കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നാല്‍ രക്ഷിതാക്കള്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തുപോകേണ്ട സാഹചര്യം പലപ്പോഴുമുണ്ടാകാറുണ്ട്. അത്തരം അവസരങ്ങളിൽ എന്ത് മുൻകരുതലുകൾ എടുക്കണം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം

എട്ടുവയസ്സോ അതിന് താഴെയോ പ്രായമായ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകരുത്.രക്ഷിതാക്കൾ എത്തുന്നതിന് മുൻപ് സ്കൂൾ വിട്ട് വീട്ടിൽ എത്തുന്ന കുട്ടികൾ സുരക്ഷിതരാണോ എന്ന് വിളിച്ച് ഉറപ്പുവരുത്തുക.കുട്ടികൾ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ ഡോർ തുറന്ന് കിടക്കുന്നതോ, ജനൽ ചില്ല് പൊട്ടിയതായോ മറ്റോ കണ്ടാൽ വീട്ടിനുള്ളിലേക്ക് കയറാതെ വിശ്വസിക്കാൻ പറ്റുന്ന അയൽക്കാരുടെ അടുത്ത് ചെന്ന് രക്ഷിതാക്കളെ വിളിക്കാൻ നിർദേശിക്കുക.അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കാനുള്ള ഫോൺ നമ്പറുകൾ (രക്ഷിതാക്കളുടെ നമ്പർ, കുടുംബാംഗങ്ങളുടെ നമ്പർ, വിശ്വസിക്കാൻ പറ്റുന്ന അയൽക്കാരുടെ നമ്പർ, ചൈൽഡ് ലൈൻ നമ്പർ) കുട്ടിക്ക് കാണത്തക്കവിധത്തിൽ വെക്കുകയും അതേക്കുറിച്ച് ഓർമപ്പെടുത്തുകയും വേണം.

എന്തെങ്കിലും സാധനങ്ങൾ തരാനാണെന്ന് പറഞ്ഞ് അപരിചിതർ വീട്ടിൽ വന്നാൽ കതക് തുറക്കരുത്. വാതിലിന്റെ മുൻപിൽ വെച്ച് പൊയ്ക്കോളു എന്നു പറയാൻ പ്രേരിപ്പിക്കുക.അച്ഛനമ്മമാർ വീട്ടിൽ ഇല്ലേ എന്ന് ചോദിച്ച് അപരിചിതരുടെ ഫോൺ വരുമ്പോൾ രക്ഷിതാക്കൾ വീട്ടിൽ ഇല്ല എന്ന് പറയുന്നതിന് പകരം അവർ കുറച്ചു തിരക്കിലാണ്, പേര് പറഞ്ഞാൽ തിരിച്ചു വിളിക്കാൻ പറയാം എന്നു പറയുക.കുട്ടികൾ വീടിന് പുറത്തേക്ക് രക്ഷിതാക്കളുടെ അനുവാദമില്ലാതെ പോകരുത്. ഇനി പോകണമെങ്കിൽ രക്ഷിതാക്കളെ ഫോണിൽ വിളിച്ച് എവിടേക്കാണ് പോകുന്നതെന്നും എപ്പോൾ മടങ്ങിവരുമെന്നും കൃത്യമായി പറയണം. പറഞ്ഞ സമയത്ത് കുട്ടി തിരിച്ചെത്തിയോ എന്ന് ഉറപ്പാക്കുകയും വേണം.

കുട്ടി ഒറ്റയ്ക്കിരിക്കാൻ ഭയം പ്രകടിപ്പിക്കുകയോ അടുത്തിടപഴകിയിരുന്ന ബന്ധുക്കളോടോ അയൽക്കാരോടോ ഇടപഴകാൻ ഭയം കാണിക്കുന്നത് ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ സ്നേഹത്തോടെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക.കുട്ടികളുടെ ചെറിയ തെറ്റുകൾക്ക് അവരെ അനാവശ്യമായി കുറ്റപ്പെടുത്തുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. സ്നേഹപൂർവം അവരെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. അല്ലാത്തപക്ഷം വീട്ടിൽ നടക്കുന്ന പല കാര്യങ്ങളും തുറന്നു പറയുവാൻ കുട്ടി ഭയപ്പെടും.

രക്ഷിതാക്കൾ ഇല്ലാത്ത സമയം കുട്ടി ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടോ, കൂട്ടുകാരെ വിളിച്ചു വരുത്തുന്നുണ്ടോ മുതലായ കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം.ഫോൺ, ലോക്കുകൾ, അടുക്കള സാധനങ്ങൾ എന്നിവ ഉപയോഗിക്കാൻ കുട്ടിക്ക് അറിയുമെന്ന് ഉറപ്പാക്കണം.മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിൽ സംഭവിച്ച എല്ലാ കാര്യങ്ങളും സ്നേഹപൂർവം ചോദിച്ചറിയുക.

Be the first to comment

Leave a Reply

Your email address will not be published.


*