കുട്ടികൾ കമ്പ്യൂട്ടർ അമിതമായി ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ നിയന്ത്രിക്കാൻ ഈ വഴികൾ സ്വീകരിക്കൂ

ലോക്ഡൗൺ വന്നതോടെ കുട്ടികൾ ടി.വിക്കും കംപ്യൂട്ടറിനും മൊബൈൽ ഫോണിനും മുമ്പിലായി. ലോക്ഡൗൺ നീളാൻ തുടങ്ങിയതോടെ സ്കൂൾ ക്ലാസുകളെല്ലാം ഓൺലൈനിലേക്കെത്തി. ഇതോടെ പഠനത്തിനും വിനോദത്തിനും ഡിജിറ്റൽ സ്ക്രീനുകളായി ആശ്രയം. ഇത്തരത്തിൽ ഡിജിറ്റൽ സ്ക്രീനുകളുടെ അമിത ഉപയോഗം അലസ സ്വഭാവമുണ്ടാക്കുക മാത്രമല്ല കണ്ണിന് പ്രശ്നങ്ങളുണ്ടാക്കുക കൂടിയാണ് ഉണ്ടായത്.

കുട്ടികളുടെ സ്ക്രീൻ സമയം നിയന്ത്രിക്കണം. ഇതിനായി കുട്ടികൾക്ക് ഒരു സമയക്രമം തയ്യാറാക്കി നൽകാം.ഇത്രസമയം മാത്രമേ കുട്ടി ഡിജിറ്റൽ സ്ക്രീനിന് മുൻപിൽ ചെലവഴിക്കാൻ പാടുള്ളൂ എന്ന നിയന്ത്രണം കൊണ്ടുവരാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.ഈ സമയക്രമത്തിൽ ഓൺലൈൻ ക്ലാസിനുള്ള സമയവും കാർട്ടൂൺ, സിനിമകൾ കാണാനുള്ള സമയവും പ്രത്യേകം തരംതിരിച്ചിരിക്കണം.കുട്ടിയുടെ പ്രായത്തിൽ കാണേണ്ട ടി.വി. ഷോകൾ മാത്രം കാണാൻ അനുവദിച്ചാൽ മതി. അല്ലാത്ത ചാനലുകൾക്ക് ലോക്ക് ഇടാം.അതിക്രമങ്ങളും ഗ്രാഫിക് കണ്ടെന്റുകളും കുട്ടിയുടെ കാഴ്ചയിലേക്കെത്താതെ തടയണം.കാർട്ടൂണുകൾ, നല്ല സിനിമകൾ, ഫാമിലി ഷോകൾ, സംഗീത പരിപാടികൾ തുടങ്ങി കുട്ടികൾക്ക് ആവശ്യമായ കണ്ടെന്റ് മാത്രം കുട്ടിക്ക് നൽകിയാൽ മതി.ടി.വിയും കംപ്യൂട്ടറും ഉപയോഗിക്കുമ്പോൾ നിശ്ചിത ഇടവേളകൾ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.തുടർച്ചയായി ദീർഘനേരം കണ്ണിന് അടുത്ത് വെച്ച് ഡിജിറ്റൽ സ്ക്രീനുകൾ ഉപയോഗിക്കരുത്.മുഴുവൻ സമയവും ടി.വിക്കും മൊബൈൽ ഫോണിനും കംപ്യൂട്ടറിനും മുൻപിൽ ചെലവഴിക്കാതെ മറ്റ് ഹോബികളിലും ഏർപ്പെടാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കണം.പുസ്തകം വായിപ്പിക്കുക, ചെടികൾ നട്ടുവളർത്തി പരിപാലിക്കുക, ചിത്രം വരക്കൽ, നൃത്തം, സംഗീതം തുടങ്ങി കുട്ടിയുടെ ഇഷ്ടമേഖലകളിലേക്ക് അവരുടെ സമയത്തെ തിരിച്ചുവിടുക.കുട്ടികളുടെ ഊർജസ്വലത ചോർന്നുപോകാതെ അവ ഫലപ്രദമായി വിനിയോഗിക്കാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*