
കോവിഡ് കാലത്തും നിങ്ങൾക്ക് സന്തോഷത്തോടെയിരിക്കാം; ഈകാര്യങ്ങൾക്ക് പ്രാധാന്യം നൽകുക.കോവിഡ് 19 വൈറസിൻറെ ഒന്നാം തരംഗവും രണ്ടാം തരംഗവും കഴിഞ്ഞ് മൂന്നാമതൊരു ആഘാതത്തിനുള്ള കാലം വിദൂരമല്ലെന്ന് വിദഗ്ധർ പറയുന്നു. നിരവധി ജനിതകമാറ്റങ്ങള്ക്ക് വിധേയമായ മാരക പ്രഹരശേഷിയുള്ള വൈറസാണ് ഇന്ന് പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നത്.
ഭയം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ പലരെയും ഇതിനകം പിടികൂടിയിട്ടുണ്ടാകും. ചില സമയങ്ങളിൽ പലർക്കും അനിശ്ചിതത്വം നേരിടേണ്ടിവരുന്നു. എന്നാല്, കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ആളുകൾ ഭയം അനുഭവിക്കുന്നത് സാധാരണമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ അംഗീകരിച്ചിട്ടുണ്ട്. 2020 ആദ്യം തുടങ്ങി ഇപ്പോൾ 2021 മധ്യത്തോടടുത്തിരിക്കുകയാണ്. പക്ഷേ ജീവിതം ഇപ്പോഴും സാധാരണ നിലയിലല്ല. വീട്ടിൽ നിന്ന് ജോലിചെയ്യൽ , തൊഴിലില്ലായ്മ, കുട്ടികളുടെ ഹോം-സ്കൂൾ വിദ്യാഭ്യാസം, മറ്റുള്ളവരെ കാണാതെയുള്ള ഇരിപ്പ് എന്നിവയൊക്കെ പലരിലും പലതരത്തിലുള്ള സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ നിങ്ങളുടെ സന്തോഷം ചെറിയതരത്തിലെങ്കിലും തിരികെ ലഭിക്കുന്നത് നല്ല കാര്യമല്ലേ? അതിനായുള്ള ചില വഴികൾ ഇതാ.
നിങ്ങൾ തനിച്ചല്ലെന്ന് ഓർക്കുക ഇത് നിങ്ങൾക്ക് മാത്രമാണ് മോശം സമയമെന്ന് ചിന്തിക്കാതിരിക്കുക. ഇത് നിങ്ങളുടെ തെറ്റല്ലെന്ന് അറിയാനും അംഗീകരിക്കാനും മനസിനെ പ്രാപ്തമാക്കുക. നിങ്ങളെപ്പോലെതന്നെ ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾ ഒരേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ , ഈ വിഷമഘട്ടം നിങ്ങൾക്ക് മാത്രം സംഭവിച്ചതാണെന്നുള്ള ചിന്ത മനസിൽ നിന്ന് കളയുക.
ഈ കാലവും കടന്നുപോകും നിലവിലെ ഈ സ്ഥിതി എല്ലാക്കാലവും ഇങ്ങനെയായിരിക്കില്ലെന്ന് ഓർമ്മിക്കുക . ഒരുനാൾ ഇതും കടന്നുപോകും. നിരവധി മഹാമാരികളും ലോകമഹായുദ്ധങ്ങളും കടന്ന് ലോകം മുന്നേറിയിട്ടുണ്ട്. അതിനാൽ ഒരു പുത്തൻ പ്രതീക്ഷയുടെ നാളെ നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെന്ന് മനസിലാക്കുക.
നല്ല ഉറക്കം നേടുക
സന്തോഷത്തെടയും ഉന്മേഷത്തോടെയുമിരിക്കാൻ നിങ്ങൾക്ക് മികച്ച ഉറക്കം ആവശ്യമാണ്. പലരും ഇപ്പോൾ വീട്ടിൽ തന്നെ തുടരുന്നവരായിരിക്കാം. അല്ലെങ്കിൽ ക്വാറന്റെനിൽ കഴിയുന്നവരായിരിക്കാം. അതിനാൽ ഈ സമയം നിങ്ങൾക്ക് വിശ്രമത്തിനുള്ളതാണെന്ന് മനസിലാക്കുക. വിഷമങ്ങളെക്കുറിച്ച് ആലോചിക്കാതെ നിങ്ങളുടെ സന്തോഷത്തിനായി വിശ്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
പഠനം തുടരുക
ഈ പകര്ച്ചവ്യാധി കാലത്ത് മിക്കയിടങ്ങളിലും പഠനം ഇപ്പോള് ഓണ്ലൈനായാണ് നടന്നുവരുന്നത്. അതിനാല്, നിങ്ങളുടെ ഈ സമയം ഏതെങ്കിലും വിധത്തിലുള്ള പഠനത്തിനായി നീക്കിവയ്ക്കുക. കുട്ടികള്ക്ക് സ്കൂളുകളിലെ ഓണ്ലൈന് ക്ലാസുകളുണ്ടായിരിക്കും. മുതിര്ന്നവര് അത്തരത്തില് നിങ്ങള്ക്ക് പ്രയോജനകരമാകുന്ന ഓണ്ലൈന് കോഴ്സുകളില് ചേരാന് ശ്രമിക്കുക. ഒരു പുതിയ ഭാഷ പഠിക്കാം അല്ലെങ്കില് യുട്യൂബ് വീഡിയോകള് എങ്ങനെ നിര്മ്മിക്കാമെന്ന് മനസിലാക്കാം.
ധ്യാനം
ധ്യാനം പരിശീലിക്കുന്നതിലൂടെ കൂടുതല് കാലം നിങ്ങള്ക്ക് ശാന്തവും ആരോഗ്യകരവുമായ ജീവിതം നയിക്കാന് സാധിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. ഓണ്ലൈനില് ഇതിനായി നിങ്ങള്ക്ക് നിരവധി ഓപ്ഷനുകള് ലഭ്യമാണ്. വീട്ടില് ശാന്തവും സമാധാനവുമായ ഒരു സ്ഥലം കണ്ടെത്തി ഓണ്ലൈന് വഴി നിങ്ങള്ക്ക് ധ്യാനം പരിശീലിക്കാവുന്നതാണ്. നിങ്ങളുടെ നാഡീ സമുച്ചയം ശക്തിപ്പെടുത്തുന്നതിലൂടെ ഇത് നിങ്ങളുടെ പ്രതിരോധശേഷിയും വര്ദ്ധിപ്പിക്കും.
നന്ദിയുള്ളവരായിരിക്കുക
ലോകം ഇന്ന് ഒരു കഠിനമായ അവസ്ഥയിലായിരിക്കാം. എന്നാല് നിങ്ങളുടെ തലയ്ക്ക് മുകളില് ഒരു മേല്ക്കൂരയുണ്ട്. അതിജീവിക്കാന് സഹായിക്കുന്ന അറിവ് നിങ്ങള്ക്കുണ്ട്. ജീവിതം മങ്ങിയതായി തോന്നുമ്പോഴും, നന്ദിയുള്ളവരായിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീട്, ആരോഗ്യം, കുടുംബം, സുഹൃത്തുക്കള്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള് എന്നിവയെല്ലാം നിങ്ങള്ക്കായി ഉണ്ട്. നിങ്ങള്ക്കുള്ള സൗകര്യങ്ങള് ഇല്ലാത്ത അനേകലക്ഷം പേര് ഈ ലോകത്തുണ്ടെന്ന് ചിന്തിക്കുക. നിങ്ങളുടെ സൗകര്യങ്ങളില് നിങ്ങള് സന്തുഷ്ടരായിരിക്കുക. ഈ ചിന്ത മികച്ച അനുഭവം നേടാന് നിങ്ങളെ സഹായിക്കും.
വ്യായാമം
ഇതിനകം തന്നെ ഓരോരുത്തരുടെയും ദിനചര്യയുടെ ഭാഗമായിരിക്കേണ്ട ഒന്നാണ് വ്യായാമം. ശാരീരിക നേട്ടങ്ങള്ക്ക് പുറമെ, വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തില് എന്ഡോര്ഫിനുകള് പുറപ്പെടുവിക്കുന്നു. ഇത് നിങ്ങളിൽ പോസിറ്റീവ് വികാരങ്ങൾ നിറയ്ക്കുന്നു. നിങ്ങളുടെ ദിവസം മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പ്ലാനുകളിൽ ഉറച്ചുനില്ക്കുകയും ചെയ്യുക. ദിവസവും വ്യായാമത്തിനായി ഒരു നിശ്ചിത സമയം നീക്കിവയ്ക്കുക.
ഒരു ഹോബി തിരഞ്ഞെടുക്കുക പൂന്തോട്ടപരിപാലനം, പാചകം, വായന, കളികൾ .. എന്തുമാകാം. നിങ്ങൾക്ക് സന്തോഷം നല്കുന്ന എന്തെങ്കിലും ഹോബികള് തിരഞ്ഞെടുക്കുക. 10 വര്ഷം മുമ്പ് നിങ്ങള് വായിച്ച അതേ പുസ്തകം ഒരുതവണ കൂടി സന്തോഷത്തോടെ വായിക്കുക. വീട്ടില് ഒരു മികച്ച പൂന്തോട്ടം തയാറാക്കുക. അങ്ങനെ പലപല കാര്യങ്ങൾ നിങ്ങൾക്ക് ഈ മഹാമാരിക്കാലത്ത് വീട്ടിലിരിക്കുമ്പോൾ ചെയ്യാവുന്നതാണ്. ഹോബികളിലൂടെ നിങ്ങൾക്ക് മാനസിക സന്തോഷം നേടാന് സാധിക്കും.
Be the first to comment