കോട്ടയത്ത്‌ കനത്തമഴ, കൊയ്തു കൂട്ടിയ നെല്ല് നശിക്കുന്നു.

കനത്തമഴയും വെള്ളം പൊങ്ങിയതും കോട്ടയത്തെ നെല്‍ കര്‍ഷകരുടെ പ്രതീക്ഷകളാണ് തകര്‍ത്തത്.കോട്ടയം കുമരകം മേഖലയില്‍ 250 ടണ്‍ നെല്ലാണ് വെള്ളത്തില്‍ മുങ്ങിയത്. കൊയ്തെടുത്ത നെല്ല് രണ്ടാഴ്‌ചയായി പാടത്തു തന്നെ കിടക്കുകയാണ്. നെല്ല് സംഭരണം വൈകിയതാണ് കര്‍ഷകരുടെ വിള നശിക്കാന്‍ കാരണം. പെട്ടെന്ന് വെള്ളം എത്തിയതിനാല്‍ നെല്ല് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും കഴിഞ്ഞില്ല. കായലിനോട് ചേര്‍ന്നുകിടക്കുന്ന പാടശേഖരങ്ങളില്‍ വാഹനസൗകര്യം ഇല്ലാത്തതിനാല്‍ ഇവിടെ നിന്നും വള്ളത്തില്‍ കയറ്റി നെല്ല് പുറത്ത് എത്തിക്കണം.തിരുവാര്‍പ്പ് ഭാഗത്ത് റോഡു പണി നടക്കുന്നതിനാല്‍ കരമാര്‍ഗം നെല്ല് കൊണ്ടുപോകാനും കഴിയില്ല. ഇറമ്ബം ഭാഗത്തെ പാടശേഖരങ്ങളില്‍ 40 ലോഡ് നെല്ല് കൊയ്‌ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇപ്പോഴെങ്കിലും നെല്ല് സംഭരിക്കുകയാണെങ്കില്‍ കുറച്ച്‌ നെല്ലെങ്കിലും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കര്‍ഷകര്‍. നെല്ല് കൂട്ടിയിട്ട് പ്ലാസ്റ്റിക് ചാക്കുകൊണ്ട് മൂടിയിരിക്കുകയാണ് ഇവിടെ. അടിഭാഗത്ത് വെള്ളം കെട്ടി നില്‍ക്കുന്നുമുണ്ട്. നനവ് ഉള്ളതിനാല്‍ അധിക ദിവസം ഈ നില തുടരാനാവില്ല.

മഴ തുടരുന്നതിനാല്‍ നെല്ല് വില്‍ക്കാനോ ഉണക്കിയെടുക്കാനോ കഴിയില്ല. ഇത്തവണ കാര്യമായ വിളവും കര്‍ഷകര്‍ക്ക് കിട്ടിയില്ല. ഏക്കറിനു 10 ഉം 15 ഉം ക്വിന്‍റലാണ് പലര്‍ക്കും കിട്ടിയത്. കിട്ടിയ നെല്ല് സംഭരിക്കാന്‍ സപ്ലൈകോ നടപടിയെടുക്കാത്തതിനാല്‍ കര്‍ഷകര്‍ കടക്കെണിയിലായിരിക്കുകയാണ്. കൊയ്‌ത നെല്ല് നശിക്കുന്നത് നോക്കി കണ്ണീരൊഴുക്കുകയാണ് കര്‍ഷകര്‍

Be the first to comment

Leave a Reply

Your email address will not be published.


*