ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാജ്ഭവനില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.ബി.എസ് യെദിയൂരപ്പ രാജിവച്ചതോടെ ഇന്നലെ ചേര്‍ന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തിലാണ് ബസവരാജ് ബൊമ്മയെ സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.23 – മത് മുഖ്യമന്ത്രിയാണ് ബൊമ്മെ.ഉത്തര കന്നടയില്‍ നിന്നുള്ള ലിങ്കായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവാണ് ബൊമ്മെ.യദിയൂരപ്പയുടെ വിശ്വസ്തനുമാണ്.മുന്‍ മുഖ്യമന്ത്രി എസ്.ആര്‍ ബൊമ്മെയുടെ മകനായ ബസവരാജ്, യെദിയരൂപ്പ മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, പാര്‍ലമെന്ററി കാര്യം എന്നിവ കൈകാര്യം ചെയ്തിരുന്നു.സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന സവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പുതിയ മുഖ്യമന്ത്രിക്ക് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഷിഗ്ഗോണില്‍ നിന്നും മൂന്നാം തവണ നിയമസഭയിലെത്തിയാളാണ് ബൊമ്മെ.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രിമാരായ സി എന്‍ അശ്വത്ഥ് നാരായണ, ലക്ഷ്മണ്‍ സുവാഡി, ഗോവിന്ദ് കര്‍ജോള്‍, സംസ്ഥാന മന്ത്രി മുരുഗേഷ് നിറാനി, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബി എല്‍ സന്തോഷ്, സി ടി രവി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ഒടുവിൽ ബൊമ്മെയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിയോഗിച്ച കേന്ദ്രമന്ത്രിമാരായ ജി കിഷന്‍ റെഡ്ഡിയും ധര്‍മേന്ദ്ര പ്രധാനും യോഗത്തിൽ പങ്കെടുത്തു.

1960 ജനുവരി 28നാണ് ബസവരാജ് ബൊമ്മെ ജനിച്ചത്. ടാറ്റാ ഗ്രൂപ്പിൽ എഞ്ചിനീയറായിരുന്ന അദ്ദേഹം പിന്നീടാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. രണ്ട് തവണ എംഎൽസിയും മൂന്നു തവണ ഷിഗാവോനിൽ നിന്നുള്ള എംഎൽഎയുമായിരുന്നു.

കര്‍ണാടക രൂപീകരണത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 മുഖ്യമന്ത്രിമാരും ലിംഗായത്ത് സമുദായത്തില്‍ നിന്നായിരുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ബി എസ് യെദ്യൂരപ്പ രാജിവെച്ചത്. തന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തിലാണ് യെദ്യൂരപ്പ രാജിവെച്ചത്.
ഉപമുഖ്യമന്ത്രിമാരടക്കം മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും മാറ്റമുണ്ടാകും. വൊക്കലിംഗ വിഭാഗത്തില്‍ നിന്നും പട്ടിക വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കാനാണ് നീക്കം. നാല് ഉപമുഖ്യമന്ത്രിമാര്‍ക്കു സാധ്യതയുണ്ട്. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തില്‍ നിന്ന് കൂറുമാറി എത്തിയവര്‍ മന്ത്രിസഭാംഗങ്ങളാകാന്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*