വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുതായി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഇപ്പോഴും ഡി.സി.സി.കള്‍ ലഭ്യമാണ്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

കോവിഡ് പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

ശരിയായി മാസ്‌ക് ധരിക്കുക

രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക

സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈ വൃത്തിയാക്കുക

കോവിഡ് കാലത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കുക. ഫോണില്‍ വിളിച്ച് ആശംസ അറിയിക്കുന്നതാണ് നല്ലത്. കോവിഡ് കാലം കഴിഞ്ഞിട്ട് നേരിട്ട് പോകാം.

പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തുക.

രോഗിയുമായി നേരിട്ട് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി ക്വാറന്റൈനിലിരിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക. അവരുടെ സഹായം സ്വീകരിക്കുക.

കടകളില്‍ തിരക്ക് കൂട്ടാതെ ഹോം ഡെലിവറി സിസ്റ്റം ഉപയോഗിക്കുക.

മുതിര്‍ന്ന പൗരന്മാര്‍ റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കണം.

ജീവിതശൈലീ രോഗത്തിനുള്ള മരുന്നുകള്‍ ആശാ വര്‍ക്കര്‍മാര്‍ വഴി വീടുകളിലെത്തിക്കുന്നു.

ഈ ദിവസങ്ങളില്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളില്‍ പോകുന്നത് ഒഴിവാക്കുക. ആരില്‍ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്.

വീടുകളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ഷോപ്പിംഗിനും ഗൃഹസന്ദര്‍ശനത്തിനും അവരെ കൊണ്ടുപോകുന്നത് ഒഴിവാക്കുക.

ഓഫീസുകളിലും പൊതുയിടങ്ങളിലും മറ്റും പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പ് കുളിക്കുക.

പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചാല്‍ ഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനില്‍ കഴിയുക.

പരിശോധനയ്ക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കടകളോ, സ്ഥലങ്ങളോ സന്ദര്‍ശിക്കരുത്.

അനുബന്ധ രോഗമുള്ളവര്‍ സ്വയം സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാല്‍ തന്നെ സ്ഥാപനങ്ങളും ഓഫീസുകളും ജാഗ്രത പാലിക്കണം.

ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യതയുണ്ട്

Be the first to comment

Leave a Reply

Your email address will not be published.


*