
തമിഴ്നാട്ടിലെ കുനൂരിന് സമീപം തകർന്നുവീണ MI 17 -V5 ഹെലികോപ്റ്ററിന്റെ അവസാന നിമിഷങ്ങൾ എന്നു കരുതപെടുന്ന ദൃശ്യങ്ങൾ പുറത്ത്. തദ്ദേശവാസികൾ അവിചാരിതമായി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ഇതുവരെ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങൾ യഥാർത്ഥമാവാനുള്ള സാധ്യതയാണ് മുന്നിൽ തെളിയുന്നത്.
മലയിടുക്കിലെ ട്രെയിൻ പാളത്തിലൂടെ നടന്നു വരുന്ന ഒരു സംഘം, കനത്ത മൂടൽമഞ്ഞിലൂടെ ഹെലികോപ്റ്റർ താഴ്ന്നുപറക്കുന്ന ദൃശ്യങ്ങളാണ് പകർത്തിയത്. മഞ്ഞിലേക്ക് അപ്രത്യക്ഷമാവുന്ന ഹെലികോപ്റ്റർ പറന്നിരുന്ന ഭാഗത്ത്, വൻ സ്ഫോടന ശബ്ദം ഉണ്ടാവുന്നതും, സംഘ ത്തിലുള്ളയാൾ “ഉടഞ്ചിട്ടാ “(തകർന്നോ?) എന്നു ചോദിക്കുന്നതും വ്യക്തമാണ്. കാലാവസ്ഥ അനുകൂലമായിരുന്നില്ല എന്നവാദത്തെ പൂർണമായും ശരിവെക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.2008ലെ കരാർ പ്രകാരം 2013ൽ ഇന്ത്യയിലെത്തിയ റഷ്യൻ MI 17-V5 എന്ന വ്യോമസേനയിലെ വിശ്വസ്തൻ, രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി തുടങ്ങിയ പ്രമുഖരുടെ യാത്രക്ക് ഉപയോഗിക്കുന്നതാണ്. പൈലറ്റ്, കോ – പൈലറ്റ്, ഫ്ലൈറ്റ് എഞ്ചിനീയർ എന്നിവർ നിയന്ത്രിക്കുന്ന, മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയുള്ള,18 മീറ്റർ നീളവും 13000 കിലോ ഭാരവാഹകശേഷിയുമുള്ള ഈ ഹെലികോപ്റ്ററിന്റെ തകർച്ച വ്യോമയാന മേഖലയിൽ വൻ ചോദ്യങ്ങൾക്ക് വഴിവക്കും. അപകട അന്വേഷണത്തിലുണ്ടാവുന്ന എണ്ണമറ്റ ചോദ്യങ്ങൾക്ക് ഉത്തരംതേടാൻ ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ അതി നിർണ്ണായകമാവും എന്നത് തീർച്ചയാണ്.
Be the first to comment