
ഇന്നത്തെ വീടുകളുടെ അടുക്കളകൾ പോലും അടിമുടി ഗ്ലാമറസാണ്. വീടിനു പ്ലാൻ വരയ്ക്കുമ്പോൾ അടുക്കളയുടെ സ്ഥാനവും വലിപ്പവും മാത്രമല്ല, കോൺസെപ്റ്റും പ്രധാനമാണ്. അടുക്കളയുടെ ആഢ്യത്തം ചുവരുകൾ കൊണ്ട് മറയ്ക്കാത്ത ഓപ്പൺ കിച്ചൺ വേണോ, സ്വകാര്യത നിലനിർത്തുന്ന ക്ലോസ്ഡ് കിച്ചൺ മതിയോ? ഉചിതമായ തീരുമാനത്തിലെത്താൻ രണ്ട് തരം ഡിസൈനുകളുടെയും ഗുണദോഷങ്ങൾ മനസിലാക്കാം.
ഓപ്പൺ കിച്ചൺ
പുതുമ ഇഷ്ടപ്പെടുന്നവർക്കും തുറസായ ഇടങ്ങളോട് പ്രിയമുള്ളവർക്കും ചുവരുകളില്ലാത്ത ഓപ്പൺ കിച്ചണുകളോട് യെസ് പറയാൻ മടി കാണില്ല.
ഗുണങ്ങൾ
ചുവരുകളില്ലാത്ത ഓപ്പൻ കിച്ചൺ സ്പെയിസിന്റെ തുടർച്ചയെ തടസപ്പെടുത്തുന്നില്ല. അതുകൊണ്ട് വീടുകൾക്ക് കൂടുതൽ വലിപ്പം തോന്നിക്കും.
ഓപ്പൺ കിച്ചണിൽ നിന്ന് ജോലികൾ ചെയ്യുമ്പോൾ കുടുംബാംഗങ്ങളുമായി ഇടപെടാനും സംസാരിക്കാനും എളുപ്പമാണ്. അതിഥികൾ ഉള്ളപ്പോൾ അവരുടെ സാന്നിധ്യം വീടിനു നൽകുന്ന ആഹ്ലാദവും ആരവും ഇവിടേക്കും എത്തും. അതുകൊണ്ടുതന്നെ ഓപ്പൺ കിച്ചണുകൾ വീടിനുള്ളിൽ അനൗപചാരികതയും സൗഹൃദവും തുടിക്കുന്ന അന്തരീക്ഷം നിലനിർത്താൻ സഹായിക്കുന്നു.
കൂടുതൽ പേർക്ക് ഒരേ സമയം സൗകര്യപൂർവം ഓപ്പൺ കിച്ചണിൽ ജോലി ചെയ്യാം.
നടുവിൽ ഐലന്റ് നിർമിക്കുന്നുണ്ടെങ്കിൽ, ഓപ്പൺ കിച്ചണുകളിലാണ് കൂടുതൽ സൗകര്യപ്രദമായിരിക്കുക. കാരണം ചുവരുകൾ ഇല്ലാത്തതിനാൽ നടക്കാനും സാധനങ്ങൾ എടുക്കാനും തടസം ഉണ്ടാകുകയില്ല.
പോരാഴ്മകൾ
ആർക്കും എപ്പോഴും കാണാനാകും എന്നതുകൊണ്ടു തന്നെ ഓപ്പൺ കിച്ചൺ എല്ലാ സമയത്തും ‘ക്ലീൻ & ടൈഡി’ ആയിരിക്കണം. തിരക്ക് കൂടതലുള്ളപ്പോഴും അസുഖമുള്ളപ്പോഴും ഒക്കെ ക്ലീനിംഗ് മറ്റൊരു സമയത്തേക്ക് മാറ്റിവയ്ക്കുക അത്ര പ്രായോഗികമല്ല.
ഒതുക്കാത്ത ടേബിൾ ടോപ്പും പാത്രങ്ങൾ നിറഞ്ഞ സിങ്കും ആരും കാണും.
ഈ അടുക്കളയിലെ തട്ടലും മുട്ടലും, അരയ്ക്കുന്നതിന്റയും പൊടിക്കുന്നതിന്റെയും ശബ്ദവും ഒക്കെ സ്വീകരണമുറിയിലേക്കും എത്തും.
ഓപ്പൺ കിച്ചണിൽ ഒരുപാട് നേരം കുക്ക് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ചൂട് മറ്റ് മുറികളിലും അനുഭവപ്പെടും.
ക്ലോസ്ഡ് കിച്ചൺ
അടുക്കളയെ സ്വന്തം സാമ്രാജ്യമായി കരുന്നവർക്ക്, സ്വകാര്യതയുള്ള ക്ലോസ്ഡ് കിച്ചണുകളോടായിരിക്കും പ്രിയം.
ഗുണങ്ങൾ
അടുക്കളയിൽ പതിവായി പാചകം ചെയ്യുന്നവർക്കും ധാരാളം വിഭവങ്ങൾ ഒരുക്കുന്നവർക്കും ക്ലോസ്ഡ് കിച്ചൺ ആയിരിക്കും യോജിക്കുക. അസൗകര്യങ്ങൾ ഉള്ളപ്പോൾ ക്ലീനിംഗ് കുറച്ചുനേരത്തേക്ക് മാറ്റിവച്ചാലും മറ്റു മുറികളിൽ നിന്ന് അതാരും കാണില്ല.
ക്ലോസ്ഡ് കിച്ചണുകൾക്ക് സ്റ്റോറേജ് സൗകര്യം കൂടുതലുണ്ട്. നാലു ചുവരുകളിലും കബോർഡുകൾ നൽകാം.
പോരാഴ്മകൾ
അടുക്കള വീടിന്റെ മറ്റ് പ്രധാനഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കും എന്നതാണ് ക്ലോസ്ഡ് കിച്ചണുകളുടെ പ്രധാന ന്യൂനത.
ക്ലോസ്ഡ് കിച്ചണിൽ കുടുംബാംഗങ്ങളുമായുള്ള ഇഴയടുപ്പത്തിന് ഇടമില്ല. പാചകം ചെയ്യുന്ന സമയത്ത് ലിവിംഗ് റൂമിലോ ഡൈനിംഗ് റൂമിലോ ഉള്ളവരോട് ആശയവിനിമയം ചെയ്യാനും ഓപ്പൺ കിച്ചണിലേതു പോലെ എളുപ്പമല്ല.
അപ്പാർട്ട്മെന്റുകളുടെയും ചെറിയ വീടുകളുടെയും കാര്യത്തിൽ, ക്ലോസ്ഡ് കിച്ചൺ കാഴ്ചയുടെ ഒഴുക്ക് തടസപ്പെടുത്തുന്നതിനാൽ അവ കുറച്ചു കൂടി ചെറുതായി തോന്നാൻ ഇടയുണ്ട്.
Be the first to comment