- തടിയുടെ പ്രൗഢിയും വാള്‍ ട്രീറ്റ്മെന്‍റിന്‍റെ പ്രത്യേകതകളും പ്രകടമാക്കുന്നതാണ് ഓപ്പണ്‍ ഇന്‍റീരിയര്‍
അകത്തും പുറത്തും തുറസ്സായ നയത്തിനാണ് പ്രാമുഖ്യം. - മികച്ച വായു സഞ്ചാരം ഉറപ്പാക്കാനാണ് നെടുനീളത്തില്‍ വീടൊരുക്കിയത്.
അകത്തും പുറത്തും തുറസ്സായ നയത്തിനു പ്രാമുഖ്യം നല്‍കി കൊളോണിയല്‍ ശൈലിയില്‍ ഒരുക്കിയ വീടാണിത്.
റോഡ് ലെവലില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന, ലെവല്‍ വ്യതിയാനമുള്ള പ്ലോട്ടിലെ ഹരിതാഭയും വീടിന്‍റെ ഭംഗിയും നുകരാന്‍ വഴിപോക്കര്‍ക്കു കൂടി അവസരം നല്‍കികൊണ്ട്, ചുറ്റുമതില്‍ പൂര്‍ണ്ണമായും അടച്ചു കെട്ടുന്നതിനു പകരം മുന്നിലും വലതു വശത്തും ഗ്രില്ലുകള്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമാണ്.
ലെവല്‍ വ്യതിയാനം എടുത്തറിയാതിരിക്കാനാണ് ലാന്‍ഡ്സ്കേപ്പില്‍ ചെരിവുകള്‍ ഉള്‍പ്പെടുത്തിയത്. മുറ്റത്തെ മാവ് നിലനിര്‍ത്തിക്കൊണ്ട് ഡ്രൈവ് വേ ക്രമീകരിച്ചതിനൊപ്പം പുല്‍ത്തകിടിയും ഫലവൃക്ഷതൈകളും കൂടി ലാന്‍ഡ്സ്കേപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീടിന്‍റെ മേല്‍ക്കൂര പൂര്‍ണ്ണമായും ചെരിച്ചു വാര്‍ക്കുന്നതിനു പകരം, പരന്ന മേല്‍ക്കൂരയ്ക്കു താഴെ പല തട്ടുകളായി ട്രസ് വര്‍ക്ക് ചെയ്ത് യൂട്ടിലിറ്റി ഏരിയയായി പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ്.
ഡിസൈനര്‍മാരായ വിനീത് സി ജോയ്, സിനി വിനീത് (ഡിസൈന്‍ ഗ്രൂവ്, കൊച്ചി) എന്നിവരാണ് തടിയുടെ പ്രൗഢിയും വാള്‍പേപ്പറിന്‍റെ ചാരുതയും നിറഞ്ഞു നില്‍ക്കുന്ന അകത്തളമുള്ള ഈ വീടിന്‍റെ ശില്‍പ്പികള്‍.

മികച്ച വായുസഞ്ചാരം ഉറപ്പാക്കിക്കൊണ്ട് നെടുനീളത്തിലാണ് വീടൊരുക്കിയത്. പൂമുഖത്തു കൂടിയെന്ന പോലെ വീടിന്‍റെ ഒത്ത നടുക്കുള്ള ഫോയറിന്‍റെ മുന്നിലും പിന്നിലുമുള്ള പെര്‍ഫൊറേറ്റഡ് ഷട്ടറുകളും ഓപ്പണബിള്‍ ഗ്ലാസ് ഡോറുകളും ഉള്‍പ്പെടുത്തിയ കവാടങ്ങളിലൂടെയും വീടിനകത്തേക്ക് പ്രവേശിക്കാം.
നീളന്‍ വരാന്തയുള്ള പൂമുഖത്തിന്‍റെ വശത്ത് ഇന്‍റര്‍ലോക്ക് ടൈലുകള്‍ക്കിടയില്‍ പെബിള്‍സിട്ടും പുല്‍ത്തകിടി ഒരുക്കിയും അലങ്കരിച്ചതിനൊപ്പം ചാരുപടി, ഷൂറാക്ക് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫോയറിന്‍റെ ഒത്തനടുക്കുള്ള തടിപ്പാലമാണ് ഫോര്‍മല്‍ ലിവിങ്ങിനെ മറ്റിടങ്ങളുമായി കൂട്ടിയിണക്കുന്നത്. ഫോയറിന്‍റെ ഇരുവശങ്ങളിലായാണ് ഡൈനിങ്, ഫാമിലി ലിവിങ് എന്നിവ ക്രമീകരിച്ചത്.
ഡൈനിങ്ങിലൂടെ മാസ്റ്റര്‍ ബെഡ്റൂമിലേക്കും, ഫാമിലി ലിവിങ്ങിലൂടെ മറ്റ് രണ്ട് കിടപ്പുമുറികളിലേക്കും പ്രവേശിക്കാം. ഡൈനിങ്ങില്‍ നിന്ന് കിച്ചന്‍, മാസ്റ്റര്‍ ബെഡ്റൂം എന്നിവിടങ്ങളിലേക്ക് നയിക്കുന്ന പാസേജിലാണ് വാഷ് ഏരിയയ്ക്കിടം കണ്ടത്.

മൈല്‍ഡ് സ്റ്റീലില്‍ തീര്‍ത്ത ഫാബ്രിക്കേറ്റഡ് ഗോവണി ഫാമിലി ലിവിങ്ങില്‍ നിന്നാണ് ആരംഭിക്കുന്നത്. ഡോര്‍മെര്‍ വിന്‍ഡോയാണ് സ്റ്റെയര്‍ ഏരിയയെ പ്രകാശമാനമാക്കുന്നത്.
കോര്‍ട്ട്യാര്‍ഡിന്‍റെ ഡബിള്‍ഹൈറ്റ് മേല്‍ക്കൂരയില്‍ ടഫന്‍ഡ് ഗ്ലാസിട്ടിരിക്കുകയാണ്. ടിവി യൂണിറ്റ്, പ്രെയര്‍ യൂണിറ്റ് എന്നിവയ്ക്ക് സ്ഥാനം ഫാമിലി ലിവിങ്ങിലാണ്.
താമസക്കാരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പ്രെയര്‍ യൂണിറ്റിന് സമീപം സ്റ്റോറേജ് സൗകര്യത്തോടെയുള്ള ഇരിപ്പിടവും ക്രമീകരിച്ചിട്ടുണ്ട്.

സ്റ്റീല്‍ പ്രൊഫൈലുള്ള വുഡന്‍ ക്യാബിനറ്റുകളാണ് ഇവിടത്തെ ‘L’ ഷേപ്പ് കിച്ചനില്‍ ഉള്ളത്. ഉപയുക്തതയ്ക്ക് പ്രാമുഖ്യമുള്ള വര്‍ക്കേരിയയും അടുക്കളയ്ക്കനുബന്ധമായുണ്ട്.
നനവു തട്ടാനിടയുള്ള പൂമുഖത്തും അടുക്കളയിലും വിട്രിഫൈഡ് ടൈല്‍ ഫ്ളോറിങ്ങാണ്. മറ്റിടങ്ങളിലെല്ലാം വുഡന്‍ ഫ്ളോറിങ്ങാണ് ചെയ്തിരിക്കുന്നത്.
വാള്‍പേപ്പറൊട്ടിച്ചും ഫാബ്രിക് പാനലിങ് ചെയ്തും അലങ്കരിച്ച കിടപ്പുമുറികളിലെല്ലാം വര്‍ക്ക്സ്പേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിടപ്പുമുറികള്‍ക്കനുബന്ധമായുള്ള ഡ്രസിങ് റൂമുകളിലൂടെയാണ് അതാതിടങ്ങളിലെ ശുചിമുറികളിലേക്ക് പ്രവേശനം.
മുന്‍മുറ്റവും പിന്‍മുറ്റവും വീടിനൊത്ത പ്രൗഢിയില്‍ ഒരുക്കിയതിനൊപ്പം പോളികാര്‍ബണേറ്റ് മേല്‍ക്കൂരയും നാച്വറല്‍ സ്റ്റോണില്‍ തീര്‍ത്ത ഫര്‍ണിച്ചറുമുള്ള സിറ്റിങ് സ്പേസും വീടിന്‍റെ പിന്നില്‍ ഒരുക്കിയിട്ടുണ്ട്.

Project Facts
- Designers: Vineeth.C.Joy & Sini Vineeth (Design Groove, Ernakulam )
- Project Type: Residential house
- Owner: Johny Thomas
- Location: Kattappana
- Year Of Completion: 2018
- Area: 3000 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment