പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഹൃദ്യമായ ഇടങ്ങള്‍

എല്ലാത്തരം നിര്‍മ്മാണ സാമഗ്രികളും നമുക്ക് തൊട്ടടുത്ത് കിട്ടാവുന്ന നിലയ്ക്ക് വിപണി നിരന്തരം നവീകരിക്കപ്പെടുന്നുണ്ട്.

പരിമിതികളില്ലാത്ത ഈ കാലത്ത് പക്ഷേ നമുക്ക് വെല്ലുവിളികള്‍ ഏറെയാണ്.

എങ്ങനെയാണ് ഒരു കെട്ടിടം/വീട് ഭംഗിയുള്ളതാവുന്നത്? എന്താവും ഇപ്പറഞ്ഞ ഭംഗി എന്നതിനെ അഥവാ സൗന്ദര്യത്തെ നിര്‍വ്വചിക്കുന്നത്? അത് കാണുന്നവരുടെ കണ്ണിലാണെന്നൊക്കെ പറഞ്ഞ് പോവാമെങ്കിലും ഭംഗിക്ക് അതിന്‍റേതായ അളവുകോലുകളും മാപിനികളുമുണ്ട്.

കാഴ്ചയുടെ ഒറ്റത്തോന്നലിനപ്പുറം സൗന്ദര്യം എന്ന അനുഭൂതി നമ്മുടെ തലച്ചോറിന്‍റെ വളരെ സങ്കീര്‍ണ്ണമായ പ്രക്രിയകളിലൊന്നിന്‍റെ ഫലമായാണെന്ന് ഇന്ന് ന്യൂറോ സയന്‍റിസ്റ്റുകള്‍ വ്യക്തമാക്കുന്നുണ്ട്.

എല്ലാ ദേശങ്ങളിലും സംസ്ക്കാരങ്ങളിലും നിന്നുമുള്ള മനുഷ്യര്‍ സൗന്ദര്യം എന്ന ഈ അനുഭൂതിയെ അവരവരുടെ അനുഭവതലങ്ങളില്‍ നിന്ന് ഈ നിലക്ക് അടയാളപ്പെടുത്തുന്നുണ്ട്.

രൂപം, നിറം, മണം, പ്രതലം, ആകൃതി, അനുപാതം തുടങ്ങി പല കാര്യങ്ങള്‍ പല ചേര്‍ച്ചകളില്‍ യോജിക്കുമ്പോഴാണ് സൗന്ദര്യം എന്ന അനുഭവവും അതുണ്ടാക്കുന്ന ആകര്‍ഷണവും സാധ്യമാകുന്നത്.

മനുഷ്യര്‍ ആര്‍ജ്ജിച്ചെടുക്കുന്ന സ്വാനുഭവങ്ങളും ഇഷ്ടാനിഷ്ടങ്ങളും ആകര്‍ഷണത്തിന്‍റെ ഈ തോതിനെ സ്വാധീനിക്കുന്നുമുണ്ട്. പൂക്കളും പൂമ്പാറ്റകളും തൊട്ട് വിവിധ ജീവജാലങ്ങളില്‍ വരെ പ്രകൃത്യാ തന്നെ ചേര്‍ച്ചയുടെ, രൂപകല്‍പ്പനയുടെ ഈ ലാവണ്യം കാണാം.

സ്വാഭാവികമായ ഈ ക്രമത്തെക്കുറിച്ച് സൗന്ദര്യം സാധ്യമാവുന്ന അനുഭവങ്ങളെക്കുറിച്ച് വലിയ ജാഗ്രതയുള്ളവരാണ്/ഉണ്ടാവേണ്ടവരാണ് ആര്‍ക്കിടെക്റ്റുകള്‍. അപ്പോള്‍ മാത്രമേ കൂടുതല്‍ ഭംഗിയുള്ള, അവനവന്‍റെ ജീവിതത്തെ കുറെക്കൂടി മെച്ചപ്പെടുത്തുന്ന വീടുകളും ഇടങ്ങളും നമുക്ക് പണിതുയര്‍ത്താനാവൂ.

ഒട്ടേറെ പരിഗണനകള്‍ പല നിലക്ക് ആലോചിച്ചാണ് ഓരോ വീടും കെട്ടിടവും രൂപകല്‍പ്പന ചെയ്യുക. ഭംഗി പോലെത്തന്നെ അത് നമ്മുടെ ആവശ്യങ്ങളും പ്രായോഗികതയും കണ്ടറിഞ്ഞാണല്ലോ തുന്നിച്ചേര്‍ക്കുക. ഒട്ടേറെ ഘടകങ്ങളുണ്ടതില്‍.

നിറയെ കാറ്റും വെളിച്ചവും ഉണ്ടാവണം എന്നും നമ്മുടെ ചുറ്റുപാടുകളോട് ഇണങ്ങി പ്രകൃതിയെ ദ്രോഹിക്കാതെ പണിതുതീര്‍ക്കണമെന്നും എല്ലാവരും ആഗ്രഹിക്കുമല്ലോ.

കണ്ടാല്‍ കൊള്ളാമെന്ന് തോന്നുന്ന മുഖവീക്ഷണം (ഫ്രണ്ട് എലിവേഷന്‍) മാത്രമല്ല അതിനടിസ്ഥാനം. വാസ്തുകലയില്‍ മുമ്പ് നിലനിന്നിരുന്ന ചില പാരമ്പര്യ രീതികള്‍ ചില പ്രത്യേക നിയമങ്ങള്‍ക്ക് വിധേയമായിരുന്നു.

പടിപ്പുരയും മതിലുമെല്ലാം രൂപത്തിന്‍റേയും ആകൃതിയുടേയും അളവിന്‍റേയുമൊക്കെ ചില പ്രത്യേക കണക്കുകള്‍ അനുസരിച്ചാണ് നിര്‍മ്മിച്ചിരുന്നത്. ഇതെല്ലാം ചിലപ്പോഴൊക്കെ സാങ്കേതിക വിദ്യയിലും ലഭ്യമായ നിര്‍മ്മാണ സാമഗ്രികളിലുമൊക്കെയുള്ള പരിമിതികള്‍ കൊണ്ട് കൂടിയായിരുന്നു.

പക്ഷേ ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ കാലാവസ്ഥയോടിണങ്ങിയ അകത്തളങ്ങളും ഹൃദ്യമായ അനുപാതത്തിലുള്ള രൂപങ്ങളും പാരമ്പര്യ വീടുകള്‍ക്കുണ്ടായിരുന്നു.

എന്നാല്‍ സാങ്കേതിക വിദ്യയില്‍ നാള്‍ക്കുനാള്‍ പുരോഗമനം സാധ്യമാവുന്ന അനുദിനം പുതിയ സങ്കേതങ്ങള്‍ വിപണിയിലെത്തുന്ന പുതിയ കാലത്ത് പഴയ പരിമിതികള്‍ ഒന്നും തന്നെയില്ലല്ലോ.

എല്ലാത്തരം നിര്‍മ്മാണ സാമഗ്രികളും നമുക്ക് തൊട്ടടുത്ത് കിട്ടാവുന്ന നിലയ്ക്ക് വിപണി നിരന്തരം നവീകരിക്കപ്പെടുന്നുണ്ട്.

പരിമിതികളില്ലാത്ത ഈ കാലത്ത് പക്ഷേ നമുക്ക് വെല്ലുവിളികള്‍ ഏറെയാണ്. നമ്മുടെ നാട്ടിലെ കാലാവസ്ഥ തന്നെ നോക്കൂ. അസഹ്യമായ വേനല്‍ക്കാലം നമുക്കിപ്പോള്‍ പതിവായിരിക്കുന്നു.

അപ്രതീക്ഷിതമായ വെള്ളപ്പൊക്കങ്ങള്‍ നമുക്കിനി ഒറ്റപ്പെട്ട സംഭവങ്ങളുമല്ല. എന്നാല്‍ ഉത്തരവാദിത്തത്തോടെ നമ്മളീ വെല്ലുവിളികളെക്കൂടി അഭിസംബോധന ചെയ്യുന്ന ഒരു നിര്‍മ്മാണ സംസ്ക്കാരം ഉറപ്പ് വരുത്തേണ്ടതല്ലേ?

ഭംഗിയുള്ള ഒപ്പം ഇത്തരം കരുതലുകളെക്കൂടി പരിഗണിക്കുന്ന വീടുകള്‍ നമുക്ക് ശീലമാവേണ്ടതുണ്ട്.

മരവും മണ്ണും ഓടുമൊക്കെ മാറി സ്റ്റീലും കോണ്‍ക്രീറ്റും ഗ്ലാസുമൊക്കെ വന്നപ്പോള്‍ വളരെ അയവും വഴക്കവുമുള്ള നിര്‍മ്മിതികള്‍ രൂപപ്പെടുത്താനുള്ള അവസരം കിട്ടി.

വളഞ്ഞും തിരിഞ്ഞും മറിഞ്ഞും ഭംഗിയുടെ അളവുകോലുകളെ കൂടുതല്‍ സംതൃപ്തമാക്കാന്‍ വീട്ടുകാരും വീടുപണിയുന്നവരും ശ്രമിച്ചു. മലയാളിയുടെ പ്രവാസാനുഭവങ്ങള്‍ പുറംനാടുകളിലെ അതേ രൂപങ്ങളിലെ നിര്‍മ്മിതികള്‍ ഇവിടെയും വേണമെന്ന വീട്ടുകാരുടെ വാശിക്ക് കാരണമായി.

ALSO READ: മിശ്രിതശൈലി

അങ്ങനെ അതിശൈത്യവും അത്യുഷ്ണവുമുള്ള നാടുകളിലേതു പോലെ ചൂടും തണുപ്പും പിടിച്ചു വെക്കുന്ന വീടുകളിലിരുന്ന് നമ്മള്‍ അസ്വസ്ഥരാവാന്‍ തുടങ്ങി. നമ്മുടേത് പോലെ ആര്‍ദ്രത കൂടിയ സമശീതോഷ്ണ കാലാവസ്ഥക്ക് അനുസരിച്ച് വീടുകള്‍ പണിയാനുള്ള സത്യസന്ധമായ ശ്രമം ഉണ്ടാവേണ്ടതുണ്ട്.

വലിയ ജനാലകളും ഉയരമുള്ള ഭിത്തികളും മേല്‍ക്കൂരയും ഇങ്ങനെ നമ്മുടെ കാലാവസ്ഥ കൂടെ പരിഗണിച്ച് അനുസൃതമായ മാറ്റങ്ങള്‍ വരുത്തി രൂപകല്‍പ്പന ചെയ്യണം. ഒപ്പം തദ്ദേശീയ നിര്‍മ്മാണ സാമഗ്രികളും സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തുന്ന നവീന മാതൃകകളെ സാധ്യമാക്കാനുള്ള അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.

പുറംമോടി മാത്രം പരിഗണിച്ച് പണിതുയര്‍ത്തിയിരിക്കുന്ന ‘കന്‍റംപ്രറി’ വീടുകളുടെ വലിയ ആധിക്യം ഇന്ന് കേരളത്തിലുണ്ട്.

You May Like: ഹൈടെക് വീട്

വീടിനു ചുറ്റും പണിതുയര്‍ത്തിയിരിക്കുന്ന പര്‍ഗോളകള്‍, ഗ്ലാസ്സിലും കോണ്‍ക്രീറ്റിലും പണിതിട്ടും പണിതിട്ടും മതി തീരാത്ത ആഘോഷമാക്കി പുതിയ വീടുകളെ നാം മാറ്റിത്തീര്‍ക്കുമ്പോള്‍ അത്ര ഇഷ്ടം തോന്നുന്ന സ്വന്തം എന്ന നിലക്ക് ചേര്‍ത്തു നിര്‍ത്താവുന്ന എന്തോ ഒന്നിന്‍റെ കുറവ് ആ കെട്ടിടങ്ങള്‍ക്ക്, ഭീമന്‍ നിര്‍മ്മിതികള്‍ക്ക് ഇല്ലാതെ പോവുന്നെന്ന് പലരും പരിഭവം പറയാറുണ്ട്.

ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ

പ്രച്ഛന്ന വേഷ മത്സരത്തിനൊരുങ്ങിയതു പോലെ വേറെ എന്തോ ഒന്നായി അത് നമ്മുടെ സ്വത്വത്തെ മറക്കുന്നു. നല്ലൊരു മഴ പെയ്തു കഴിഞ്ഞാല്‍ വീട്ടിനകത്തെ പല ഇടങ്ങളും ഒറ്റയടിക്ക് ഉപയോഗശൂന്യമാവുന്നു.

എന്നാലോ, ഇത്തിരി മഴയൊക്കെ കണ്ട് ഒരു പുസ്തകം വായിച്ചോ, കാപ്പി കുടിച്ചോ വെറുതേയിരിക്കാന്‍ പറ്റിയ രസകരമായ ചില ഇടങ്ങള്‍ ഒട്ടുമില്ല താനും. എന്തൊരു കഷ്ടമാണത്! പ്രശ്നം മോഡേണ്‍ ആവുന്നതോ മറ്റേതെങ്കിലും മാതൃക പിന്തുടരുന്നതോ ആണോ?

അല്ലേയല്ല. പ്രശ്നം വാസ്തുകലയിലെ വിവിധ ധാരകളേയും രീതികളേയും ഒട്ടും മനസ്സിലാക്കാതെയുള്ള രൂപകല്‍പ്പനകളാണ്.
എലിവേഷന്‍ എന്ന 2ഉ ഇമേജിനപ്പുറം വാസ്തുകല വിവിധ തരത്തിലുള്ള ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഇടങ്ങളുടെ രസകരമായ ചേര്‍ച്ച ആവശ്യപ്പെടുന്നുണ്ട്.

തണുപ്പുകാലത്ത് ചൂടും ചൂടുകാലത്ത് തണുപ്പും നല്ല വായുസഞ്ചാരമുള്ള സ്വാസ്ഥ്യത്തിന്‍റെ ഇടങ്ങളാണ് നല്ല വാസ്തു കല സ്വപ്നം കാണുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക.

ALSO READ: ഹരിത ഭംഗിയില്‍

ആളുകളെ അതിശയിപ്പിക്കുന്ന ഭീമന്‍ വീടുകളേക്കാള്‍ നമുക്കായി തുന്നിയെടുത്ത, നമ്മളെ അതിശയിപ്പിക്കുക മാത്രമല്ല നമ്മുടേത് എന്ന് അനുഭവിപ്പിക്കുന്ന, നമുക്ക് വേണ്ടപ്പെട്ടവര്‍ക്കെല്ലാം സ്വാഗതമരുളുന്ന ഇടങ്ങളാണ് നമുക്കാവശ്യം.

ആര്‍ക്കിടെക്റ്റ് ഹരിത സി.

ഒരു ആര്‍ക്കിടെക്റ്റിന്‍റെ പ്രസക്തി ഇവിടെയാണ്. സൗന്ദര്യം എന്ന അനുഭൂതി പുറംമോടിയുടെ പകിട്ടില്‍ നിന്ന് മാത്രം ലഭിക്കുന്ന ഒന്നല്ലെന്നും ഒരു ജനത എന്ന നിലക്ക് നമ്മുടെ നാളിതുവരെയുള്ള വികാസവുമായി അത് ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്നും നമുക്കറിയാം.

വിഭവങ്ങളുടെ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗവും നൈതികമായ നിര്‍മ്മാണ രീതികളും സത്യസന്ധവും നിഷ്കളങ്കവുമായ അവതരണവുമെല്ലാം കണക്കിലെടുത്ത് രൂപകല്‍പ്പന ചെയ്യുമ്പോഴാണ് ഓരോ വീടും ആനന്ദം നിറഞ്ഞ ഒരു അനുഭവമാകുന്നത്.

RELATED READING: ശൈലികള്‍ക്കപ്പുറം ഔട്ട്‌ഡേറ്റാവാത്ത ആഡംബര വീട്

എന്നാലോ, കാഴ്ചക്കാര്‍ക്ക് സൗന്ദര്യത്തിന്‍റെ കുറവ് ഒട്ടും തോന്നുകയുമില്ല. അത്യന്തികമായി ഭംഗിയുള്ളതെന്തും ആനന്ദത്തിന്‍റെ അനുഭവങ്ങളാണല്ലോ.

  • ലേഖിക: ആര്‍ക്കിടെക്റ്റ് ഹരിത സി., അസിസ്റ്റന്‍റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ആര്‍ക്കിടെക്ചര്‍, ടി.കെ.എം. എഞ്ചിനീയറിങ് കോളേജ്, കൊല്ലം.
  • Email: harithacivic@gmail.com
  • ചിത്രങ്ങള്‍ക്ക് കടപ്പാട്: ആര്‍ക്കിടെക്റ്റ് ഹരിത സി, ഫോട്ടോഗ്രഫി: പ്രതാപ് ജോസഫ് & അജീബ് കൊമാച്ചി.

Be the first to comment

Leave a Reply

Your email address will not be published.


*