സുഭാഷ് വിന്‍സെന്റിന്റെ ഉടമസ്ഥതയില്‍ എറണാകുളം കലൂര്‍ കെന്റ് ഹെയില്‍ ഗാര്‍ഡന്‍സിലുള്ള ഫാളാറ്റാണിത്.
ഫോയര്‍, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചന്, മൂന്ന് ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകള്‍, കോമണ്‍ ബാത്റൂം, രണ്ടു ബാല്‍ക്കണികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അകത്തളത്തിന്റെ വിസ്തീര്‍ണ്ണം 1830 ചതുരശ്രഅടിയാണ്.
സമകാലിക ശൈലിക്കിണങ്ങുന്ന തുറസ്സായ നയത്തിലാണ് പൊതുഇടങ്ങള്‍. ഉപയുക്തതയ്ക്കൊപ്പം സൗന്ദര്യത്തിനും പ്രാമുഖ്യം നല്കുന്ന ഡിസൈന്‍ നയമാണ് ആര്‍ക്കിടെക്റ്റ് പ്രേംദാസ് കൃഷ്ണ (മൊണായി ആര്‍ക്കിടെക്റ്റ്സ് & ഇന്റീരിയേഴ്സ്, പാലക്കാട്) കൈക്കൊണ്ടത്.
ഒന്നും അമിതമാകാതെ
ഇളംനിറങ്ങള്‍ ചാരുത പകരുന്ന അകത്തളത്തിലെ ഫര്‍ണിച്ചറിന് വാള്‍നട്ട്, തേക്ക് നിറങ്ങളാണ് നല്‍കിയത്. പ്ലൈവുഡില്‍ തീര്‍ത്ത് ലാമിനേറ്റ് ഫിനിഷ് നല്കിയ കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറാണ് പൊതുഇടങ്ങളിലുള്ളത്. വിട്രിഫൈഡ് ടൈലാണ് നിലമൊരുക്കാന്‍ പ്രധാനമായും ഉപയോഗിച്ചത്.
ഷൂറാക്കിനു പുറമെ കസ്റ്റംമെയ്ഡ് സിറ്റിങ് സ്പേസുമുണ്ട് ഫോയറില്‍. ടെക്സ്ചര്‍ പെയിന്റു ചെയ്താണ് ഇവിടുത്തെ ഭിത്തി ഹൈലൈറ്റ് ചെയ്തത്. ഫുള്‍ഹൈറ്റ് ജനാലകളുള്ള ഫോര്‍മല്‍ ലിവിങ്ങിന്റെ ഭിത്തിയില്‍ ആകര്‍ഷകമായ മെറ്റല്‍വര്‍ക്ക് ഇടംപിടിച്ചിട്ടുണ്ട്.
പൊതുഇടങ്ങളില്‍ ബോക്സ് ഡിസൈനിലും കിടപ്പുമുറികളില്‍ ജ്യാമിതീയ മാതൃകകളിലുമുള്ള ജിപ്സം സീലിങ് ചെയ്ത് സ്പോട്ട്ലൈറ്റ് ഇട്ടിട്ടുണ്ട്. ഫാമിലി ലിവിങ്ങിനു പുറമെ മാസ്റ്റര്‍ ബെഡ്റൂം, കിഡ്സ്റൂം എന്നിവിടങ്ങളിലുമുണ്ട് ടി വി യൂണിറ്റുകള്‍.
ഫാമിലി ലിവിങ് കം ഡൈനിങ്ങിന്റെ ഭാഗമാണ് പ്രെയര്‍ ഏരിയ. ഗ്ലാസ് പാര്ട്ടീഷന് നല്‍കിയാണ് ഫാമിലി ലിവിങ് കം ഡൈനിങ്ങിന്റെ പിന്നിലുള്ള വാഷ് ഏരിയയുടെ സ്വകാര്യത ഉറപ്പാക്കിയത്.
നാനോ വൈറ്റ് ടോപ്പും, ഡിജിറ്റല്‍ വാള്‍ടൈല്‍ ബാക്ക് സ്പ്ലാഷുമുള്ള ‘ഡ’ ഷേപ്പ് കിച്ചനാണ് ഇവിടുത്തേത്. വര്‍ക്കേരിയ, കോമണ്ടോയ്ലറ്റ് എന്നിവയും പ്ലൈവുഡ് ക്യാബിനറ്റുകളുള്ള അടുക്കളയ്ക്ക് അനുബന്ധമായുണ്ട്.
ടെക്സ്ചര്‍ പെയിന്റ് ചെയ്താണ് മാസ്റ്റര്‍ ബെഡ്റൂം, കിഡ്സ്റൂം എന്നിവയുടെ തലഭാഗത്തെ ഭിത്തികള്‍ ഹൈലൈറ്റ് ചെയ്തത്. വിശാലമായ ഈ കിടപ്പുമുറികള്ക്കനുബന്ധമായി ബാല്‍ക്കണികളുമുണ്ട്.
മിതമായ ഒരുക്കങ്ങളേ ഗസ്റ്റ്റൂമിലുള്ളൂ. വുഡന്‍ ഫ്ളോറിങ്ങാണ് മാസ്റ്റര്‍ ബെഡ്റൂമില്‍ ചെയ്തത്. പ്രത്യേക ഡ്രസ്സിങ് ഏരിയകളും പ്ലൈവുഡില്‍ തീര്‍ത്ത് ഗ്ലോസി ലാമിനേറ്റ് ഫിനിഷ് നല്കിയ ഫുള്‍ഹൈറ്റ് വാഡ്രോബുകളും കിടപ്പുമുറികളിലെല്ലാമുണ്ട്.
ഇളംനിറങ്ങളുടെ സാന്നിധ്യം തുറസ്സായ നയം പിന്തുടരുന്ന അകത്തളത്തെ കൂടുതല്‍ ഊഷ്മളമാക്കിയിട്ടുണ്ട്.
Be the first to comment