ഭൂ നിരപ്പില്‍ സാമൂഹ്യജീവിതം നയിക്കുന്ന ചെറുപ്രാണികളാണ് ചിതലുകള്‍. മരത്തില്‍ നിര്‍മ്മിച്ച വാതിലുകള്‍, മറ്റ് ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, കടലാസുകള്‍ എന്നിവ ചിതല്‍ കാര്‍ന്നു തീര്‍ക്കുന്നത് സര്‍വ്വസാധാരണമാണ്.
ഭിത്തികളിലും ചിതലാക്രമണം സര്‍വ്വ സാധാരണമാണ്. മഴക്കാലത്ത് സജീവമാകുന്ന ചിതലുകളില്‍ നിന്ന് നിര്‍മ്മിതികളെ സംരക്ഷിക്കാന്‍ വേണ്ട നീക്കങ്ങള്‍ നിര്‍മ്മാണ സമയത്തു തന്നെ കൈക്കൊള്ളുന്നതാണ് ഉചിതം.
ഐഎസ് മാനദണ്ഡ പ്രകാരം അനുയോജ്യമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പുതിയതും, നിലവിലുള്ളതുമായ കെട്ടിടങ്ങളിലെ ചിതലാക്രമണത്തെ നേരിടാം.
ചെയ്യേണ്ടതെന്ത്?
ഐഎസ് 6313 രണ്ടാം ഭാഗത്തിലെ മാനദണ്ഡപ്രകാരമാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനു മുന്നോടിയായുള്ള ചിതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.
നിര്‍മ്മിതിക്കും, മണ്ണിനുമിടയില്‍ ചിതലിന് ഹാനികരമായ ഒരു രാസാതിര്‍ത്തി സൃഷ്ടിക്കുകയാണ് പ്രതിരോധ പ്രവൃത്തിയുടെ അടിസ്ഥാനാശയം. കെട്ടിടത്തിന്‍റെ ഘടനക്കനുസരിച്ച് പല ഘട്ടങ്ങളായി ഇത് ചെയ്യാവുന്നതാണ്.
ALSO READ: ഹരിത ഭംഗിയില്‍
കാലക്രമേണ സ്വയം നശിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് കൈക്കൊള്ളുന്ന ഈ പ്രതിരോധ നടപടിക്ക് 10 വര്‍ഷം വരെ ഗ്യാരണ്ടിയുണ്ട്. ഉപയോഗിക്കുന്ന രാസവസ്തുവിന്‍റെ കാര്യക്ഷമതക്കനുസരിച്ചാണ് ഗ്യാരണ്ടി കണക്കാക്കപ്പെടുന്നത്.
സാധാരണയായി ഗാര്‍ഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ കൈക്കൊള്ളുന്ന പ്രതിരോധ നടപടികളുടെ വിവിധ ഘട്ടങ്ങള്‍ ഇപ്രകാരമാണ്.

ബാക്ക് ഫില്ലിങ്: അടിത്തറ നിര്‍മ്മാണത്തിനായി എടുക്കുന്ന കുഴി തിരികെ നികത്തുന്ന പ്രക്രിയയെയാണ് ബാക്ക് ഫില്ലിങ് എന്നു പറയുന്നത്.
ബാക്ക് ഫില്ലിങ് സമയത്ത് അടിത്തറയോടു തൊട്ടു കിടക്കുന്ന മണ്ണില്‍ സ്ക്വയര്‍ മീറ്റര്‍ ഒന്നിന് 7.5 ലിറ്റര്‍ എന്ന കണക്കിലാണ് രാസമിശ്രിതം ഒഴിക്കേണ്ടത്.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
തറയുടെ വിസ്തീര്‍ണ്ണത്തിനനുസൃതമായാണ് രാസമിശ്രിതത്തിന്‍റെ അളവു നിശ്ചയിക്കേണ്ടത്.

ഫ്ളോറിങ്: നികത്തിയ ഭൂമിയുടെ മുകള്‍ഭാഗം, ചുമരും തറയുമായി സന്ധിക്കുന്ന ഇടങ്ങള്‍, പ്ലിന്‍ത് ലെവല്‍ എന്നിവിടങ്ങളില്‍ സ്ക്വയര്‍ മീറ്റര്‍ ഒന്നിന് 5 ലിറ്റര്‍ എന്ന കണക്കിലാണ് രാസമിശ്രിതം പ്രയോഗിക്കേണ്ടത്.
പുറത്തെ ചുറ്റളവ്: കെട്ടിടത്തിന് ചുറ്റുമുള്ള മണ്ണില്‍ ഇരുമ്പുപാര ഉപയോഗിച്ച് ദ്വാരങ്ങളുണ്ടാക്കി ചതുരശ്ര മീറ്റര്‍ ഒന്നിന് 7.5 ലിറ്റര്‍ അനുപാതത്തില്‍ രാസമിശ്രിതം തളിക്കേണ്ടതാണ്.
സുഷിരങ്ങളിലും ഓവുകളിലും: അഴുക്കുചാലുകള്‍, കേബിള്‍ ഡക്റ്റുകള്‍, ജലവിതരണക്കുഴലുകള്‍ എന്നിവയ്ക്കായി നിര്‍മ്മിക്കുന്ന ചാലുകളിലും രാസമിശ്രിതം പ്രയോഗിക്കേണ്ടതാണ്.
ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി
നിലവിലുള്ള കെട്ടിടങ്ങളില്‍ നിര്‍മ്മാണ ശേഷം അനുവര്‍ത്തിക്കേണ്ട ചിതല്‍ പ്രതിരോധ നടപടികള്‍: 5 വര്‍ഷം ഗ്യാരണ്ടിയുള്ള ഐഎസ് 6313 ഭാഗം മൂന്നിലെ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഈ കെട്ടിടങ്ങളില്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളേണ്ടത്.
അടിത്തറയില്‍ ചെയ്യേണ്ടത്: ഇവിടെയും കെട്ടിടവും മണ്ണിലുള്ള ചിതലുകളും തമ്മില്‍ ഒരു രാസാതിര്‍ത്തി സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി കെട്ടിടത്തിനടിയിലും ചുമരുകളിലും ചിതലിനെ കൊല്ലുകയും പ്രതിരോധിക്കുകയും ചെയ്യുന്ന രാസവിഷം തളിക്കുകയാണ് വേണ്ടത്.
കല്‍പ്പണിയുടെ ഭാഗമായി: കെട്ടിടത്തിന്‍റെ അടിഭാഗത്ത് നിര്‍മ്മാണത്തിനിടെ ഉണ്ടാകുന്ന സുഷിരങ്ങളിലൂടെ ചിതല്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലും അവിടെ നിന്ന് മുകള്‍നിലകളിലേക്കും എത്തുന്നത് സര്‍വ്വസാധാരണമാണ്.
ഇതു തടയാനായി കല്‍ച്ചുമരിന്‍റെ അസ്തിവാരത്തിലെ സുഷിരങ്ങള്‍ മുങ്ങത്തക്ക വിധം രാസമിശ്രിതം പ്രവഹിപ്പിക്കേണ്ടതാണ്.
തടിപ്പണികളില്‍: കെട്ടിടത്തിന്‍റെ തറയോടോ, ചുമരിനോടോ ചേര്‍ന്നു വരുന്ന മരഉരുപ്പടികളില്‍ ചിതലാക്രമണത്തിന് സാദ്ധ്യത ഏറെയാണ്.
ഇതു തടയുന്നതിനായി മരഉരുപ്പടിയും കല്‍പ്പണിയുമായി സന്ധിക്കുന്ന ഇടങ്ങളില്‍ 45 ഡിഗ്രി കോണളവില്‍ 6 മി. മീ കനമുള്ള സുഷിരങ്ങളുണ്ടാക്കി രാസമിശ്രിതം പ്രയോഗിക്കേണ്ടതാണ്.
രാസമിശ്രിതം പ്രവഹിപ്പിച്ചതിനു ശേഷം പ്രസ്തുത സുഷിരങ്ങള്‍ അടച്ചു കളയേണ്ടതാണ്. മരഉരുപ്പടികളിലെല്ലാം തന്നെ നേര്‍പ്പിച്ച ഡീസല്‍ ഓയിലില്‍ രാസവസ്തുക്കള്‍ കലര്‍ത്തി തളിക്കേണ്ടതുമാണ്.
ചിതലിനെ പ്രതിരോധിക്കാനായി ഇന്ന് ശുപാര്‍ശ ചെയ്യപ്പെടുന്ന രാസവസ്തുക്കള്‍ ഇവയാണ്.
- ക്ലോറോപൈറിഫോസ് 20% ഇസി
- ബൈഫെന്‍ത്രിന്‍
- ഇമാഡാക്ലോപ്രിഡ് 30% എസ് സി
ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടതു പോലെ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ കെട്ടിടങ്ങളെ ചിതലാക്രമണത്തില്‍ നിന്ന് നൂറുശതമാനവും സംരക്ഷിക്കാനാവും.
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ഡോ. സരുപ്സ് പെസ്റ്റ് കണ്‍ട്രോള്‍ പ്രൈവറ്റ് ലിമിറ്റഡ്, ഫോണ്‍: 0484 4046063, 2400633. mail: sarupkochi@gmail.com
Be the first to comment