വീടിൻ്റെ നിറത്തിൻറെ പ്രാധാന്യം; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

വീടുവയ്ക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടിൻ്റെ നിറം, ലക്ഷങ്ങള്‍ മുടക്കി വീട് നിര്‍മ്മിച്ചിട്ടു വീടിന്റെ നിറം മോശമായാല്‍ വീടിന്റെ അഴക്‌ പോയ സ്ഥിതിയാകും. എന്നാല്‍ പുറംഭംഗി മാത്രമല്ല വീട്ടില്‍ ജീവിക്കുന്ന വ്യക്തികളുടെ സ്വഭാവത്തെ പോലും നിറങ്ങള്‍ക്ക് സ്വാധീനിക്കാന്‍ സാധിക്കും.പണ്ടുകാലത്ത് രണ്ട് നിറങ്ങളിലാണ് വീടുകള്‍ കാണപ്പെട്ടത്. വെള്ള പൂശിയ വീടുകളും പൂശാത്ത മണ്‍നിറമുള്ള വീടുകളും.

എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഏതു നിറവും ഇന്ന് ആളുകള്‍ വീടിനു നല്‍കുന്നുണ്ട്. പുറംഭാഗത്തിന് നല്‍കേണ്ട നിറമാണെങ്കില്‍ വീടിന്റെ രൂപം, പശ്ചാത്തലം, ചുറ്റിലുമുള്ള കെട്ടിടങ്ങള്‍, ഭൂപ്രകൃതി ഇവയനുസരിച്ച് തിരഞ്ഞെടുക്കണം. അകത്തളങ്ങളിൽ തറയുടെ നിറം, മുറിയുടെ വലിപ്പം, ഫര്‍ണിച്ചറുകള്‍ ഇവയ്ക്കു പുറമേ വീട്ടുകാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും നിറം. എന്നാല്‍ നിങ്ങളെ ആകര്‍ഷിച്ച മറ്റൊരു വീടിന്റെ നിറം നിങ്ങളുടെ വീടിനും നല്‍കാം എന്ന് തീരുമാനിക്കരുത്. രണ്ടിലധികം പെയിന്റ് കമ്പനികളുടെ കാറ്റലോഗുകള്‍ പരിശോധിക്കുക. പെയിന്റിന്റെ പ്രത്യേകതകളും നിറവിന്യാസവും ഷെയ്ഡുകളും നോക്കി മനസിലാക്കുക. കടും നിറങ്ങളുടെ ട്രന്‍ഡ് മാറിക്കഴിഞ്ഞു. ഇളം നിറങ്ങളാണ് ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുക.

വീട്ടിലെ ഓരോ മുറികള്‍ക്കും ഓരോ മൂഡ്‌ ആണ്.  അതനുസരിച്ച് നിറങ്ങള്‍ നല്‍കാം. ഉദാഹരണത്തിന് കിടപ്പറയ്ക്ക്  എപ്പോഴും നല്ലത് ഇളം നിറങ്ങളാണ്. ഇളം പച്ച, പിങ്ക് തുടങ്ങിയ നിറങ്ങളാണ് കിടപ്പുമുറികള്‍ക്ക് അഭികാമ്യം. അതുപോലെ ഏറ്റവും കൂടുതല്‍ ആക്റ്റീവ് ആയിരിക്കേണ്ട സ്ഥലമാണ് ഡൈനിങ്ങ്‌ റൂം. ഇവിടെ കുറച്ചു നിറം കൂടിയാലും കുഴപ്പമില്ല. നീല, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ ഡൈനിങ്ങ് റൂമുകള്‍ക്ക്  അനുയോജ്യമായിരിക്കും. ഊര്‍ജ്ജസ്വലതയുടെ പ്രതീകമാണല്ലോ അടുക്കള. ഇവിടെയും വൈബ്രന്റ്  നിറങ്ങള്‍ ചേരും. അടുക്കളയ്ക്ക് പെയിന്റടിയ്ക്കുമ്പോള്‍ കുടുംബനാഥയുടെ ഇഷ്ടങ്ങള്‍ കൂടി പരിഗണിക്കാം. ആഢ്യത്വവും ആഡംബരവും നിറഞ്ഞതാണ്‌ ലിവിംഗ് റൂം. അതുകൊണ്ട് തന്നെ എപ്പോഴും ലിവിംഗ് റൂം ആകര്‍ഷണീയമാകണം. ഇതിനായി ഇളം നിറങ്ങള്‍ മുതല്‍ ഓറഞ്ച് നിറം വരെ ഉപയോഗിക്കാം.വെയിലും മഴയും ധാരാളമുള്ള നാടാണ് നമ്മുടേത്. കാലാവസ്ഥാപരമായ ഇത്തരം പ്രത്യേകതകൾ മനസില്‍ വച്ചുവേണം പുറം വീടിനുള്ള പെയ്ന്റ് തിരഞ്ഞെടുക്കാന്‍. എമല്‍ഷന്‍ പെയ്ന്റുകള്‍, വാട്ടര്‍പ്രൂഫ് സിമന്റ് പെയിന്റുകള്‍ പോലെ ഗുണമേന്മയുള്ളതും പുറംഭിത്തികള്‍ക്ക് യോജിച്ചതുമായുള്ള പെയ്ന്റുകള്‍ ഉപയോഗിക്കാം.

വീടിനകത്ത് പ്ലാസ്റ്റിക് എമല്‍ഷനുകള്‍ ഉപയോഗിക്കുന്നതാണ് പുതിയ ശൈലി. ഒരു ചുവരില്‍ മാത്രം കടും നിറവും മറ്റ് ചുവരുകളില്‍ ഇളം നിറം ഉപയോഗിക്കുന്നതും തറയുടെ നിറത്തിന് ചേരുന്ന നിറം ചുവരുകള്‍ നല്‍കുന്നതും പുതിയ ട്രെൻഡാണ്.

Be the first to comment

Leave a Reply

Your email address will not be published.


*