
ചോക്കലേറ്റ് തവളയെ കണ്ടെത്തി; സാന്നിധ്യം ന്യൂ ഗിനിയയിൽ മാത്രം
ഓസ്ട്രേലിയ വൻകരയിൽ വളരെ വ്യത്യസ്തമായ പുതിയ തവളയിനത്തെ കണ്ടെത്തി.ലിറ്റോറിയ മിറ എന്നാണു ഈ തവളയുടെ ശാസ്ത്രീയ നാമം. ലത്തീൻ ഭാഷയിൽ മിറ എന്നാൽ വിചിത്രം എന്നാണർഥം. ചോക്കലേറ്റ് ഫ്രോഗ് എന്നു വിളിപ്പേരിട്ടിരിക്കുന്ന തവളയെ കണ്ടെത്തിയത് ഓസ്ട്രേലിയൻ ജന്തുശാസ്ത്രജ്ഞനും സൗത്ത് ഓസ്ട്രേലിയൻ മ്യൂസിയത്തിലെ തവള സ്പെഷലിസ്റ്റുമായ സ്റ്റീവ് റിച്ചഡ്സാണ്. ഓസ്ട്രേലിയ വൻകരയുടെ ഭാഗമായതും ഇന്തൊനീഷ്യ, പാപ്പുവ ന്യൂഗിനിയ രാജ്യങ്ങളുടെ ഭരണത്തിലുള്ള പ്രദേശങ്ങളടങ്ങിയതുമായ ന്യൂ ഗിനിയ ദ്വീപിലെ വളരെ ദുർഘടമായ ചതുപ്പുനിലങ്ങളിലാണ് ചോക്കലേറ്റ് നിറമുള്ള ഈ തവള ജീവിക്കുന്നത്. ഇതുകൊണ്ടാകാം ഇത്ര കാലം ആരുമിതിനെ കണ്ടെത്താഞ്ഞതെന്ന് റിച്ചഡ്സ് പറയുന്നു. മുതലകളും വമ്പൻ കടന്നൽക്കൂടുകളുമൊക്കെയുള്ള ഭൂപ്രദേശത്തുകൂടി സാഹസികയാത്ര നടത്തിയാണു ചോക്കലേറ്റ് തവളയെ റിച്ചഡ്സിനു കിട്ടിയത്.
ഓസ്ട്രേലിയയിൽ സാധാരണയായി കാണപ്പെടുന്ന ഗ്രീൻ ട്രീ ഫ്രോഗ് എന്നിനം പച്ചത്തവളയുടെ അതേ കുടുംബത്തിൽ പെട്ടതാണു ചോക്കലേറ്റ് തവളയുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. തിളങ്ങുന്ന ചോക്കലേറ്റ് നിറമുള്ള തൊലിയൊഴിച്ചാൽ ഇവ തമ്മിൽ വേറൊരു വ്യത്യാസവുമില്ല. എന്നാൽ ജനിതകപരമായി ഇരു തവളകളും രണ്ടു ധ്രുവങ്ങളിലാണ്. ഇവ തമ്മിൽ പ്രജനനവും സാധ്യമല്ല.പൂർണവളർച്ചയിൽ എട്ടു സെന്റിമീറ്റർ വരെ വലുപ്പമെത്തുന്നവയാണു ചോക്കലേറ്റ് തവളകൾ. തലയ്ക്കു പിൻവശത്തായി ലാവൻഡർ നിറത്തിലുള്ള പുള്ളികളുമുണ്ട്.ലിറ്റോറിയ മിറ എന്നാണു ഈ തവളയുടെ ശാസ്ത്രീയ നാമം. ലത്തീൻ ഭാഷയിൽ മിറ എന്നാൽ വിചിത്രം എന്നാണർഥം.ചതുപ്പുനിലങ്ങൾ വിട്ടു യാത്രചെയ്യാൻ മനസ്സില്ലാത്ത ഒരു തികഞ്ഞ അലസനാണു ചോക്കലേറ്റ് തവളയെന്നു സ്റ്റീവ് റിച്ചഡ്സ് പറയുന്നു. അതിനാൽ തന്നെ ഭൂമിയിൽ ഇവയുടെ സാന്നിധ്യമുള്ളത് ന്യൂ ഗിനിയ ദ്വീപിൽ മാത്രമായിരിക്കും.ഏതായാലും ചോക്കലേറ്റ് തവളയുടെ ചിത്രങ്ങളും വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് .
Be the first to comment