
ഡിസൈനർ/ ആർക്കിടെക്ട്/ എൻജിനീയറെ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ഇഷ്ടവീടിന് ചേരുന്നവരാണോ എന്നുനോക്കണം. കണ്ടംപ്രറി വീടിൽ വൈദഗ്ധ്യമുള്ളവരെ വച്ച് ട്രെഡീഷണൽ വീട് മനസ്സിനൊത്ത് ഒരുക്കാനായില്ലെന്നുവരും. ബന്ധുവോ സുഹൃത്തോ നിർദേശിച്ച ഡിസൈനർ എന്നതാകരുത് ഡിസൈനറെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം.വീട്ടുകാരുമായി ചർച്ച നടത്തുന്ന ഡിസൈനറെ വേണം തിരഞ്ഞെടുക്കാൻ. നമ്മുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകി മികച്ച ഡിസൈൻ ഒരുക്കുന്നവരായിരിക്കണം അവർ. ഏതുതരത്തിലുള്ള വീടാണ് നമ്മൾ ആഗ്രഹിക്കുന്നതെന്നും, വീടിനുള്ളിലെ സൗകര്യങ്ങൾ എന്തൊക്കെ വേണമെന്നും കൃത്യമായി പറയുകയോ എഴുതിത്തയ്യാറാക്കി നൽകുകയോ ചെയ്യാം. വീട് നിർമിക്കുന്ന ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും പറ്റിയുള്ള പശ്ചാത്തലം, ലൈഫ് സ്റ്റൈൽ ഒക്കെ ആർക്കിടെക്ട് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതനുസരിച്ച് രൂപപ്പെടുത്തുന്ന ഡിസൈൻ വീട്ടിനുള്ളിലും വീട്ടുകാരുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കും.
ഡിസൈനർ ചെയ്ത മുൻവർക്കുകൾ കണ്ട് ഇഷ്ടപ്പെട്ട ശേഷം മാത്രം തിരഞ്ഞെടുക്കാം. നേരത്തേ വെട്ടി സൂക്ഷിച്ച രണ്ടോ മൂന്നോ ചിത്രങ്ങളും റഫറൻസായി നൽകാം. ഡിസൈനർ ചെയ്യുന്നത് ക്രിയേറ്റീവ് വർക്ക് ആണ് എന്ന് മനസ്സിലാക്കി വേണ്ട സമയം നൽകണം. ധൃതിപിടിക്കുന്നത് ഡിസൈനിങ്ങും വീടുനിർമാണവും കുഴപ്പത്തിലാക്കും.റഫ് സ്കെച്ചിൽതന്നെ വാസ്തുവിദഗ്ധനെ വീടിന്റെ പ്ലാൻ കാണിച്ച് ഉത്തമമാണോ എന്നുനോക്കാം. എല്ലാം തീരുമാനിച്ച ശേഷം പിന്നീട് മാറ്റി പണിയുമ്പോൾ സമയവും പണവും നഷ്ടമാകും.ഡിസൈനർ ഫസ്റ്റ് റഫ് സ്കെച്ച് വരച്ചുനൽകിയാൽ അത് വിശദമായി പരിശോധിക്കുക. അഭിപ്രായങ്ങളും ഉൾപ്പെടുത്തണമെന്നാഗ്രഹിക്കുന്ന മാറ്റങ്ങളും ഈ ഘട്ടത്തിൽ പറയുക.വിദഗ്ധനായ ആർക്കിടെക്ടിനെ പണി ഏൽപ്പിക്കുകയാണെങ്കിൽ പിന്നീടൊരു ഇന്റീരിയർ ഡിസൈനറെ കൊണ്ടുവരേണ്ടതില്ല. ആർക്കിടെക്ട് സ്ഥലത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് നന്നായി പഠനം നടത്തിയശേഷം മാത്രമേ വീട് പണിയാൻ തുടങ്ങുള്ളൂ.
ഫ്ളോർ പ്ലാൻ, ത്രീഡി, വർക്കിങ് ഡ്രോയിങ്, സ്ട്രക്ച്ചറൽ ഡിസൈൻ ഡ്രോയിങ്, നിർമാണ അനുമതി നേടിയെടുക്കാൻ വേണ്ട ഫയലുകൾ, നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കുള്ള വിശദമായ ഡ്രോയിങ്ങുകൾ, ഇലക്ട്രിക്കൽ, പ്ലംബിങ് ഡ്രോയിങ്ങുകൾ, ഇന്റീരിയർഡിസൈൻ ഡ്രോയിങ്ങുകൾ തുടങ്ങി വിവിധ കാര്യങ്ങൾ ഒരു വീട് പണിക്ക് ആവശ്യമാണ്. ഇതിൽ ഏതൊക്കെ സേവനങ്ങൾ ആണ് നമുക്ക് വേണ്ടത് എന്നും ഏതൊക്കെ സേവനങ്ങൾ ആർക്കിടെക്ടിൽനിന്ന് ലഭിക്കും എന്നും കൃത്യമായി മനസ്സിലാക്കിയിരിക്കണം. വീടിന്റെ പണി കഴിയുന്നതുവരെ അവരുടെ മേൽനോട്ടവും സാന്നിധ്യവുമുണ്ടാവുമെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഏൽപ്പിക്കുക.
Be the first to comment