ഉള്ളതുകൊണ്ട് എല്ലാം

ചെറുതെങ്കിലും ഉള്ള സ്ഥലത്തിനനുസരിച്ചു ഒരു ചെറിയ കുടുംബത്തിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഉള്‍ച്ചേര്‍ത്ത് അകത്തളം ഒരുക്കിയിട്ടുള്ള വില്ലകളില്‍ ഒന്നാണ്

ചെറുതെങ്കിലും ഉള്ള സ്ഥലത്തിനനുസരിച്ചു ഒരു ചെറിയ കുടുംബത്തിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഉള്‍ച്ചേര്‍ത്ത് അകത്തളം ഒരുക്കിയിട്ടുള്ള വില്ലകളില്‍ ഒന്നാണ് കാക്കനാടിനു സമീപം വാഴക്കാലയില്‍ ഉള്ള ന്യൂക്ലിയസ് ഫെയര്‍ ഡേലിലെ സാജു ജോര്‍ജിന്‍റെയും സിന്ധു സാജുവിന്‍റെയും വീട്.

ഇന്‍റീരിയര്‍ ഡിസൈനര്‍മാരായ സീതാലക്ഷ്മിയും കൃഷ്ണരാജും (സ്പേസസ് ഇന്‍റീരിയര്‍ ഡിസൈന്‍സ്, കൊച്ചി) ചേര്‍ന്നാണ് വില്ലയുടെ അകത്തളമൊരുക്കിയത്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്ങ്, മൂന്ന് കിടപ്പു മുറികള്‍, ബാര്‍ ഏരിയ, കിച്ചണ്‍, ബാല്‍ക്കണികള്‍ എന്നിങ്ങനെയുള്ള സ്ഥലസൗകര്യങ്ങള്‍ എല്ലാം ചേര്‍ത്ത് 1100 സ്ക്വയര്‍ഫീറ്റിലാണ് 3.5 സെന്‍റിലുള്ള വില്ല.

നിറങ്ങള്‍ നിറച്ച്

വില്ല പ്രൊജക്റ്റ് ആയതിനാല്‍ എലിവേഷന് അധികം പ്രാധാന്യം നല്‍കിയിട്ടില്ല. കാരണം, നേരത്തെ പണി പൂര്‍ത്തിയായിരുന്നതിനാല്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.

കന്‍റംപ്രറി ശൈലിക്കാണ് മുന്‍ഗണന. കാര്‍ പോര്‍ച്ചിനു സ്ഥാനം വീടിനു മുന്നില്‍ തന്നെ. ചെറിയ തോതില്‍ ലാന്‍ഡ്സ്കേപ്പും ഒരുക്കിയിരിക്കുന്നു.

സ്ഥല പരിമിതി ഉണ്ടായിരുന്നതിനാല്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും നല്‍കിയാണ് അകത്തളം ഒരുക്കിയിട്ടുള്ളത്. ഫര്‍ണിച്ചര്‍ എല്ലാം സ്ഥല ഉപയുക്തത മുന്‍നിറുത്തി ചെയ്ത് എടുത്തവയാണ്.

ലിവിങ് ഏരിയയില്‍ കൂടുതല്‍ ആളുകള്‍ക്ക് ഇരിപ്പിടങ്ങള്‍ വേണം എന്നുള്ള വീട്ടുകാരുടെ അഭിപ്രായം കണക്കില്‍ എടുത്ത് ഒരു ഭാഗത്തു ‘ഘ’ ആകൃതിയില്‍ സോഫയും മറുഭാഗത്ത് ബെഞ്ചും നല്‍കി.

ലിവിങ്ങിനോട് ചേര്‍ന്ന് തന്നെ ചുമരില്‍ പ്രാര്‍ഥനസൗകര്യവും ഉള്‍ച്ചേര്‍ത്തു. ചുമരില്‍ തട്ടുകള്‍ തീര്‍ത്തു ക്യൂരിയോസിനും ഇടം നല്‍കിയിട്ടുണ്ട്.

ലിവിങ്ങിന്‍റെ ഒരു ഭിത്തി വാള്‍പേപ്പര്‍ കൊണ്ട് അലങ്കരിച്ചു റെഡ്, ബ്ലാക്ക്, വൈറ്റ് നിറങ്ങളാണ് ലിവിങ്ങിനായി തെരഞ്ഞെടുത്തത്.

ഡൈനിങ്ങ് ഏരിയയില്‍ ഊണ് മേശക്ക് ഒപ്പവും ഇരിപ്പിടമായി ബെഞ്ചാണ് സ്വീകരിച്ചത്. കൂടുതല്‍ ആളുകള്‍ക്ക് ഇരിക്കാം, ആവശ്യമില്ലാത്തപ്പോള്‍ മേശക്കടിയിലേക്ക് തള്ളിവയ്ക്കാം.

സ്ഥലവിസ്തൃതിയും ലഭിക്കും. ഡൈനിങ്ങിന് സമീപത്തു തന്നെയാണ് സ്റ്റെയര്‍കേസിനും സ്ഥാനം.

വലിയ ഗ്ലാസ് ജനാലകള്‍ എല്ലാ മുറികളിലും നല്‍കിയിട്ടുണ്ട്. പുറത്തെ കാഴ്ചകള്‍ സമ്മാനിക്കുന്നതിനൊപ്പം കാറ്റും വെളിച്ചവും ഉള്ളിലെത്തിക്കുകയും വീട്ടകം വിശാലമായി തോന്നിപ്പിക്കുന്നുമുണ്ട്.

ഇഷ്ടങ്ങള്‍ മാനിച്ച്

മൂന്ന് കിടപ്പു മുറികള്‍ ഉള്ളതില്‍ മാസ്റ്റര്‍ ബെഡ്റൂമിന് ചുമരില്‍ നിഷുകള്‍ വേണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനായി കട്ടിലിന്‍റെ ഹെഡ് ബോര്‍ഡിനോട് ചേര്‍ന്ന് പ്ലൈവുഡ് ഉപയോഗിച്ച് ഒരു ഡിസൈന്‍ എലമെന്‍റ തീര്‍ത്തു അതിനൊപ്പം നീളത്തില്‍ ഓപ്പണ്‍ നിഷ് രൂപപ്പെടുത്തി.

ഹെഡ് ബോര്‍ഡിന് മുകളിലേക്കുള്ള ഭാഗം ടെക്സ്ചര്‍ പെയിന്‍റ് നല്‍കുക കൂടി ചെയ്തപ്പോള്‍ ഭംഗി ഇരട്ടിയായി. സ്ഥല സൗകര്യത്തിനായി വാഡ്രോബിന്‍റെ പിന്തുടര്‍ച്ചയായാണ് കട്ടിലിന്‍റെ സ്ഥാനം.

ഡ്രസിങ് ഏരിയയില്‍ മേക്കപ്പ് ചെയ്യുവാനും ആഭരണങ്ങള്‍ സൂക്ഷിക്കാനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കിഡ്‌സ് റൂമിനു പിങ്ക് നിറച്ചാര്‍ത്തിന്‍റെ ഭംഗിയാണ്. ഗസ്റ്റ്റൂം മിതമായ ഒരുക്കങ്ങള്‍ക്കു പുറമെ ബ്രൗണ്‍, വൈറ്റ് നിറങ്ങള്‍കൊണ്ട് ശ്രദ്ധേയമാക്കി.

അകത്തളങ്ങളില്‍ ഒരിടത്തു പോലും അനാവശ്യമായി ഒന്നുംകുത്തി നിറച്ചിട്ടില്ല. അതുകൊണ്ട് കൂടുതല്‍ വിശാലത അനുഭവപ്പെടുന്നു.

മുകള്‍നിലയില്‍ ഒരു ബാര്‍ ഏരിയ മാത്രമേ ഉളളൂ. കിച്ചണ്‍ വലുപ്പത്തില്‍ ചെറുതെങ്കിലും സ്റ്റോറേജിന് പ്രാധാന്യം നല്‍കിയാണ് ചെയ്തിട്ടുള്ളത്.

ബാക്ക് സ്പ്ലാഷ് ഏരിയയില്‍ ഗ്രീന്‍ കളര്‍ ടൈലുകളാണ് തെരഞ്ഞെടുത്തത്. ഇതു അടുക്കളക്ക് കൂടുതല്‍ മിഴിവ് നല്‍കുന്നു.

സ്ഥല പരിമിതി മറികടന്നു വര്‍ണങ്ങള്‍ കൊണ്ട് ഭംഗി നല്‍കിയും ഉപയുക്തത പരിഗണിച്ച് സൗകര്യങ്ങള്‍ ഉള്‍ച്ചേര്‍ത്തും ഡിസൈന്‍ ചെയ്ത വില്ല വീട്ടുകാരുടെ ആഗ്രഹങ്ങള്‍ കൂടി പരിഗണിച്ചുള്ളതാകുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*