ഹംബിള്‍ ലൈഫ് സിംപിള്‍ ഹോം

എല്ലാറ്റിലും മിതത്വത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന വീട്ടുകാരുടെ എളിമയാര്‍ന്ന ജീവിത ശൈലിയുടെ പ്രതിഫലനം കൂടിയാണ് വീട്. എക്സ്റ്റീരിയറിലെ പര്‍ഗോള ഡിസൈനും ഗ്ലാസ് റൂഫും ഉള്ളിലെ ഇളം നിറങ്ങളുടെ തെരഞ്ഞെടുപ്പും കന്‍റംപ്രറി ശൈലിയെ പിന്തുണയ്ക്കുന്നു.

പല ലെവലുകളിലുള്ള സ്ലോപ്പിങ് റൂഫുകളും അവയോട് ചേര്‍ന്നു നില്‍ക്കുന്ന നേര്‍രേഖകളും ചേര്‍ന്ന് എലിവേഷന്‍െറ കാഴ്ചയെ ശ്രദ്ധേയമാക്കുന്ന ഈ വീട് കണ്ണൂരിലെ തോട്ടടയില്‍ ആണ്.

ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം

കന്‍റംപ്രറി ഡിസൈന്‍ നയത്തിന്‍െറ ചുവടുപിടിച്ച് ആര്‍ക്കിടെക്റ്റ് അബ്ദുള്‍ ജബ്ബാര്‍ (എ. ജെ. ആര്‍ക്കിടെക്റ്റ്സ്, കണ്ണൂര്‍) 12 സെന്‍റില്‍ ഒരുക്കിയിരിക്കുന്ന ഷബീറിന്‍റെ ഈ വീടിന്‍െറ ഡിസൈനില്‍ ലാളിത്യവും മിതത്വവുമാണ് മുന്നിട്ടു നില്‍ക്കുന്നത്.

ആര്‍ക്കിടെക്റ്റ് അബ്ദുള്‍ ജബ്ബാര്‍ (എ. ജെ. ആര്‍ക്കിടെക്റ്റ്സ്, കണ്ണൂര്‍).

പുറംകാഴ്ചയെ ആകര്‍ഷകമാക്കുന്ന ക്ലാഡിങ് പാറ്റേണ്‍ ചുറ്റുമതിലിലേക്കും പകര്‍ത്തിയിട്ടുണ്ട്. തുറന്ന സിറ്റൗട്ടിനോട് ചേര്‍ന്ന് നല്‍കിയിട്ടുള്ള ഗ്രീന്‍പോക്കറ്റുകള്‍ പച്ചപ്പു പ്രദാനം ചെയ്യുന്നു.

ഒരു ഭിത്തി നിറയെ നല്‍കിയിരിക്കുന്ന ജനാലകള്‍ അകത്തളത്തില്‍ വെളിച്ചമെത്തിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നവയാണ്. ഇരുനിലകളുടെയും ഭാഗമായ ഈ നീളന്‍ ജനാലകള്‍ എലിവേഷനില്‍ ഒരു ഡിസൈന്‍ എലമെന്‍റായി മാറുന്നുണ്ട്.

ഉയര്‍ന്ന ലെവലില്‍ ദൃശ്യമാകുന്ന പര്‍ഗോള ഡിസൈനും ഗ്ലാസ്സ് റൂഫും കന്‍റംപ്രറി ശൈലിക്ക് പിന്തുണയേകുന്നു. ഉള്ളിലേക്ക് കടന്നാല്‍ എല്ലാം അത്യാവശ്യത്തിനു മാത്രം. അലങ്കാരമായാലും, ഫര്‍ണിച്ചറായാലും എല്ലാറ്റിലും ഒരു മിതത്വം കാണാനാവും.

You May Like: ഹൈടെക് വീട്

ലിവിങ് ഏരിയയില്‍ സ്ഥലത്തിന്‍െറ ഉപയുക്തതയ്ക്ക് അനുസരിച്ചുള്ള സോഫാസെറ്റും സെന്‍ട്രല്‍ ടേബിളും മാത്രം. ഒരു ഭാഗത്ത് മാത്രം ഭിത്തി വുഡുപയോഗിച്ച് പാനലിങ് ചെയ്തിരിക്കുന്നു. അതും ഒരു കോര്‍ണര്‍ ഏരിയ മാത്രം.

ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും തമ്മില്‍ ആശയവിനിമയം സാധ്യമാകുംവിധം ഓപ്പണിങ് നല്‍കിയിരിക്കുന്നു. ഡൈനിങ്ങിന്‍െറ സീലിങ് വര്‍ക്ക് ആകര്‍ഷകമാണ്.

ഇവിടെയും ഒരു ഭിത്തി മാത്രം അല്പം ഇരുണ്ട നിറമുപയോഗിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

മുകളിലേക്ക് ഉള്ള സ്റ്റെയര്‍കേസിന്‍െറ മറവിലാണ് വാഷ് ഏരിയയ്ക്ക് സ്ഥാനം. ഒരു കോര്‍ട്ട്യാര്‍ഡായാണ് വാഷ് ഏരിയ സ്ഥാപിച്ചിട്ടുള്ളത്. ഇവിടേക്ക് നാച്വറല്‍ ലൈറ്റ് കടന്നുവരുന്നുണ്ട്.

ALSO READ: ഉപയുക്തതയിലൂന്നിയ പരിഷ്ക്കാരത്തില്‍ 30 വര്‍ഷം പഴക്കമുള്ള മുസ്ലീം തറവാടിന് കൊളോണിയല്‍ ചന്തം

വുഡും ഗ്ലാസും ടൈലുകളും ഉപയോഗിച്ചുള്ള സ്റ്റെയര്‍കേസിന്‍െറ വര്‍ക്ക് ശ്രദ്ധേയമാണ്. ഈ ഭാഗത്തെ ഉയര്‍ന്ന ഭിത്തിയുടെ ഒരു ഭാഗം മാത്രം വുഡുപയോഗിച്ച് പാനലിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

ഫാമിലി ലിവിങ്ങിലാണ് ടി വി ഏരിയയ്ക്ക് സ്ഥാനം. സ്വച്ഛത നിറഞ്ഞ് ബ്രേക്ക്ഫാസ്റ്റ് സൗകര്യത്തോടെ ഒരുക്കിയിട്ടുള്ള അടുക്കള എല്ലാ ആധുനിക സൗകര്യങ്ങളും ഉള്‍ച്ചേര്‍ത്തതാണ്.

ALSO READ: ശൈലികള്‍ക്കപ്പുറം ഔട്ട്‌ഡേറ്റാവാത്ത ആഡംബര വീട്

സ്റ്റോറേജിനു കുറവേതുമില്ല. ബ്രേക്ക് ഫാസ്റ്റ് ടേബിളിന്‍െറ പിന്നിലെ ഭിത്തി നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്ങിനാല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. വുഡുപയോഗിച്ച് സീലിങ്ങും ആകര്‍ഷകമാക്കിയിട്ടുണ്ട്.

അടുക്കളയില്‍ ലാമിനേറ്റഡ് ഫ്ളോറിങ്ങാണ്. മിതത്വത്തിന്‍െറ മികച്ച മാതൃകകളാണ് കിടപ്പുമുറികള്‍ ഓരോന്നും. മാസ്റ്റര്‍ ബെഡ്റൂമിന് ഒരു ഭാഗത്ത് വുഡന്‍ ഫ്ളോറിങ്ങാണ്.

സ്റ്റോറേജ് സ്പേസോടു കൂടിയ കട്ടിലിന്‍െറ ഹെഡ്ബോര്‍ഡിനോട് ചേര്‍ന്ന് വരുന്ന ഭിത്തിക്ക് ഗ്ലാസാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് മുറിക്ക് കൂടുതല്‍ വിസ്തൃതി തോന്നിപ്പിക്കുന്നു.

ഇളംനിറങ്ങളുടെ തെരഞ്ഞെടുപ്പു കൂടിയായപ്പോള്‍ മിതത്വത്തിന് മാറ്റുകൂടിയെന്നു മാത്രമല്ല, അകത്തളത്തിന് സ്വച്ഛതയും ശാന്തതയും ലാളിത്യവും കൂടി കൈവന്നു.

Related Reading: പരമ്പരാഗത ശൈലിയില്‍ ആധുനിക സൗകര്യങ്ങള്‍ കൂട്ടിയിണക്കിയ സമ്മിശ്ര ഭവനം

കണ്ണഞ്ചിപ്പിക്കുന്ന നിറവിന്യാസമോ, ഡിസൈന്‍ ഹൈലൈറ്റുകളോ അല്ല ഈ വീടിനെ ആകര്‍ഷകമാക്കുന്നത്. ഡിസൈനിങ്ങിലെ മിതത്വം എന്ന ഒറ്റഘടകം മാത്രമാണ്.

വീടിനോട് ചേര്‍ന്നുള്ള ഗ്രീന്‍ പോക്കറ്റുകള്‍ക്കു പുറമെ ശ്രദ്ധയോടെ ഒരുക്കിയിട്ടുള്ള ലാന്‍ഡ്സ്കേപ്പും ഉണ്ട്.

പെബിളുകള്‍ നിറച്ച പ്ലാന്‍റര്‍ ബോക്സുകളിലെ മുളകള്‍ നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത ഭിത്തിയെ ഹരിതാഭമാക്കുന്നു. വുഡന്‍ ഫിനിഷുകള്‍ക്ക് ഗേറ്റ് മുതല്‍ നല്‍കിയിട്ടുള്ള പ്രാധാന്യം ശ്രദ്ധേയമാണ്.

ഡൈനിങ് ഏരിയയില്‍ നിന്നും ഗാര്‍ഡനിലേക്ക് പ്രവേശന മാര്‍ഗവുമുണ്ട്. ഡൈനിങ്ങിന്‍െറ ഭാഗമായ പാഷ്യോയായി മാറിയിരിക്കുന്നു, ഈ ലാന്‍ഡ്സ്കേപ്പ്.

ലാന്‍ഡ്സ്കേപ്പിന്‍െറ ഭാഗമായി വീടിന്‍െറ ഒരു ഭാഗത്ത് ഒരുക്കിയിട്ടുള്ള വരാന്ത മള്‍ട്ടിപര്‍സ് ഏരിയയാകുന്നു.

Related Reading: സുന്ദരമാണ് ക്രിയാത്മകവും

എല്ലാറ്റിലും മിതത്വത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ഷബീറിന്‍െറയും കുടുംബത്തിന്‍െറയും ഈ വീട് വീട്ടുകാരുടെ എളിമയാര്‍ന്ന ജീവിതശൈലിയുടെ പ്രതിഫലനം കൂടിയാണ്.

Project Details

  • Architect : Ar.Abdul Jabbar
  • Project Type : Residential House
  • Owner : Shabeer
  • Location : Thottada, Kannur
  • Year Of Completion : 2018
  • Area : 3838 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*