
കാലം ചെയ്ത പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഭൗതിക ശരീരം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകത്ത് രാത്രിയോടെ എത്തിച്ചു. പിതാവിൻ്റെ ഭൗതിക ശരീരം ദർശിക്കാൻ ഇപ്പോഴും ആളുകൾ ദേവലോകത്തെ അരമനയിലേക്ക് എത്തുകയാണ്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാവും ചടങ്ങുകൾ നടക്കുക.
ഇന്ന് രാവിലെ കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കുര്‍ബാനയ്ക്കു ശേഷം എട്ടു മണിയോടെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പൊതു ദര്‍ശനത്തിനായി അരമന കോംപൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റും. കബറടക്കം വൈകിട്ട് അഞ്ചു മണിയോടെ പൂർത്തിയാകും
രാത്രി 11.45ഓടെയാണ് ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ദേവലോകത്ത് എത്തിയത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണു വിലാപയാത്ര പരുമലയില്‍നിന്നു കോട്ടയത്തേക്ക് എത്തിയത്
ദേവലോകത്ത് എത്തിച്ച ഭൗതിക ശരീരം കാതോലിക്കേറ്റ് അരമന ചാപ്പലിലാണു ഇപ്പോഴുള്ളത്.
വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി വൈകിട്ട് മൂന്നോടെ അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു കൊണ്ടു വന്ന് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് അഞ്ചു മണിയോടെ അരമന ചാപ്പലിനോടു ചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേര്‍ന്നുള്ള കബറിടത്തില്‍ സംസ്‌കാരം നടത്തും.
തിങ്കളാഴ്ച രാവിലെ ആറു മുതല്‍ പരുമല പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ച പരിശുദ്ധ ബാവായുടെ ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ എത്തി.
കബറടക്ക ശുശ്രൂഷകളുമായി ബന്ധപ്പെട്ട കോട്ടയം നഗരത്തില്‍ ഇന്ന് രാവിലെ 6.00 മണി മുതല്‍ താഴെപ്പറയുന്ന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിട്ടുണ്ട്
1. കോട്ടയം ടൗണില്‍ നിന്നും കൊല്ലാട് ഭാഗത്തേക്ക് one-way ഗതാഗതം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കടുവാക്കുളം ഭാഗത്തു നിന്നും കഞ്ഞികുഴി, കോട്ടയം ടൗൺ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കടുവാക്കുളത്തുനിന്നും തിരിഞ്ഞ് ദിവാന്‍ കവല, മണിപ്പുഴ വഴി പോകേണ്ടതാണ്.
2. കടുവാക്കുളം ഭാഗത്തു നിന്നും മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നാല്‍ക്കവലയില്‍ നിന്നും തിരിഞ്ഞ് പാറക്കല്‍ കടവ്, പുതുപ്പള്ളി വഴി പോകേണ്ടതാണ്.
3. സംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തുന്ന VVIP വാഹനങ്ങള്‍ക്ക് അരമനയുടെ കോമ്പൗണ്ടിൽ പാര്‍ക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്. മറ്റുള്ള വാഹനങ്ങള്‍ മാര്‍ ബസേലിയസ് സ്കൂൾ ഗ്രൗണ്ടിലെത്തി പാര്‍ക്ക് ചെയ്യേണ്ടതും വാഹനങ്ങളില്‍ എത്തുന്നവരെ അവിടെനിന്നും സഭാ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക വാഹനങ്ങളില്‍ അരമനയില്‍ എത്തിക്കുന്നതും തിരികെ സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിക്കുന്നതുമാണ്.
Be the first to comment