ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ കുതിപ്പ്;ചൈനക്കാരെ കടത്തി വെട്ടി അംബാനിയും അദാനിയും

സമ്പത്തിന്റെ കാര്യത്തിൽ ചൈനക്കാരെ കടത്തിവെട്ടി ഇന്ത്യൻ ശതകോടീശ്വരൻമാർ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എന്നിവർ ആഗോള ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുന്നിലെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ 12-ാം സ്ഥാനത്ത് അംബാനിയും 14-ാം സ്ഥാനത്ത് അദാനിയും ഇടംപിടിച്ചു.
അംബാനിക്ക് മുകളിൽ ഒരൊറ്റ ചൈനീസ് ശതകോടീശ്വരൻ പോലും ഇടംനേടിയില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മായെ ഉൾപ്പടെ കടത്തിയാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും ഈ നേട്ടം സ്വന്തമാക്കിയത്.

ബ്ലൂംബെർഗിന്റെ ഡാറ്റ അനുസരിച്ച് അംബാനിയുടെയും അദാനിയുടെയും ആസ്തിയിൽ വൻ കുതിപ്പാണുണ്ടായത്.അംബാനിയുടെ ആസ്തിയിൽ 84 ബില്യൺ ഡോളറും അദാനിയുടെ സമ്പത്തിൽ 78 ബില്യൺ ഡോളറുമാണ് വർധിച്ചത്. നിലവിൽ അംബാനിയും അദാനിയും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരാണ്. വിപ്രോയുടെ അസിം പ്രേംജിയും എച്ച്സി‌എൽ സ്ഥാപകനും ചെയർമാനുമായ ശിവ് നടറും പട്ടികയിലുണ്ട്. യഥാക്രമം 43 ഉം 70 ഉം സ്ഥാനങ്ങളിലാണ് ഇരുവരുമുള്ളത്.ചൈനയുടെ വാട്ടർമാൻ എന്നറിയപ്പെടുന്ന ഷോങ് ഷന്‍ഷാനാണ് അംബാനിക്ക് താഴെ വരുന്ന ചൈനീസ് കോടീശ്വരൻ. നോങ്‌ഫു സ്പ്രിങ് ബിവറേജ് കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ ഷോങ് ഷന്‍ഷാൻ ബീജിങ് വാണ്ടായ് ബയോളജിക്കൽ ഫാർമസി എന്റർപ്രൈസസിന്റെ ഉടമകൂടിയാണ്.അദാനിക്ക് ശേഷം ഏഷ്യയിലെ മൂന്നാമത്തെ സമ്പന്നനാണ് അദ്ദേഹം. ടെൻസെന്റ് സ്ഥാപകനും സിഇഒയുമായ മാ ഹുവാറ്റെങ്, ജാക്ക് മാ, ഇ-കൊമേഴ്‌സ് കമ്പനിയായ പിൻഡുഡുവോയുടെ സിഇഒ കോളിൻ ഹുവാങ് തുടങ്ങിയ ചൈനീസ് കോടീശ്വരമാർ യഥാക്രമം 21, 27, 32 സ്ഥാനങ്ങളിലാണ് ഉള്ളത്.

ബ്ലൂംബെർഗിന്റെ പട്ടികയിൽ 190 ബില്യൺ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ് ഒന്നാമതുള്ളത്. ഫ്രഞ്ച് ഫാഷൻ വ്യവസായിയും പ്രമുഖ ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺ മൊയറ്റ് ഹെന്നിസി (എൽ‌വി‌എം‌എച്ച്) ചെയർമാനുമായ ബെർണാഡ് അർനോൾട്ട് ആണ് പട്ടികയിൽ രണ്ടാമത്.സ്‌പേസ് എക്‌സ്, ടെസ്‌ല, ദി ബോറിങ് തുടങ്ങിയ കമ്പനിയുടെ സിഇഒ ആയ എലൻ മസ്‌ക് പട്ടികയിൽ മൂന്നാമതാണ്. ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി. ലോകത്തെ ഏറ്റവും സമ്പന്ന വനിതയായ ഫ്രാങ്കോയിസ് ബെറ്റൻ‌കോർട്ട് മേയേഴ്സ് പട്ടികയിൽ പത്താം സ്ഥാനത്താണുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*