
മനുഷ്യർ ഏറ്റവും കൂടുതൽ ഭയക്കുന്ന രോഗമാണ് കാൻസർ. ഏതുസമയത്തും ആർക്കുവേണമെങ്കിലും വരാം. അനാരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനകാരണം. പക്ഷേ, തുടക്കത്തിലേ തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ ഭേദമാകാവുന്ന അസുഖംകൂടിയാണ് കാൻസർ. അന്തരീക്ഷമലിനീകരണം വലിയ വാർത്തയാകുമ്പോൾതന്നെ ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ശ്വാസകോശ കാൻസർ രോഗികളുടെ എണ്ണവും കൂടിവരികയാണ്. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് കാൻസർ രജിസ്ട്രീസിന്റെ (ഐ.സി.എ.ആർ.) കാൻസർ സർവൈലൻസ് പദ്ധതിയായ ഗ്ലോബോകാൻ റിപ്പോർട്ടനുസരിച്ചു ബ്രെസ്റ്റ് കാൻസർ, സെർവിക്കൽ കാൻസർ, ഓറൽ കാൻസർ എന്നിവ കഴിഞ്ഞാൽ ഏറ്റവും വ്യാപകമാണ് ശ്വാസകോശാർബുദം. പുരുഷൻമാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ കാൻസറുമാണിത്.
ചികിത്സയിൽ ഒരുപാട് മാറ്റങ്ങൾ വന്നതോടെ തുടക്കത്തിൽത്തന്നെ കണ്ടുപിടിച്ചു ഭേദമാക്കാവുന്ന കൂട്ടത്തിൽ ശ്വാസകോശ കാൻസറും ഇടംപിടിച്ചിട്ടുണ്ട്.
വർഷംതോറും പുകയില ഉപയോഗംമൂലം 50 ലക്ഷം ആളുകളാണ് മരണമടയുന്നത്. 90 ശതമാനം ശ്വാസകോശ കാൻസറും പുകയില ഉപയോഗംമൂലമാണുണ്ടാകുന്നത്. സിഗരറ്റ്, ബീഡി, പുകയില എന്നിവയിൽ കാൻസറിന് കാരണമാകുന്ന ഒട്ടേറെ കാർസിനോജനുകളുണ്ട്. എന്നാൽ, ഒരിക്കലും പുകവലിക്കാത്തവരിലും രോഗം കണ്ടുവരുന്നുണ്ട്. അന്തരീക്ഷ മലിനീകരണം, ഹോർമോൺ പ്രശ്നങ്ങൾ, ജനിതകകാരണങ്ങൾ തുടങ്ങിയവയാണ് ഈ രോഗികളിൽ കാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ശ്വാസകോശ കാൻസർ ബാധിതരിൽ 67 ശതമാനം പുരുഷന്മാരാണ്. അഞ്ചുശതമാനം ചെറുപ്പക്കാരിലും രോഗം കാണാറുണ്ട്.ശ്വാസകോശ കാൻസറിന് പ്രത്യേക ലക്ഷണമെന്നും അറിയാൻ സാധിക്കുകയില്ല. ശ്വാസംമുട്ടൽ, നെഞ്ചുവേദന, പെട്ടെന്നു ഭാരം കുറയൽ, ക്ഷീണം മുതലായ ലക്ഷണങ്ങൾ കണ്ടേക്കാം. സാധാരണഗതിയിലുള്ള ചുമ മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിന്നാൽ ടി.ബി.യെക്കാൾ മുൻതൂക്കം നൽകി കാൻസർ പരിശോധന നടത്തിയിരിക്കണം
നാലു സ്റ്റേജുകളാണ് ശ്വാസകോശ കാൻസറിനുള്ളത്. ആദ്യ രണ്ടു സ്റ്റേജുകളിലും കാൻസർ ലക്ഷണമൊന്നും പ്രകടമായി കാണുകയില്ല. രണ്ടാം സ്റ്റേജിൽ തുടർച്ചയായി ചുമയുണ്ടാകുകയും മൂന്നാം സ്റ്റേജിൽ അസുഖത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുകയും ചെയ്യും. ശബ്ദതന്തുക്കളുടെ ഞരമ്പുകളെ കാൻസർ ബാധിക്കാൻ ഇടയുള്ളതുകൊണ്ട് ചിലർക്ക് ഈ സമയത്ത് ശബ്ദം നഷ്ടമാകാൻ സാധ്യതയുണ്ട്. അസ്വസ്ഥതതുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ശബ്ദം തിരിച്ചുകിട്ടിയില്ലെങ്കിൽ വിദഗ്ധ പരിശോധന നടത്തണം.
മറ്റുലക്ഷണങ്ങൾ ശ്വാസതടസ്സവും കിതപ്പുമാണ്. നാലാം സ്റ്റേജിലാണ് രോഗം മറ്റ് അവയവങ്ങളിലേക്ക് പടരുന്നത്. എല്ലിലേക്ക് പടർന്ന് അത് നടുവേദനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കരളിൽ ബാധിച്ചാൽ മഞ്ഞപ്പിത്തം ഉണ്ടാകാൻ സാധ്യതയുണ്ട്.
നെഞ്ചിന്റെ എക്സ്റേ എടുക്കുന്നതാണ് പരിശോധനയുടെ ആദ്യഘട്ടം. കഫം പരിശോധനയിലൂടെയും രോഗം കണ്ടെത്താനാകും. ഇതിനുവേണ്ടി രാവിലത്തെ കഫമാണ് പരിശോധനയ്ക്കെടുക്കേണ്ടത്. ശ്വാസനാളിയിലൂടെ ട്യൂബ് കടത്തി നടത്തുന്ന ബ്രോങ്കോസ്കോപ്പിയിലൂടെ കാൻസർ നേരിട്ടുകാണാൻ സാധിക്കും മറ്റൊന്ന് സി.ടി. സ്കാനാണ്. ഇതിലൂടെ കാൻസർ ഏതുഘട്ടത്തിലാണെന്നും വ്യാപ്തി എത്രത്തോളമുണ്ടെന്നും കണ്ടെത്താനും എന്തു ചികിത്സയാണ് വേണ്ടതെന്ന് ഡോക്ടർക്ക് തിരുമാനിക്കാനുമാകും. ഈ പരിശോധകൾക്കെല്ലാംശേഷം കാൻസർ കോശങ്ങളിൽ നടത്തുന്ന ബയോപ്സിയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ശരീരത്തിൽ മറ്റെവിടെയെങ്കിലും വ്യാപിച്ചിട്ടുണ്ടോ എന്നറിയാൻ തലമുതൽ കാൽപ്പാദംവരെ വിശദമായി പരിശോധിക്കുന്ന പെറ്റ് സി.ടി.യ്ക്കും രോഗികളെ വിധേയരാക്കാറുണ്ട്.
ശസ്ത്രക്രിയ, റേഡിയേഷൻ, കീമോ തെറാപ്പി, ടാർഗറ്റഡ് തെറാപ്പി എന്നിവയാണ് സാധാരണയായി ഇതിനുള്ള ചികിത്സ. ആദ്യസ്റ്റേജിൽ ശസ്ത്രക്രിയയാണ് ചികിത്സാമാർഗം. രണ്ടാം സ്റ്റേജിൽ ശസ്ത്രക്രിയയും റേഡിയേഷനും ഉപയോഗിക്കും. കീമോ തെറാപ്പിയും റേഡിയേഷനും ചേർന്നതാണ് മൂന്നാം സ്റ്റേജ്. രോഗം നാലാം സ്റ്റേജിലാണെങ്കിൽ കീമോ തെറാപ്പി മാത്രമാകും നൽകുക. ഓരോ രോഗിയുടെയും ആരോഗ്യനിലയും രോഗവ്യാപ്തിയും അനുസരിച്ച് ചികിത്സകൾ സംയോജിപ്പിച്ചും നൽകും.
ശ്വാസകോശം പൂർണമായും എടുത്തുമാറ്റുന്ന ന്യൂമോണക്റ്റമി അല്ലെങ്കിൽ രോഗം ബാധിച്ച ലോബ് മാത്രം എടുത്തുമാറ്റുന്ന ലോബറ്റമി എന്നിവയാണ് സർജറിയിൽ പ്രധാനമായുള്ളത്. ലോബറ്റമിയാണെങ്കിൽ ശ്വാസകോശത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നഷ്ടപ്പെടുന്നുള്ളൂ. അതുകൊണ്ട്, ഓപ്പറേഷൻ കഴിഞ്ഞാലും രോഗിക്ക് ജീവിതരീതിയിൽ വലിയ പ്രയാസം വരുന്നില്ല.
മുൻകരുതലുകളാണ് കാൻസറിനെ പടിക്കുപുറത്തുനിർത്താനുള്ള പ്രധാനമാർഗങ്ങളിലൊന്ന്. ശ്വാസകോശ കാൻസർ, കവിൾ കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ബീഡി, സിഗററ്റ്, പാൻമസാലകൾ പോലുള്ള ലഹരിവസ്തുക്കൾ ഒഴിവാക്കുക. അതിൽനിന്ന് ലഭിക്കുന്ന സുഖം ജീവിതത്തേക്കാൾ വലുതല്ല എന്നു മനസ്സിലാക്കണം. പുകവലിയോട് പൂർണമായും ‘ഗുഡ് ബൈ’ പറയാൻ സാധിക്കണം. ചിട്ടയായ വ്യായാമവും ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള പ്രഭാതനടത്തവും യോഗയുമെല്ലാം രോഗത്തെ അകറ്റിനിർത്തും.
Be the first to comment