
ലോറൻസ് ലോൺട്രി
ജീവിതഗന്ധിയായ മുഹൂർത്തങ്ങളെ,ഹൃദയ സ്പർശിയായ പശ്ചാത്തലത്തിലവതരിപ്പിച്ച് ശ്രദ്ധേയമാവുകയാണ്, അഭിജിത് ഹരി സംവിധാനം ചെയ്ത “മഴയാത്ര”എന്ന ഹ്രസ്വചിത്രം. തെളിമയുള്ള നാട്ടിൻപുറ ദൃശ്യങ്ങളും, കുടുംബ ബന്ധങ്ങളുടെ ആവിഷ്കരണവും പ്രേക്ഷകരെ, നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ ഓർമകളിലേക്ക് നയിക്കുന്നു.മഴയാത്രയിൽ അഭിനയിച്ച താരങ്ങളിൽ കൂടുതൽ പേരും പുതുമുഖങ്ങളാണ് . മുത്തശ്ശിയുടെ വാത്സല്യത്തിന്റെ,ആഹ്ലാദകരമായ തണലിൽ കഴിയുന്ന കുട്ടിയുടെ ബാല്യ, കൗമാര, യൗവ്വനങ്ങളിലൂടെയാണ് മഴയാത്ര സഞ്ചരിക്കുന്നത്. സങ്കീർണമായ നിമിഷങ്ങളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചതിൽ “മഴയാത്ര”അഭിനന്ദനം അർഹിക്കുന്നു.
അഭിനേതാവിനെ തന്റെ, ഉപകരണമാക്കി മാറ്റുന്നതിൽ സംവിധായകന്റെ കയ്യൊപ്പുകാണാം. ക്യാമറക്കുമുൻപിലെത്തിയ അഭിനേതാക്കളിൽ കൂടുതൽ പേരും പുതുമുഖങ്ങളെങ്കിലും, സമൃദ്ധമായ പാകപ്പെടുത്തൽ, ആ തോന്നൽ ഉളവാക്കുകയില്ല.ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്ന ചില മുഖങ്ങളെയും “മഴയാത്ര”യിൽ കണ്ടെത്താം. കൃതിമത്വം കലരാതെ ബാല്യത്തിന്റെ നിഷ്കളങ്കത അവതരിപ്പിച്ച കാളിദാസ്സിന്റെ പ്രകടനം വേറിട്ട്‌നിൽക്കുന്നു. മുഖ്യ കഥാപാത്രത്തിന്റെ ബാല്യമാണ് കാളിദാസ്സ് അവതരിപ്പിച്ചത്. സ്വാഭാവികത നില നിർത്തി കഥാപാത്രത്തെ മികവുറ്റത്താക്കിയ കാളിദാസ്സ് ഭാവിയിലേക്ക് പ്രതീക്ഷ പകരുന്ന താരമാണ്.
“മഴയാത്ര”നിർണായക ദിശയിലേക്ക് വികസിക്കുമ്പോൾ കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ച്, കഥാഗതിയെ മുന്നോട്ടു നയിക്കുന്നതിൽ സതീഷ് ചന്ദ്രബോസ് അവതരിപ്പിച്ച കഥാപാത്രം നൽകുന്ന സംഭാവന ഒട്ടും ചെറുതല്ല. നഷ്ടബോധത്തിന്റെ തിളക്കവും, പ്രണയഭാവങ്ങളും ഒരുപോലെ തനിക്കിണങ്ങുമെന്ന് സതീഷ് അവതരിപ്പിച്ച യൗവനകാല കഥാപാത്രം തെളിയിക്കുന്നു. സങ്കീർണമായ കഥാപാത്രം മനോഹരമായി അവതരിപ്പിച്ച ഈ കലാകാരനിൽ നിന്നും അഭിനയ മേഖലക്ക് ഇനിയുമേറെ പ്രതീക്ഷിക്കാം.
ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്നതും, ചെറിയ ചലനംകൊണ്ടുപോലും തീവ്രത നഷ്ടപ്പെട്ടു പോകാവുന്നതുമായ കഥാ പാത്രത്തെ അവതരിപ്പിച്ച കാശിനാഥ് എസ് പ്രദീപാണ് പ്രതീക്ഷ പകരുന്ന മറ്റൊരു താരം.മഴയാത്രയുടെ കേന്ദ്ര ബിന്ദുവായ കഥാപാത്രമായാണ് കാശിനാഥ് വേഷമിടുന്നത്.
ആത്മ നൊമ്പരങ്ങളിലൂടെയും, സംഘർഷങ്ങളിലൂടെയും കടന്നു പോവുന്ന കാശിനാഥിന്റെ കഥാപാത്രമാണ്, മഴയാത്രയുടെ വൈകാരിക തലം സൃഷ്ടിക്കുന്നതിൽ പ്രധാനം. ഒതുക്കമുള്ള ശൈലിയാണ് ഈ കഥാപാത്രത്തിന്റെ കയ്മുതൽ. ഉള്ളിൽ സങ്കട കടൽ ആർത്തിരമ്പുമ്പോഴും, ഉപരിതലത്തിലെ ശാന്തത, മഴയാത്രയിലുടനീളം നിലനിർത്തുവാൻ ഈ കഥാപാത്രത്തിനു കഴിയുന്നു.തീർച്ചയായും അഭിനയ രംഗത്ത് പ്രതീക്ഷവക്കുവാൻ കഴിയുന്ന പ്രതിഭയാണ് കാശ്ശിനാഥ്.
മറ്റു അഭിനേതാക്കളും പുതുമുഖങ്ങളുടെ അപരിചിതത്വമില്ലാതെ, ഹ്രസ്വചിത്രത്തിന്റെ ചിട്ടവട്ടങ്ങൾക്കുള്ളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചിത്രത്തിന്റെ സമ്പൂർണതക്കും, മിഴിനിറക്കുന്ന അനുഭവം പകരുന്നതിലും ഓരോ കഥാപാത്രവും വഹിക്കുന്ന പങ്കുവഹിക്കുന്നു.
ശക്തമായ തിരക്കഥ, സംവിധാനം, ഗാനങ്ങൾ, ഇരുളിന്റെയും വെളിച്ചതിന്റെയും സന്നിവേശം, മികച്ച പശ്ചാത്തല സംഗീതം, ആകാശകാഴ്ച കളെയും, ഗ്രാമ്യഭംഗിയും മിഴിവുറ്റതാക്കിയ ക്യാമറ, അങ്ങനെ വിവിധ മേഖലകളിൽ മഴയാത്ര മികവു പുലർത്തുന്നു.
മഴയാത്ര കണ്ടു മുഴുമിക്കുമ്പോൾ കണ്ണിലൊറീരൻ പടരാതിരിക്കില്ല. പിടിച്ചുലക്കുന്ന ജീവിത മുഹൂർത്തങ്ങളും, വിശുദ്ധമായ ഗ്രാമ ഭംഗിയും എന്നും മനസ്സിൽ നിറഞ്ഞുനിൽക്കും. ഇങ്ങിനി വരാത്തവണ്ണം പൊയ്പോയ കാലങ്ങളുടെ ഓർമപ്പെടുത്തലായി, ഒരു നേർത്ത വിങ്ങലായി “മഴയാത്ര” പ്രേക്ഷകനിൽ അവശേഷിക്കും.
Shortfilm കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…….
https://www.youtube.com/watch?v=wm8EZmCNvIQ&t=388s
Be the first to comment