
കുട്ടികൾ കള്ളം പറയുന്നത് മനസ്സിലാക്കുമ്പോൾ തന്നെ മുൻവിധിയോടെ ശകാരിക്കുന്നതും, ആക്രോശിക്കുന്നതുമെല്ലാം ഒഴിവാക്കണം. കാരണം ഇത് പ്രശ്നത്തെ കൂടുതൽ വഷളാക്കിയേക്കും!
ചെറു പ്രായത്തിലുള്ള കുട്ടികൾ അവരുടെ വളർച്ചയുടെ പ്രാരംഭ ഘട്ടങ്ങളിൽ നുണ പറയുന്നത് ഏറ്റവും സാധാരണയായ ഒരു കാര്യമായിരിക്കും. ഒന്നാലോചിച്ചാൽ, നമ്മളും നമ്മുടെ ചെറുപ്രായത്തിൽ ഇതുപോലെ തന്നെ വേണ്ടുവോളം നുണകൾ പറഞ്ഞിട്ടുണ്ടാകില്ലേ? കുട്ടികളിലെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഇത്തരമൊരു പ്രവർത്തിയെ മുതിർന്നവർ ആസ്വദിച്ചുകൊണ്ട് നോക്കിക്കാണുമെങ്കിലും കുട്ടികൾ വളരുന്തോറും ഈയൊരു സ്വഭാവം കുട്ടികളുടെയും, അതുപോലെ തന്നെ മാതാപിതാക്കളെയും ജീവിതത്തിൽ ഒരുപോലെ ആശങ്കകൾ സൃഷ്ടിക്കുന്നതായി മാറുന്നു.ഒരു പ്രായം കഴിഞ്ഞാൽ സത്യം മറച്ചുവച്ചുകൊണ്ട് നുണ പറയുന്ന കുട്ടികളുടെ ഇത്തരം ശീലം മാതാപിതാക്കളെ ഏറ്റവും അലട്ടുന്നതായി മാറുന്നു. ഏതെങ്കിലുമൊരു പ്രത്യേക അവസരത്തിൽ നിങ്ങളുടെ കുട്ടി കള്ളമാണ് പറയുന്നതെന്ന് തിരിച്ചറിഞ്ഞാൽ, ഒരു രക്ഷകർത്താവ് എന്ന നിലയിൽ തീർച്ചയായും നിങ്ങളെയത് ചൊടിപ്പിക്കാനുള്ള സാധ്യതയുണ്ട്. പെട്ടെന്നുണ്ടായ ദേഷ്യത്തിന് കുട്ടികളെ തല്ലാനും വഴക്ക് പറയാനും ഒരുങ്ങുകയാണ് മിക്കവാറും മാതാപിതാക്കളും ആദ്യമേ ചെയ്യുന്ന കാര്യം. തങ്ങളുടെ കുട്ടികൾ ശരിയും തെറ്റും എന്താണെന്ന് തിരിച്ചറിഞ്ഞ് നല്ല രീതിയിൽ വളർന്നു വരണമെന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഈയൊരു ദുശ്ശീലം അവസാനിപ്പിക്കാനും നിങ്ങളുടെ കുട്ടികളിൽ സത്യസന്ധത വളർത്തിയെടുക്കുന്നത് പ്രോത്സാഹിപ്പിക്കാനുമായി പിന്തുടരേണ്ട ചില കാര്യങ്ങളെ പറ്റി അറിയാം
ചെറിയ കുട്ടികൾ ജീവിതത്തിലെ നന്മകളും തിന്മകളും തിരിച്ചറിയുകയും പഠിക്കുകയും ചെയ്യുന്നത് അവർ ചുറ്റും കാണുന്ന ജീവിതസാഹചര്യങ്ങളിൽ നിന്നാണ്. അതുകൊണ്ടുതന്നെ സത്യത്തിൽ ഉറച്ച് നിൽക്കേണ്ടതിൻ്റെ പ്രാധാന്യത ഏറ്റവുമാദ്യം വെളിപ്പെടുത്തി നൽകേണ്ടത് കുടുംബത്തിൽ നിന്നും തന്നെയാകണം. സത്യത്തിൽ ധൈര്യപൂർവം ഉറച്ചുനിൽക്കേണ്ടത് കുടുംബ നിയമമാക്കി മാറ്റണമെന്ന് കുടുംബത്തിലെ എല്ലാവരോടും ആവശ്യപ്പെടുക. ഒരു കുട്ടി അവരുടെ മാതാപിതാക്കന്മാരെയും കുടുംബാംഗങ്ങളെയും അനുകരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കാണിക്കും. സ്വന്തം ജീവിതത്തിൽ നാം സത്യസന്ധത പുലർത്തുന്നത് വഴി സത്യസന്ധനായിരിക്കുന്നതിന്റെ പാഠങ്ങൾ ഏറ്റവും വിലമതിക്കുന്ന രീതിയിൽ കുട്ടികൾക്ക് കാണിച്ചു കൊടുക്കാനാവും.
കുട്ടികളോട് പറയാൻ കഴിയുന്ന ചെറിയ ഉദാഹരണങ്ങളിലൂടെയും കഥകളിലൂടെയും നാം അവർക്ക് സത്യസന്ധതയുടെ പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കണം. നിങ്ങളവരോട് പറയാൻ ആഗ്രഹിക്കുന്ന സന്ദേശങ്ങൾ ഏറ്റവും നല്ല രീതിയിൽ പകർന്നു നൽകുന്നതിനുള്ള മാർഗമാണിത്. നിങ്ങളുടെ കുട്ടി ഇടയ്ക്കിടെ കള്ളം പറയുന്നത് നിങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ പ്രാരംഭഘട്ടത്തിൽ തന്നെ അതവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കണം. വളർന്നു കഴിഞ്ഞാൽ, കുട്ടികൾ അവരുടെ ബാല്യകാല ശീലങ്ങളെല്ലാം കൂടെ വഹിക്കുന്നു. ഇത് ഭാവിയിൽ അവരെ തെറ്റായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാം. സത്യസന്ധതയെക്കുറിച്ചുള്ള കഥകളും സത്യസന്ധരായ ആളുകളുടെ ജീവചരിത്രങ്ങളും, ജീവിതത്തിൽ സത്യസന്ധത എത്രത്തോളം അനിവാര്യമാണെന്നതിനെ കുറിച്ചുള്ള ഉദ്ധരണികളുമെല്ലാം വായിക്കാനും മനസ്സിലാക്കാനും അവരെ പ്രേരിപ്പിക്കുക.
സത്യം പറഞ്ഞാൽ ഉണ്ടാകാവുന്ന മോശപ്പെട്ട പരിണതഫലങ്ങളെ പറ്റി ഓർത്ത് ഭയപ്പെടുമ്പോഴാണ് സാധാരണയായി കുട്ടികൾ കള്ളം പറഞ്ഞ് തുടങ്ങുന്നത്. സത്യം വെളിപ്പെടുത്തിയാൽ ഒരുപക്ഷേ നിങ്ങളവരെ ഭീഷണിപ്പെടുത്തുകയും വഴക്കു പറയും ചെയ്തേക്കാമെന്ന് അവർ ഭയപ്പെടുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ, നിങ്ങളുടെ കുട്ടികളുടെ മനസ്സിൽ വിശ്വാസവും സ്നേഹവും നേടിയെടുക്കേണ്ടതുണ്ട്. ജീവിതത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നങ്ങളിലും നിങ്ങൾ വിശ്വാസത്തോടെ കൂടെ ഉണ്ടാവുമെന്ന് അവർക്ക് ഉറപ്പുനൽകുക. ഇതവർ മനസ്സിലാക്കി കഴിഞ്ഞാൽ, നിങ്ങളുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് തടസ്സമുണ്ടാകുകയില്ല. നുണ പറയുന്നത് എത്രത്തോളം മോശപ്പെട്ട ഒരു കാര്യമാണെന്ന് അവർ തിരിച്ചറിയുകയും ചെയ്യും.
കള്ളങ്ങൾ കണ്ടുപിടിച്ച് അവരെ ശാസിക്കുന്നതിനു മുൻപ് അവർ കള്ളം പറയാൻ ഇടയാക്കിയ സാഹചര്യം മനസ്സിലാക്കാൻ ആദ്യം ശ്രമിക്കണം. മിക്കപ്പോഴും കുട്ടികൾ കള്ളം പറയുന്നത് എന്തെങ്കിലുമൊരു പ്രത്യേക കാരണങ്ങൾക്ക് വേണ്ടിയാകാം. ഇല്ലാത്ത കാര്യങ്ങൾ വീമ്പു പറയുന്നതിൽ തുടങ്ങി ഉത്തരവാദിത്തങ്ങൾ ഒഴിവാക്കുന്നത് വരെയുള്ള കാര്യങ്ങൾക്ക് വേണ്ടി നുണ പറയുന്ന കുട്ടികളുണ്ട്. അവരുടെ നിരന്തരമായ നുണകൾക്ക് പിന്നിലെ കാരണം കണ്ടെത്തിക്കൊണ്ടാവണം ഈ ദുശീലത്തെ വരുതിയിലാക്കാൻ ശ്രമിക്കേണ്ടത്. ആവശ്യമായ ഘട്ടങ്ങളിൽ തന്നെ വേണ്ട വിധം കൈകാര്യം ചെയ്തില്ലെങ്കിൽ വളരുമ്പോൾ നുണ പറയുന്നത് അവരുടെയൊരു സ്ഥിരമായ ശീലങ്ങളിൽ ഒന്നായി മാറിയേക്കാം.
നുണ പറഞ്ഞാൽ സംഭവിക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചും പരിണിത ഫലങ്ങളെക്കുറിച്ചുമെല്ലാം കുട്ടിയോട് തുറന്ന് സംസാരിക്കുക. ഇതവരെ ലോകത്തിനു മുന്നിൽ സത്യസന്ധതില്ലാത്ത ഒരു മോശം വ്യക്തിയെന്ന് മുദ്രകുത്തുമെന്ന് മാത്രമല്ല, ഭാവിയിൽ മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുമെന്ന കാര്യം അവർക്ക് മുന്നറിയിപ്പ് നൽകുക. സത്യസന്ധതയുടെ പാതയിൽ നിന്ന് വ്യതിചലിക്കാതെ തുടരാൻ ഇതവരെ പ്രോത്സാഹിപ്പിക്കും. കുട്ടികളിലെ ഈയൊരു ദുശ്ശീലം കൂടുതൽ ഗൗരവമേറിയതും നിങ്ങൾക്ക് നിയന്ത്രിച്ചുനിർത്താൻ കഴിയാത്തതും ആണെങ്കിൽ നിങ്ങളുടെ കുട്ടിയിൽ സത്യസന്ധതയുടെ പാഠങ്ങൾ വളർത്തിയെടുക്കാനായി പ്രൊഫഷണൽ സഹായങ്ങളും തേടാനാവും.
Be the first to comment