സ്മാര്‍ട്ടാകാന്‍ ചില കൂട്ടുകാര്‍

കീ പാഡുകള്‍ ഉപയോഗിച്ചുള്ള നിയന്ത്രണ സംവിധാനത്തിനു പകരം ഇപ്പോള്‍ പ്രചാരത്തിലുള്ള ടച്ച് സ്ക്രീനിന്‍റെ ഉപയോഗം കൂടുതല്‍ വേഗതയുള്ളതും അനായാസകരവുമാണ്.

വ്യത്യസ്തമായ ഐക്കണുകളില്‍ നമുക്ക് ലൈറ്റിങ്, കര്‍ട്ടന്‍, പശ്ചാത്തല സംഗീതം, എയര്‍കണ്ടീഷന്‍, സെക്യൂരിറ്റി സിസ്റ്റം, സൗണ്ട് സിസ്റ്റം, ഫ്ളോര്‍ ഹീറ്റിങ്, സീന്‍ അറേഞ്ച്മെന്‍റ് എന്നിവ എല്ലാം സെറ്റ് ചെയ്ത് നിയന്ത്രിക്കാന്‍ സാധിക്കും.

സുരക്ഷാ സംവിധാനങ്ങള്‍

ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറുകള്‍, നെറ്റ്വര്‍ക്ക് വീഡിയോ റെക്കോര്‍ഡറുകള്‍ മുതലായവ ഓട്ടോമേഷന്‍ സിസ്റ്റവുമായി ഇന്‍റഗ്രേറ്റ് ചെയ്യാം.

ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ

കൂടാതെ സെക്യൂരിറ്റി സിസ്റ്റം മൊഡ്യൂള്‍ കണ്‍ട്രോളര്‍ നിയന്ത്രിച്ച് കണ്‍വെന്‍ഷണല്‍ ബീം സെന്‍സര്‍, ഗ്ലാസ് ബ്രേക്ക് ഡിറ്റക്റ്റര്‍, മോഷന്‍ സെന്‍സര്‍ തുടങ്ങിയവ നമുക്ക് ഈ സിസ്റ്റവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാവുന്നതാണ്.

ഐ പി വീഡിയോ ഡോര്‍ ഫോണ്‍

ടച്ച് സ്ക്രീന്‍ സാങ്കേതികവിദ്യയോടു കൂടി വരുന്ന ഐ പി വീഡിയോ ഡോര്‍ ഫോണുകള്‍ ഐ പി പ്രോട്ടോകോള്‍ ബേസ്ഡ് ആണ്. സാധാരണ നെറ്റ് വര്‍ക്കിങ് കേബിളുകളാണ് ഇതിനുപയോഗിക്കുന്നത്.

അതുകൊണ്ട് തന്നെ കേബിളുകളുടെ അധികച്ചെലവ് കുറയ്ക്കാനും ഇന്‍സ്റ്റലേഷന്‍ ചെലവ് കുറയ്ക്കാനും ഇതുമൂലം സാധിക്കും. ഒരു വീഡിയോ ഡോര്‍ ഫോണ്‍ എന്നതിലുപരി ഇന്‍റര്‍കോം സിസ്റ്റം ആയും ഹോം ഓട്ടോമേഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് ആയും നമുക്ക് ഇത് ഉപയോഗിക്കാം.

ഇതില്‍ നിന്ന് മറ്റൊരു വീഡിയോ ഫോണിലേക്ക് മാത്രമല്ല മൊബൈല്‍ നമ്പറിലേക്കും വിളിക്കാം. ഒരു വീഡിയോ കോണ്‍ഫറന്‍സ് യൂണിറ്റ് ആയും ഇത് ഉപയോഗിക്കാം.

ALSO READ: മിശ്രിതശൈലി

ഹോം ഓട്ടോമേഷനിലെ ലൈറ്റിങ് കണ്‍ട്രോള്‍, എ സി കണ്‍ട്രോള്‍, ഐ പി ക്യാമറ മോണിറ്ററിങ്, സെന്‍സര്‍ ലൈഫ് കണ്‍ട്രോള്‍, കര്‍ട്ടന്‍ കണ്‍ട്രോള്‍ എന്നിവയെല്ലാം നമുക്ക് ഇതിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. പല ഡിസൈനിലും, പല സ്ക്രീന്‍ വലിപ്പത്തിലും ലഭ്യമാണ്.

ലൈറ്റിങ്

ഭവനത്തിലെ ലൈറ്റുകള്‍ വ്യത്യസ്തമായ രീതിയില്‍ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് ഏതെങ്കിലും ഒരു ലൈറ്റ് മാത്രമായോ അല്ലെങ്കില്‍ വ്യത്യസ്ത ഗ്രൂപ്പുകളായോ നിയന്ത്രിക്കാം.

മൂഡ് ലൈറ്റിങ്ങും ഈ സിസ്റ്റത്തില്‍ ലഭ്യമാണ്. കൂടാതെ നിങ്ങള്‍ വീട്ടിലെ ലൈറ്റ് ഓഫാക്കാനോ ഓണാക്കാനോ മറന്നുപോയെങ്കില്‍ സ്വന്തം ഐഫോണ്‍/ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മുഖേന അത് ചെയ്യാന്‍ കഴിയും.

ഹോം തീയേറ്റര്‍

പശ്ചാത്തല സംഗീതം, ഹോംതീയേറ്റര്‍ സിസ്റ്റം തുടങ്ങിയവയെല്ലാം ഒരു ഏകീകൃത കണ്‍ട്രോളിലൂടെ നിയന്ത്രിക്കാം. വീട്ടിലെ ഓരോ കുടുംബാംഗങ്ങള്‍ക്കും അവരുടെ മുറിയില്‍ അവര്‍ക്കിഷ്ടപ്പെട്ട സംഗീതം കേള്‍ക്കാനുള്ള അവസരം തരുന്നു.

ALSO READ: ക്യൂട്ട് & എലഗന്‍റ്

എഫ്.എം. റേഡിയോ, ഡി വി ഡി പ്ലേയര്‍, പെന്‍ ഡ്രൈവ് തുടങ്ങിയ ഏത് ഓപ്ഷനുകളും നിങ്ങളുടെ ആവശ്യാനുസരണം സംഗീത സ്രോതസ്സായി നമുക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും.

ക്യാമറാ നിരീക്ഷണം

വീടിന്‍റെ വിവിധ കോണുകളിലായി വയ്ക്കുന്ന ക്യാമറകള്‍ സ്വന്തം ഫോണ്‍ മുഖേനയോ ലാപ്ടോപ്പിലൂടെയോ നിരീക്ഷിക്കാവുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാം.

നമ്മുടെ ചുറ്റുപാടും നിരീക്ഷിക്കാന്‍ വേണ്ടി മാത്രമല്ല, പ്രായമായ മാതാപിതാക്കളേയും ചെറിയ കുട്ടികളെയും നിരീക്ഷിക്കാനും നമുക്ക് ഇത് ഉപയോഗപ്പെടുത്താം.

സ്ഥലത്തില്ലെങ്കിലും സ്വന്തം വീട്ടില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാന്‍ ഇത് മൂലം വളരെ എളുപ്പത്തില്‍ സാധിക്കുന്നു.

ടെംപറേച്ചര്‍ കണ്‍ട്രോള്‍

ഗ്രീന്‍ കണ്‍സെപ്റ്റ് ഹോമുകളുടെ അവിഭാജ്യഘടകമാണ് ടെംപറേച്ചര്‍ കണ്‍ട്രോള്‍. റൂമുകളുടെ താപനില അനുസരിച്ച് എസി, ഫാന്‍ മുതലായവ ആവശ്യാനുസരണം സ്വയം ക്രമീകരിച്ച് ഊര്‍ജ്ജ ഉപഭോഗത്തില്‍ വലിയൊരു പങ്കു വരെ ലാഭിക്കാന്‍ ടെംപറേച്ചര്‍ കണ്‍ട്രോളറുകള്‍ ഉതകുന്നു.

RELATED READING: ശൈലികള്‍ക്കപ്പുറം ഔട്ട്‌ഡേറ്റാവാത്ത ആഡംബര വീട്

ഹോം കണ്‍ട്രോള്‍

നിങ്ങള്‍ എവിടെ പോയാലും വീടിന്‍റെ നിയന്ത്രണം നിങ്ങളുടെ വിരല്‍ത്തുമ്പില്‍. ഇന്‍റര്‍നെറ്റിന്‍റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വന്തം വീട്ടിലെ മിക്ക ഉപകരണങ്ങളുടെയും നിയന്ത്രണങ്ങളും സ്വന്തം സ്മാര്‍ട്ട് ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ കൊണ്ടുവരാനാകുന്നു.

എസ് എം എസ് കണ്‍ട്രോള്‍

സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് സാധാരണ ഫോണുപയോഗിച്ചും സ്വന്തം വീടിനെ ദൂരെ നിന്ന് നിയന്ത്രിക്കാന്‍ കഴിയും. അതിനാണ് എസ് എം എസ് കണ്‍ട്രോള്‍ യൂണിറ്റുകള്‍ ഉപയോഗിക്കുന്നത്.

സിം ഇടാവുന്ന ഈ മോഡ്യൂളുകളിലേക്ക് സ്വന്തം ഫോണില്‍ നിന്ന് വിവിധ ഫോര്‍മാറ്റില്‍ ഉള്ള എസ് എം എസ് അയച്ചാല്‍ മാത്രം മതി. ഉദാഹരണത്തിന് ബെഡ്റൂമില്‍ എ സി ഓണാക്കാന്‍ 98420 12345 ആണ് നമ്പറെങ്കില്‍, BRAC-ON എന്ന് ടൈപ്പ് ചെയ്ത് ആ നമ്പറിലേക്ക് അയക്കുക.

ഇത് കൂടാതെ ഡിറ്റിഎംഎഫ് സിഗ്നല്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സിസ്റ്റവും ലഭ്യമാണ്. ഇതില്‍ എസ് എം എസ് അയക്കുന്നതിന് പകരം പ്രത്യേക ഫോണ്‍ നമ്പറിലേക്ക് വിളിച്ച് സന്ദേശം അയച്ചാലും മതി.

ALSO READ: ഹരിത ഭംഗിയില്‍

ഉദാഹരണത്തിന് ബെഡ്റൂം എസി യുടെ കോഡ് 25 ആണെങ്കില്‍ പ്രസ്തുത നമ്പറിലേക്ക് വിളിച്ച് 25 ഉം 1 ഉം പ്രസ് ചെയ്താല്‍ എസി ഓണാവും. നേരെ മറിച്ച് 25 ഉം 0 ഉം ആണെങ്കില്‍ എസി ഓഫ് ആകും.

സ്ലൈഡിങ് ഗെയ്റ്റ്

ഉറപ്പും, ഉയര്‍ന്നകാലം നിലനില്‍പ്പുമുള്ള മോട്ടോറൈസ്ഡ് സ്ലൈഡിങ് ഗെയിറ്റുകള്‍ കോമ്പാക്റ്റ് അളവില്‍ ഡിസൈന്‍ നിര്‍വഹിച്ചിട്ടുള്ളവയാണ്. ശബ്ദരഹിത പ്രവര്‍ത്തനമാണ് ഇവയുടെ പ്രധാന സവിശേഷത.

300 കിലോഗ്രാം മുതല്‍ 3500 കിലോഗ്രാം വരെ തൂക്കമുള്ളതാണ് ഇത്തരം മോട്ടോറൈസ്ഡ് സ്ലൈഡിങ് ഗെയിറ്റുകള്‍.

ഇന്‍ബില്‍റ്റായിട്ടുള്ള തെര്‍മല്‍ കട്ട് ഓഫ് സ്വിച്ച് ഉപയോഗിച്ചാണ് ഇവയുടെ മോട്ടോര്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. വൈദ്യുതിയില്ലാത്ത അവസരത്തില്‍ കൈ കൊണ്ടും ഇവ പ്രവര്‍ത്തിപ്പിക്കാനാകും.

റീട്രാക്റ്റബിള്‍ ഗെയിറ്റ്

സ്റ്റെയിന്‍ലസ് സ്റ്റീല്‍, അലൂമിനിയം എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന ചുരുക്കിയെടുക്കാവുന്ന തരത്തിലുള്ള ഗെയിറ്റുകള്‍ ഇന്നുണ്ട്. സ്ഥലവിനിയോഗം ഏറ്റവും ഫലപ്രദമായി നിര്‍വഹിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.

You May Like: ഹൈടെക് വീട്

6 മീറ്ററോളം നീട്ടാന്‍ കഴിയുന്ന ഇവ ചുരുക്കിവയ്ക്കുമ്പോള്‍ ഒരു മീറ്ററില്‍ ഒതുക്കാനാവും. ഇത്തരം ചുരുക്കിയെടുക്കാവുന്ന ഗെയിറ്റുകളുടെ ശരാശരി ഉയരം എന്നത് 1.6 മീറ്ററും 1.8 മീറ്ററുമാണ്.

നീട്ടിയെടുക്കാവുന്ന പരമാവധി നീളം 40 മീറ്ററാണ്. കോമ്പാക്റ്റ് അളവുകളില്‍ ലഭ്യമാകുന്ന ഇവയുടെ പ്രവര്‍ത്തനം പൂര്‍ണമായും ശബ്ദരഹിതമാണ്. വൈദ്യുതിയുടെ അഭാവത്തില്‍ ഇവ കൈ കൊണ്ടു പ്രവര്‍ത്തിപ്പിക്കാനാവും.

റിമോട്ട് കണ്‍ട്രോള്‍ ഗെയിറ്റ്

വൈദ്യുതി ആവശ്യമില്ലാതെ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റിമോട്ട് കണ്‍ട്രോള്‍ ഗെയിറ്റുകള്‍ വിപണിയിലുണ്ട്. വാഹനത്തിന് പുറത്തിറങ്ങി ഗെയിറ്റ് തുറക്കുകയോ അടക്കുകയോ ആവശ്യമില്ല.

വീടിനുള്ളില്‍ വച്ചുതന്നെ റിമോട്ട് സിസ്റ്റം ഉപയോഗിച്ച് ഗെയിറ്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനാവുമെന്നതാണ് പ്രത്യേകത. ചെറിയ റീചാര്‍ജബിള്‍ ബാറ്ററികള്‍ ഉപയോഗിച്ചു കൊണ്ടാണ് ഇത്തരം ഗേറ്റിന്‍റെ പ്രവര്‍ത്തനം നടത്തുന്നത്.

ഇലക്ട്രിക് ഫെന്‍സ്

വീടിന്‍റെ സുരക്ഷയ്ക്ക് ഉപയോഗിക്കാവുന്ന നൂതന സുരക്ഷാരീതിയാണ് ഇലക്ട്രിക് ഫെന്‍സ് അഥവാ വൈദ്യുതി വേലി. വീടിന്‍റെ ചുറ്റുമതിലില്‍ ഒരു മീറ്റര്‍ അകലത്തില്‍ വെര്‍ട്ടിക്കലായി സ്റ്റെയിന്‍ലസ് സ്റ്റീല്‍ വയര്‍ ഘടിപ്പിച്ച് അതിലൂടെ ഡി സി വൈദ്യുതി കടത്തിവിടുന്ന രീതിയാണ് ഇത്.

ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം

ഇത്തരം ഇലക്ട്രിക് ഫെന്‍സ് സ്ഥാപിക്കുക വഴി മോഷ്ടാക്കള്‍ മതില്‍ ചാടിക്കടന്നാല്‍ ഡി സി വൈദ്യുതി പ്രവഹിക്കുന്നതുമൂലം ഷോക്ക് ഏല്‍ക്കുന്നു.

ഡി സി വൈദ്യുതി ആകയാല്‍ ജീവഹാനിയോ മറ്റ് അത്യാഹിതങ്ങളോ സംഭവിക്കുകയില്ല. ചെറിയ റീചാര്‍ജബിള്‍ ബാറ്ററികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവയുടെ പ്രവര്‍ത്തനം എപ്പോഴും സാധ്യമാകും.

പാനിക് സ്വിച്ച്

കെട്ടിടങ്ങള്‍ വലിപ്പമേറിയവയും കൂടുതല്‍ സുതാര്യവും, ഗ്രില്ലുകള്‍ പോലുള്ള സുരക്ഷാ കവചങ്ങള്‍ ഇല്ലാത്തതും ആയപ്പോള്‍ വിവിധതരം സെക്യൂരിറ്റി സംവിധാനങ്ങളും വിപണിയിലെത്തിയിട്ടുണ്ട്.

വീടുകള്‍, കമ്പനികള്‍, ബാങ്കുകള്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന നിരവധി ഉല്പന്നങ്ങള്‍ ഈ കൂട്ടത്തിലുണ്ട്. വീടിനു പുറത്തു പോവുമ്പോള്‍, സുരക്ഷയ്ക്കായി ഉപയോഗിക്കുന്നവയും വീടിനുള്ളിലായിരിക്കുമ്പോള്‍ ഉപയോഗിക്കുന്നവയുമുണ്ട്.

ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി

കള്ളന്മാര്‍ വന്നാലോ, വാതിലുകളും ജനലുകളും തുറന്നു കിടന്നാലോ ഒക്കെ അറിയിപ്പു തരുന്ന പലതരം സംവിധാനങ്ങളിലൊന്നാണ് പാനിക് സ്വിച്ച്.

എന്തെങ്കിലും എമര്‍ജന്‍സി വരുന്ന സമയം ഈ സ്വിച്ച് അമര്‍ത്തിയാല്‍ ഇതില്‍ ചെയ്തിരിക്കുന്ന സംവിധാനമെന്താണോ അതനുസരിച്ച് പ്രവര്‍ത്തിക്കും.

ലൈറ്റുകള്‍ ഓണാക്കാം, അലാറം മുഴക്കാം. എമര്‍ജന്‍സി ഘട്ടത്തില്‍ നമുക്ക് എന്ത് അറിയിപ്പാണോ നല്‍കേണ്ടത് അത് ഈ ഉപകരണത്തില്‍ സെറ്റു ചെയ്യാവുന്നതാണ്. ഇവയുടെ പ്രത്യേകത ഇവ ഓണ്‍ ചെയ്താല്‍ വീട്ടുടമയ്ക്കു മാത്രമേ അത് ഓഫാക്കാനാവൂ.

കാരണം ഇത് പാസ്വേഡ് വച്ച് ലോക്ക് ചെയ്യാവുന്നവയാണ്. 24 മണിക്കൂര്‍ വേണമെങ്കിലും പാനിക് സ്വിച്ച് ആക്റ്റീവ് ആക്കി വയ്ക്കാം. അല്ലെങ്കില്‍ രാത്രി മാത്രം മതിയെങ്കില്‍ അങ്ങനെയും.

സെക്യൂരിറ്റി സിസ്റ്റത്തില്‍ എന്തൊക്കെ സംവിധാനങ്ങള്‍ ഉണ്ടോ അവയെല്ലാം ഇതിലും കൊടുക്കുവാനാകും. മാസ്റ്റര്‍ ബെഡ്റൂമിലും പ്രായമായ മാതാപിതാക്കളുടെ മുറിയിലുമെല്ലാം ഇവ ഇന്ന് പലരും ഉപയോഗിക്കുന്നുണ്ട്.

കള്ളന്മാര്‍ കയറിയെന്നു സംശയം തോന്നിയാല്‍ മുറിക്കു പുറത്തിറങ്ങാതെ ചുറ്റുപാടും അറിയിപ്പു കൊടുക്കുവാന്‍ സാധിക്കുമെന്നതാണ് ഇവയുടെ പ്രചുരപ്രചാരത്തിനു പിന്നില്‍.

ഇന്‍ ബില്‍റ്റ് അലാം സേഫ്

അനധികൃതമായി തുറക്കാന്‍ ശ്രമിച്ചാല്‍ അപായശബ്ദം മുഴക്കുകയും തല്‍സമയംതന്നെ എസ്.എം.എസ്. അലര്‍ട്ടുകളും റെക്കോര്‍ഡ് ചെയ്ത വോയ്സ് മെസേജുകളും അയയ്ക്കുകയും ചെയ്യുന്ന സംവിധാനത്തോടെ സേഫ് വിപണിയിലെത്തിയിരിക്കുന്നു.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറുകളിലേക്കായിരിക്കും അലര്‍ട്ടുകളും റെക്കോര്‍ഡ് ചെയ്ത വോയ്സ് മെസേജുകളും അയയ്ക്കുക. ഇതോടൊപ്പം വൈബ്രേറ്റിങ് സെന്‍സറും പ്രവര്‍ത്തിക്കും.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്‍റണ്‍ ടെക്നോളജീസ്, ഫോക്സ്ടെക് എഞ്ചിനീയറിംങ് സെക്യൂരിറ്റി, ഗാടെക് ഡൈനാമിക്സ് & ഓട്ടോമേഷന്‍സ്, ഒപ്റ്റണ്‍ ഓട്ടോമേഷന്‍സ്

Be the first to comment

Leave a Reply

Your email address will not be published.


*