സ്ത്രീകൾക്ക് ഇനി ആശങ്ക വേണ്ട : സ്വയം പ്രതിരോധം: വിവിധ മാർഗ്ഗങ്ങൾ

സ്ത്രീകൾക്ക് ഇനി ആശങ്ക വേണ്ട : സ്വയം പ്രതിരോധം: വിവിധ മാർഗ്ഗങ്ങൾ

സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ ഒരു വാര്‍ത്തയെങ്കിലുമില്ലാതെ ഒരു ദിവസവും കടന്നുപോകുന്നില്ല, ഓരോ ദിവസവും എത്രയെത്ര ചോദ്യങ്ങളാണ് ഓരോ സ്ത്രീയിലൂടേയും കടന്നുപോകുന്നത്. എത്ര മുഖങ്ങളും കൈകളുമാണ് അവരെ ഭയപ്പെടുത്തുന്നത്. പകലോ രാത്രിയോ എന്നില്ലാതെ ആരൊക്കെയാണ് അവരെ യാത്രകളില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്നത്. സ്ത്രീ സ്വാതന്ത്യം ഔദാര്യമല്ല, അത് അവരുടെ അവകാശമാണ് .സ്വയംരക്ഷാ മാര്‍ഗങ്ങള്‍ക്കായി കരാട്ടെയും കളരിയും പെണ്‍കുട്ടികള്‍ ചെറുപ്രായത്തിൽത്തന്നെ വശത്താക്കണം.സ്വയം രക്ഷക്കുള്ള ഉപകരണങ്ങള്‍ കൈയ്യില്‍ കരുതണം. ഇന്ന് മാര്‍ക്കറ്റില്‍ ഇത്തരം അനേകം ഉപകരണങ്ങള്‍ ലഭ്യമാണ്. എന്നാല്‍ മലയാളികള്‍ക്ക് അതിനെക്കുറിച്ച് വലിയ ധാരണകള്‍ ഇല്ല എന്നതാണ് കാര്യം. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഇത്തരം ചില ഉപകരണങ്ങള്‍ നോക്കാം

കുരുമുളക് സ്‌പ്രേ

എതിരാളിയെ നേരിടാന്‍ മുളകു പൊടി കൈയ്യില്‍ കരുതുന്ന പഴയ ശീലം പുതിയ രൂപത്തില്‍ ചില കമ്പനികള്‍ വിപണിയിലിറക്കുന്നുണ്ട്. ചെറിയ കുപ്പിയില്‍ ലഭ്യമാകുന്ന കുരുമുളക് സ്‌പ്രേ ഒന്നാന്തരം പ്രതിരോധ മാര്‍ഗ്ഗമാണ്. പെട്ടന്നുണ്ടാകുന്ന അക്രമണങ്ങള്‍ക്കെതിരേ കുരുമുളക് സ്‌പ്രേ അടിച്ച് രക്ഷ നേടാം. യാത്രകളില്‍ എളുപ്പം കൊണ്ടുനടക്കാവുന്നതുമാണ് ഇവ. പല ബ്രാന്‍ഡിലായി ഈ ഉല്‍പ്പന്നം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. കുപ്പിയില്‍ അല്ലാതെ തോക്ക്, ലിപ്സ്റ്റിക് പോലുള്ള മറ്റു പല രൂപങ്ങളിലായും സ്‌പ്രേ ലഭ്യമാണ്. 150 രുപ മുതല്‍ ഇതിന് വില ആരംഭിക്കുന്നു.

സന്ദേശമയക്കാവുന്ന വാച്ചുകള്‍

പെട്ടെന്നുണ്ടാകുന്ന അക്രമണങ്ങളില്‍, അപകട നിമിഷങ്ങളില്‍ സഹായത്തിനായി അത്യാവശ്യമായി നേരത്തെ സേവ് ചെയ്ത് വച്ച നമ്പറിലേക്ക് ഒരു സ്വിച്ചിലുടെ വിളിയോ മെസേജോ ചെയ്യാവുന്ന നല്ലൊരു സഹായിയാണ് ഇത്തരം വാച്ചുകള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്ന്്. ബ്ലൂടൂത്ത് പോലുള്ള സജ്ജീകരണങ്ങളിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം. ഒറ്റയ്ക്കായിപ്പോവുന്ന യാത്രകളില്‍ നല്ലൊരു കൂട്ടാളി കൂടിയാണ് ഇത്. രക്ഷകര്‍ക്ക് ആ സന്ദേശത്തിലുടെ ആപത്തില്‍ പെട്ടവരുടെ അടുത്തേക്ക് എത്താന്‍ സാധിക്കുന്നു. 700 രൂപ മുതല്‍ മുകളിലേക്കാണ് ഇതിന്റെ വിപണി വില.

ലിപ്സ്റ്റിക് മാതൃകയിലുള്ള ഷോക്ക് ലൈറ്റ്

കണ്ടാല്‍ ലിപ്സ്റ്റിക് ആണെന്ന് തോന്നുന്ന ഇത്തരം ലൈറ്റുകള്‍ വളരെ എളുപ്പം ബാഗുകളില്‍ കൊണ്ടു നടക്കാന്‍ പറ്റുന്നതാണ്. ഇത് സ്വയം രക്ഷക്കുള്ള മികച്ച മാര്‍ഗ്ഗവുമാണ്. ഒരു നിശ്ചിത ദൂരത്തേക്ക് അടുക്കുന്ന അക്രമിയുടെ മേല്‍ ഇതിലെ ഷോക് ലൈറ്റ് അടിച്ചാല്‍ അക്രമി കുറച്ചു നേരം അനങ്ങാതെ നില്‍ക്കും. ഇതിനിടയില്‍ അക്രമിയില്‍ നിന്നും രക്ഷനേടുകയും ചെയ്യാം. 400 രൂപ മുതലുള്ള നിരക്കില്‍ ഇത്തരം ലിപ്സ്റ്റിക് മാതൃകയിലുള്ള ഷോക്ക് ലൈറ്റുകള്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാണ്. റീച്ചാര്‍ജ് ചെയ്യുന്നതും ബാറ്ററിയില്‍ ഉപയോഗിക്കാവുന്നതുമാണ് ഇവ. ഇന്ത്യയില്‍ ചില ഇടങ്ങളില്‍ ഇതിന്റെ ഉപയോഗം നിയമപരമായി അനുവദിനീയമല്ല. ലിപ്സ്റ്റിക് അല്ലാതെ ടോര്‍ച്ചായും വാഹനത്തിന്റെ ചാവി മാതൃകയിലുമായി ഇത്തരം ഷോക്ക് ലൈറ്റുകള്‍ ലഭ്യമാണ്.

അലാം ആയി ഉപയോഗിക്കാവുന്ന ലോക്കറ്റും കീചെയ്‌നും

കൈയേറ്റങ്ങള്‍ നടക്കുമ്പോള്‍ ഉറക്കെ അലാം ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളാണ് ഇവ.ഒരു സ്വിച്ചിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം. അപകടത്തിന് മുന്നിലാണെന്ന് ഉറപ്പായാല്‍ ഇതിലെ സ്വിച്ചമര്‍ത്തുകയും നൂറു മീറ്ററിനുള്ളിലുള്ളവരെ അപകട വിവരം അറിയിക്കുകയും ചെയ്യാം. കീചെയ്‌നുകളും മറ്റുമായി വരുന്ന ഇത്തരം അലാം ബാഗില്‍ പുറത്തു തന്നെ തൂക്കിയിടാവുന്നതുമാണ്. അതു കൊണ്ട് തന്നെ എളുപ്പം ഉപയോഗിക്കാനുമാവുന്നു ചെറുകത്തികള്‍ , ജിപിഎസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക്കറ്റ് സേഫര്‍ തുടങ്ങി അനേകം ഉപകരണങ്ങള്‍ ഇനിയുമുണ്ട്. എങ്കിലും എല്ലാ ഉപകരണങ്ങളെക്കാളും ഏറ്റവും മികച്ചത് പ്രതികലാവസ്ഥകളെ മനസ്സ് കൊണ്ട് സമയോചിതമായി നേരിടാന്‍ പ്രാപ്തരാകുക എന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*