ചിക്കന്‍പോക്‌സ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചിക്കൻപോക്സ് പലപ്പോഴും നമ്മുടെയൊക്കെ ജീവിതത്തിൽ വില്ലനായി എത്തിയേക്കാവുന്ന രോഗമാണ്, കൃത്യമായ ചികിത്സയുണ്ടെങ്കിലും ചികിത്സാ രീതികൾ സംബന്ധിച്ച് അറിവില്ലായ്മ രോഗാവസ്ഥയെ പലപ്പോഴും വഷളാക്കുന്നു. അതേസമയം ചികിത്സാ സമയത്തെ ഭക്ഷണം, വിശ്രമം, പ്രതിരോധ മാർഗങ്ങൾ തുടങ്ങിവ കൃത്യമായി പാലിക്കുന്നിടത്താണ് ചിക്കൻപോക്സിനുള്ള ചികിത്സ ഫലപ്രദമാവുന്നത്.വേരിസെല്ല സോസ്റ്റർ വൈറസ് ആണ് ചിക്കൻപോക്സിനു കാരണമാവുന്ന വൈറസ്. വായുവിലൂടെയാണ് വൈറസ് പടരുന്നത്. രോഗത്തിന്റെ ഇൻക്യുബെഷൻ കാലാവധി 10-21 ദിവസം വരെയാണ്, അതായതു ഒരാളുടെ ശരീരത്തിൽ രോഗാണു കയറിക്കഴിഞ്ഞു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ ഇത്രയും ദിവസങ്ങൾ എടുക്കാം.ത്വക്കിൽ കുരുക്കൾ ഉണ്ടാവുന്നതിനു ഒന്നോ രണ്ടോ ദിവസം മുൻപേ തന്നെ രോഗം പകർത്തുന്നത് തുടങ്ങും. ഇത് കൂടാതെ ശരീരത്തിലുണ്ടാകുന്ന കുമിളകളിലെ വെള്ളം തട്ടുന്നത് വഴിയും അസുഖം പകരാം. കുരുക്കൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയശേഷം ഒരു 10 ദിവസത്തേക്ക് ഈ രോഗപ്പകർച്ചാ സാധ്യത തുടരും.

ന്യൂമോണിയ, തലച്ചോറിലെ അണുബാധ, തൊലിപ്പുറത്തെ അണുബാധ,ഞരമ്പ് പൊട്ടി അഥവാ അരച്ചൊറി (herpes zoster/shingles) എന്നിവയാണ് ചിക്കൻപോക്സ് സങ്കീർണമായാൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ.
മുതിർന്നവരെ അപേക്ഷിച്ചു കുട്ടികളിൽ ചിക്കൻപോക്സ് വഴിയുള്ള അപകട സാധ്യത കുറവാണ്. സാധാരണയായി ഒരു തവണ ചിക്കൻപോക്സ് വന്നാൽ വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ്. വൈറസ് വഴി വീണ്ടും അക്രമിക്കപ്പെട്ടാലും, ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ശ്രദ്ധിക്കപ്പെടാതെ പോകാറാണ് പതിവ്.ലക്ഷണങ്ങൾ കണ്ടുറപ്പിച്ചതിനു ശേഷമാണ് ചികിത്സ ആരംഭിക്കുന്നത്. ചില അവസരങ്ങളിൽ സ്ഥിരീകരണ പരിശോധനകളും നടത്താറുണ്ട്. പോളിമറൈസ് ചെയിൻ റിയാക്ഷൻ, ആന്റിബോഡി ടെസ്റ്റ്, കുരുക്കളിലെ ദ്രാവകമെടുത്തുള്ള സാൻക്സ്മിയർ ടെസ്റ്റ് തുടങ്ങിയവയാണ് അവ. വൈറസിന്റെ പെറ്റുപെരുകൽ തടയുന്ന മരുന്നുകളായ (അസൈക്ലോവിർ, വാലാസൈക്ക്ലോവീർ) തുടങ്ങിയവ രോഗതീവ്രത കുറയ്ക്കുകയും രോഗസങ്കീർണ്ണതകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.ചിക്കൻപോക്സ് രോഗിയുടെ ലക്ഷണങ്ങൾക്ക് ആശ്വാസമേകാൻ പാരസെറ്റാമോളും, കലാമിൻ ലോഷനുമൊക്കെ നൽകാറുണ്ട്. പാരസെറ്റമോൾ പനിയും ശരീരവേദനയും കുറക്കുന്നു. കാലാമിൻ പുരട്ടുന്നത് തൊലിപ്പുറത്തെ അസ്വസ്ഥതകളും കുറയ്ക്കുന്നു.

പ്രതിരോധ മാർഗ്ഗങ്ങൾ

വാക്സിൻ: രോഗം വരുന്നത് സാധ്യതകൾ തടയാനായി ഉപയോഗിക്കാം. രോഗിയോട് സംസർഗ്ഗം ഉണ്ടായ ഉടനെ ആണെങ്കിൽ മാത്രമേ ഇത് രോഗം തടയാൻ പ്രാപ്തമാവൂ എന്നത് ഓർക്കണം. ആദ്യ 35 ദിവസങ്ങളിൽ എടുത്താൽ രോഗം വരാനുള്ള സാധ്യത നല്ലതുപോലെ കുറയും. രോഗം വന്നാലും അതുമൂലം തലച്ചോറിലും ശ്വാസകോശത്തിലും അണുബാധ പോലെയുള്ള ഗുരുതരാവസ്ഥ തടയാൻ വാക്സിൻ പ്രയോജനം ചെയ്യും എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. വളരെ വേഗത്തിൽ ദിവസങ്ങൾക്കുള്ളിൽ പ്രതിരോധം പടുത്തുയർത്താനുള്ള വാക്സിന്റെ കഴിവുമൂലമാണ് ഇത് സാധ്യമാകുന്നത്.

ചിക്കൻപോക്സ് ഇമ്മ്യുണോഗ്ലോബുലിൻ: വൈറസിനെ നശിപ്പിക്കുന്ന ആന്റിബോഡി കൃത്രിമമായി ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് ഈ രീതി. വാക്സിൻ എടുക്കാൻ സാധിക്കാത്ത ആരോഗ്യസ്ഥിതി ഉള്ളവർക്കും, പെട്ടെന്നുള്ള സംരക്ഷണം വേണ്ടവർക്കും ഈ കുത്തിവെപ്പ് എടുക്കാം. പക്ഷെ വില കൂടുതലാണ്.

വെരിസെല്ല വാക്സിനാണ് ചിക്കൻ പോക്സിനുള്ള വാക്സിനായി നൽകുന്നത്. കൈയ്യുടെ മേൽഭാഗത്തു തൊലിക്ക് ഉള്ളിലായാണ് കുത്തിവെപ്പ് നൽകുക. കുട്ടികളിൽ 12-16 മാസത്തിനിടയിൽ ആദ്യ കുത്തിവെപ്പും 46 വയസിനിടയിൽ രണ്ടാം കുത്തിവെപ്പും നൽകും. മുതിർന്നവരിൽ രണ്ടു കുത്തിവെപ്പുകൾ ഒരു മാസം ഇടയിട്ടു നൽകാം. രണ്ടു കുത്തിവെപ്പും എടുക്കുന്നവരിൽ അസുഖം വരാനുള്ള സാധ്യത തീരെയില്ല. ചെറിയ ഒരു ശതമാനം പേരിൽ രോഗം വന്നാൽ പോലും അതിൽ ഗുരുതരാവസ്ഥയിലെത്താൻ സാധ്യതയില്ല. ഒറ്റ കുത്തിവെപ്പ് എടുക്കുന്നവരിൽ ഏകദേശം 85-90 ശതമാനം സംരക്ഷണവും, രണ്ടു കുത്തിവെപ്പും എടുത്തവരിൽ 100 ശതമാനത്തിനടുത്ത് സംരക്ഷണവുമുണ്ട്. രോഗം വന്നതിനുശേഷം കുത്തിവെപ്പ് എടുത്തിട്ട് കാര്യമില്ലെന്ന കാര്യം ശ്രദ്ധിക്കണം.

വാക്‌സിന്‍ എടുക്കാന്‍പാടില്ലാത്തത് എപ്പോഴൊക്കെ

മുൻപ് ചിക്കൻപോക്സ് വാക്സിനോട് അല്ലർജി ഉണ്ടായിട്ടുള്ളവർ, എച്ച്ഐവി അണുബാധ ഉള്ളവർരോഗപ്രതിരോധം കുറക്കുന്ന അസുഖങ്ങൾ ഉള്ളവർരോഗപ്രതിരോധം കുറക്കുന്ന മരുന്നുകൾ കഴിക്കുന്നവർ, ഗർഭിണികൾ /മൂന്നു മാസത്തിനുള്ളിൽ ഗർഭം ധരിക്കാൻ പ്ലാൻ ചെയ്യുന്നവർ, കാൻസർ രോഗത്തിന് റേഡിയേഷൻ/കീമോ ചികിത്സ എടുക്കുന്നവർ,

പാര്‍ശ്വഫലങ്ങള്‍

കുത്തിവെപ്പ് എടുത്ത ഭാഗത്ത് തടിപ്പും വേദനയും ചിലരിൽ ഉണ്ടാകാറുണ്ട്. ചിലരിൽ രണ്ടാമത്തെ ആഴ്ചയിൽ ചെറിയ പനിയും ശരീരത്തിൽ അവിടിവിടെയായി 10ൽ താഴെ കുമിളകളും വരാം.അത് തനിയെ അപ്രത്യക്ഷമാകും. കുത്തിവെപ്പ് ശരീരത്തിൽ പ്രവർത്തിക്കുന്നതിന്റെ ലക്ഷണമാണ് അത്.ഏതു മരുന്നിനും ഉള്ളതുപോലെ അല്ലർജി സാധ്യതയാണ് മറ്റൊന്ന് (സാധ്യത വിരളമാണ്). കടുത്ത പനിയും അതുമൂലം ജന്നിവരാനുള്ള സാധ്യതയും വളരെ വിരളമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*