
ഫീസ് പണമായി കയ്പറ്റുന്നതിനു വിലക്ക്, അധികമായി ഈടാക്കുന്ന തുക തലവരിപ്പണം, സ്വാശ്രയ മെഡിക്കൽ കോളേജ്കൾക്ക് സുപ്രീംകോടതിയുടെ പൂട്ട്.
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നു ഫീസ് പണമായി കൈപ്പറ്റുന്നത് നിരോധിച്ച് സുപ്രീം കോടതി ഉത്തരവ്.നിരോധനം ഏര്‍പ്പെടുത്തിയിട്ടും പല രീതിയില്‍ തലവരിപ്പണം തുടരുന്ന സാഹചര്യത്തില്‍ ഇതു കര്‍ശനമായി തടയുന്നതിനുള്ള പൊതുനിര്‍ദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചു. കര്‍ണാടകയിലെ സ്വാശ്രയ കോളജുകളില്‍ പഠിച്ച മലയാളികളുടേതടക്കം പല സംസ്ഥാനങ്ങളില്‍ 2004 മുതല്‍ 2007 വരെ പ്രവേശനം നേടിയവരുടെ ഫീസുമായി ബന്ധപ്പെട്ട അപ്പീല്‍ ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ചതിലും അധികം ഈടാക്കുന്ന ഏതു തുകയും തലവരിപ്പണം എന്ന പരിധിയില്‍ വരുമെന്നു പരമോന്നത കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കച്ചവടവത്കരിക്കുന്ന ദുഷ്പ്രവണതകള്‍ക്കു നേരെ കണ്ണടയ്ക്കാന്‍ കഴിയില്ലെന്നു ജഡ്ജിമാരായ എല്‍ നാഗേശ്വര്‍ റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.അമിത ഫീസിനെതിരെ നേരിട്ടു പരാതി നല്കാന് സുപ്രീം കോടതിയുടെ ആഭിമുഖ്യത്തില്‍ പുതിയ വെബ്പോര്‍ട്ടലിനു രൂപം നല്‍കാമെന്ന അമിക്കസ് ക്യൂറിയുടെ നിര്‍ദേശം കോടതി അംഗീകരിച്ചു. അമിത ഫീസ് ഈടാക്കുന്നതു നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടു വന്നിട്ടും ഫലമുണ്ടായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കേസില്‍ കോടതിയെ സഹായിക്കാന്‍ സീനിയര്‍ അഭിഭാഷകന് സല്മാന് ഖുര്‍ഷിദിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു.
ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്നതില്‍ അധികം മാനേജ്മെന്റുകള്‍ ഈടാക്കാതിരിക്കാന്‍ പഴുതടച്ച സമീപനം വേണം. കൂടുതല്‍ തുക ഈടാക്കേണ്ട സാഹചര്യത്തില്‍ ഫീസ് നിര്‍ണയ സമിതിയുടെ അനുമതി ഉറപ്പാക്കണം. കൗണ്‍സലിങ് രണ്ടാഴ്ച മുന്‍പ് തീര്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Be the first to comment