പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് കൂടുതൽ എണ്ണക്കപ്പലുകൾ രാജ്യത്തെത്തുന്നു. ഹോർമുസ് കടലിടുക്ക് കടന്ന ‘BW TYR’ എന്ന കപ്പൽ ഇന്ന് മുംബൈ തീരത്തും, 94,000 ടൺ എൽ.പി.ജിയുമായി ‘BW ELM’ എന്ന കപ്പൽ നാളെ മംഗ്ലൂർ തീരത്തുമെത്തും. നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കി 18 കപ്പലുകൾക്കും ഉടൻ തന്നെ ഹോർമുസ് കടക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, സംഘർഷം യൂറിയ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചതായി കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം അറിയിച്ചു. ഇതിനിടെ, എൽ.പി.ജി കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നിയമങ്ങളിൽ കേന്ദ്രം ഇളവ് വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ മണ്ണെണ്ണ രഹിതമായി പ്രഖ്യാപിച്ചിരുന്ന 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുനർവിതരണം ആരംഭിക്കാനും സർക്കാർ നടപടി സ്വീകരിച്ചു വരുന്നു.

Be the first to comment