ഇതാണ് എൻ്റെ ആദ്യത്തെ ചോറ്റുപാത്രം; സ്കൂൾ ഓർമകൾ പങ്കുവെച്ച് രമേഷ് പിഷാരടി

ഇതാണ് എൻ്റെ ആദ്യത്തെ ചോറ്റുപാത്രം; സ്കൂൾ ഓർമകൾ പങ്കുവെച്ച് രമേഷ് പിഷാരടി

കോവിഡിനിടയിലും മറ്റൊരു അധ്യയനവർഷത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ഡിജിറ്റലാണ് ക്ലാസുകൾ.സോഷ്യൽ മീഡിയയിലും സ്കൂൾ ഓർമകൾ പങ്കിടുകയാണ് താരങ്ങൾ. നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

“എൻ്റെ ആദ്യത്തെ ചോറ് പാത്രം (എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്). കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ… ഇന്ന് ഒരു പാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു,” എന്നാണ് രമേഷ് പിഷാരടി കുറിക്കുന്നത്.പതിവുപോലെ, പിഷാരടിയുടെ പോസ്റ്റിനു താഴെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്. ഉർവശിയെ ഓർമ വന്നതു എനിക്ക് മാത്രമാണോ ?  എന്നാണ് സംവിധായകൻ ജൂഡിന്റെ കമന്റ്. ഈ ചോറും പാത്രം തപ്പിയെടുക്കാൻ എത്ര ദിവസം എടുത്തു, ഇത് കാണുമ്പോൾ ‘കടിഞ്ഞൂൽ കല്യാണ’ത്തിലെ ഉർവ്വശി ചേച്ചിയെ ഓർമ വരുന്നു, ആദ്യം മാവിനെറിഞ്ഞ കല്ല് എവിടെ? എന്നിങ്ങനെ പോവുന്നു കമന്റുകൾ.

കുമാറിൻറെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Be the first to comment

Leave a Reply

Your email address will not be published.


*