
കനത്ത മഴ ;യാസ് ഒഡീഷയില്‍ കരതൊട്ടു;ബംഗാളില്‍ അതീവ ജാഗ്രത
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കര തൊട്ടു. രാവിലെ ഒമ്പത് മണിയോടെയാണ് ‘യാസ’ കരയിൽ ആഞ്ഞുവീശിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെ ബലാസോറിന് തെക്ക് കിഴക്കാണ് ചുഴലിക്കാറ്റ് ശക്തമായി വീശിയടിച്ചത്.
മണിക്കൂറിൽ 170 കി.മീറ്റർ വേഗതിയിൽ കൊടുങ്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുകയും ഉച്ചയോടെ വടക്കൻ ഒഡീഷ, ബംഗാൾ തീരം കടക്കുകയും ചെയ്യും. പ്രതീക്ഷിക്കുന്ന പരമാവധി വേഗത – മണിക്കൂറിൽ 185 കിലോമീറ്റർ – മണിക്കൂറിൽ 155 കിലോമീറ്ററായി പരിഷ്ക്കരിച്ചു. ഇത് വൈകുന്നേരത്തോടെ മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയായി കുറയുമെന്നുമാണ് പ്രവചിക്കുന്നത്.
ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ തീരമേഖലകളിൽനിന്ന് പതിനൊന്നു ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറ്റിയത്. ആന്ധ്രാപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളിൽ അതിജാഗ്രത പുലർത്താൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി കളക്ടർമാരോട് നിർദേശിച്ചിരുന്നു.
യാസിനുമുന്നോടിയായി വീശിയ ചുഴലിയിൽ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.
ഇതിനിടെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളിൽ മഞ്ഞജാഗ്രത നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്.തെക്കുപടിഞ്ഞാറൻ കാലവർഷം മാലദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലേക്ക് മുന്നേറിയിട്ടുണ്ട്. കാലവർഷത്തിന്റെ മുന്നേറ്റത്തിന് അനുകൂലമാണ് ഘടകങ്ങൾ. 31-നോ അതിനുമുമ്പോ കേരളത്തിൽ കാലവർഷമെത്തും
Be the first to comment