ഊണിനൊപ്പം കൊതിയൂറും മീൻമുട്ട തോരൻ

മീൻമുട്ട വറുത്താലും തോരൻ വെച്ചാലും അതിന്റെ രുചി ഒന്നു വേറെ തന്നെയാണ്. സാധാരണ മീൻമുട്ട വളരെ കുറച്ച് അളവിലാണ് ലഭിക്കുന്നത്. എന്നാൽ ചില മീനുകൾക്കൊപ്പം വലിയ അളവിലുള്ള മുട്ട ലഭിക്കാറുണ്ട്. അത്തരത്തിലൊരു മീനാണ് രോഹു (Carpo fish). ഒരു ക്രിക്കറ്റ് ബോളിനൊപ്പം വലുപ്പമുണ്ടാകും ഇവയുടെ മുട്ടകൾ നിറഞ്ഞ സഞ്ചിക്ക്. രോഹു മത്സ്യം പ്രോട്ടീനിന്റെ കലവറയാണ്. അതുപോലെ  ഒമേഗ 3 ഫാറ്റി ആസിഡ്സ്, വൈറ്റമിൻ എ, ബി, സി യും ഇതിൽ ഉണ്ട്. രോഹു മീനിന്റെ മുട്ട പൊരിച്ചതിനും തോരനും അപാര രുചിയാണ്. വളരെ എളുപ്പത്തിൽ മീൻ മുട്ടത്തോരൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ

രോഹു മീനിന്റെ മുട്ട

സവാള വലുത്–  1  നന്നായി കൊത്തിയരിഞ്ഞത്

പച്ചമുളക് – 2 വട്ടത്തിൽ ചെറുതായി അരിഞ്ഞത്

കറിവേപ്പില– 2 തണ്ട്

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

കശ്മീരി മുളകുപൊടി– 1 1/2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ

കുരുമുളകുപൊടി  – 1/2 ടീ സ്പൂൺ

പെരുംജീരകപ്പൊടി –1/2 ടീ സ്പൂൺ

തേങ്ങ ചിരകിയത്– കാൽക്കപ്പ്

എണ്ണ  – 3 ടീ സ്പൂൺഉപ്പ്  – ആവശ്യത്തിന്

പാചകം ചെയ്യേണ്ട വിധം

മീൻ മുട്ട നന്നായി കഴുകി വൃത്തിയാക്കണം. അതിനെ പൊതിഞ്ഞിരിക്കുന്ന പാട നീക്കം ചെയ്ത ശേഷം അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മാറ്റി വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകുപൊട്ടിച്ചതിന് ശേഷം സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് ഇളം ബ്രൗൺ നിറം ആകുന്നതുവരെ മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, പെരുംജീരകപ്പൊടി  എന്നിവ ചേർത്ത് പച്ചമണം പോകുന്നതുവരെ ഇളക്കുക. ഇതിലേയ്ക്ക് ചിരകിയ തേങ്ങ ചേർത്ത് രണ്ട് മിനിട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം.  മാറ്റിവച്ചിരിക്കുന്ന മീൻ മുട്ട  ചേർത്ത് നന്നായി ചിക്കി യോജിപ്പിക്കുക.  ആവശ്യമെങ്കിൽ അല്പം എണ്ണ ചേർക്കാം.  അഞ്ചുമുതൽ എട്ടു മിനിറ്റുവരെ പാൻ അടച്ചുവച്ച് വേവിയ്ക്കാം. അടപ്പ് തുറന്ന ശേഷം ഇത് നന്നായി മൊരിച്ചെടുക്കാം. നല്ല തകർപ്പൻ രോഹു മുട്ടത്തോരൻ റെഡി. ഏത് മീനിന്റെ മുട്ടയും ഇതേരീതിയിൽ തയാറാക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*