിൽ സംശയിക്കാമെന്നും മോഹൻ രംഗനാഥൻ പറഞ്ഞു.
പൈലറ്റുമാരിൽ ഒരാൾ മനപ്പൂർവം ഇന്ധന സ്വിച്ച് ഓഫ് ചെയ്‌തതായിരിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിക്കാനേ തരമുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘അത്’ സ്വമേധയാ ചെയ്‌തതായിരിക്കണം. ഇന്ധന സെലക്ടറുകൾ സ്ലൈഡിങ് തരത്തിലുള്ളതല്ലാത്തതിനാൽ ഓട്ടോമാറ്റിക്കായോ അല്ലെങ്കിൽ വൈദ്യുതി തകരാർമൂലമോ എഞ്ചിനിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് നിലയ്ക്കില്ല. ഒരു പ്രത്യേക സ്ലോട്ടിൽ തുടരുന്ന തരത്തിലാണ് ഇന്ധന സ്വിച്ചുകളുടെ രൂപകൽപ്പന. സ്വിച്ച് വലിച്ചുയർത്തി വേണം അവ മുകളിലേക്കോ താഴേക്കോ നീക്കാൻ. അതിനാൽ തന്നെ അബദ്ധവശാൽ അവയെ ഓഫ് പൊസിഷനിലേക്ക് മാറ്റാനുള്ള സാധ്യതയില്ല. മാനുവലായി മനപ്പൂർവം ഓഫാക്കിയതാണിത്.’ – മോഹൻ രംഗനാഥൻ വ്യക്തമാക്കി.
ശനിയാഴ്ച പുറത്തുവന്ന അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ടേക്ക് ഓഫ് ചെയ്‌ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ആയിരുന്നതിനാലാണെന്നുമുള്ള കണ്ടെത്തലുള്ളത്. ആരാണ് ഈ സ്വിച്ചുകൾ ഓഫ് ചെയ്‌തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിൻ്റെയും താനല്ല ഓഫ് ചെയ്‌തെന്ന് മറുപടി നൽകുന്നതിൻ്റെയും ശബ്ദരേഖയും പുറത്തുവന്നിരുന്നു.
സ്വിച്ചുകൾ ഓഫായിരുന്നത് ശ്രദ്ധയിൽ പെട്ട് പെട്ടെന്ന് ഓൺ ചെയ്തെങ്കിലും എൻജിനുകൾ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവർത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകർന്നുവീഴുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടത്തിൻ്റെ കൃത്യമായ വിവരങ്ങൾ അറിയാൻ വിശദമായ അന്വേഷണം വേണമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്.
Be the first to comment