സംസ്ഥാനത്ത്​ പുതിയ ലോക്​ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് സഭയിൽ പ്രഖ്യാപിച്ചു ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സർക്കാരിന് മുന്നിൽ ഉയർന്നുവന്ന നിർദേശം. ജനസംഖ്യയിൽ ആയിരം പേരിൽ എത്രപേർക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.രോഗവ്യാപനം തടയുന്നതിന് ആൾക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ ഉൾപ്പടെ ജനങ്ങൾ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവിൽ തുടരേണ്ടതുണ്ട്. ആരാധനാലയങ്ങളിൽ വിസ്തീർണ്ണം കണക്കാക്കി വേണം ആളുകളെ ഉൾക്കൊള്ളിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങളിൽ പ്രായോ​ഗികമായ സമീപനമാണ് സർക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

നിയന്ത്രണങ്ങൾ ഇങ്ങനെ

ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് പ്രവേശിക്കാം. മരണ – വിവാഹ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം.കടകൾ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ കടകളിൽ പ്രവേശനം.ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കി. അടുത്തയാഴ്ച്ച മുതൽ ഞായറാഴ്ചകളിൽ മാത്രമാകും ലോക്ക്ഡൗൺ ഉണ്ടാവുക. സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗൺ ഒഴിവാക്കി.ഹോട്ടലുകളിൽ തുറസായ സ്ഥലങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നൽകും.

പ്രദേശങ്ങളിൽ ടിപിആർ കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നതിലും മാറ്റം വരുത്തി. ഒരു തദ്ദേശസ്ഥാപനത്തിൽ ആയിരം പേരിൽ പരിശോധന നടത്തുന്നതിൽ പത്ത് പേർ രോ​ഗികളായാൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കും. മറ്റുള്ളിടത്ത് ആഴ്ചയിൽ ആറു ദിവസം വ്യാപാര സ്ഥാപനങ്ങൾ തുറക്കാം.തദ്ദേശ സ്ഥാപനങ്ങളിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രം അടച്ചിടുന്നത് ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ.
രോഗികളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടി നിൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു

Be the first to comment

Leave a Reply

Your email address will not be published.


*