
റോമാ സാമ്രാജ്യത്തിൻ്റെ തിരുശേഷിപ്പായ കൊളോസിയത്തിൻ്റെ അണിയറയായി കരുതുന്ന ഭൂഗർഭ പാതകളും ചേംബറുകളും ഇനി സന്ദർശകർക്ക് കാഴ്ചകളുടെ വിരുന്നൊരുക്കും. 2,000 വർഷം പഴക്കമുള്ള പൗരാണിക വിനോദ കേന്ദ്രത്തിൻ്റെ ഭൂഗർഭ വഴികൾ ആദ്യമായാണ് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്. ഇറ്റലി ആസ്ഥാനമായുള്ള ഫാഷൻ ബ്രാൻഡായ ‘ടോഡ്സി’െൻറ സാമ്പത്തിക സഹായത്തോടെ അടുത്തിടെ ഭൂഗർഭ പാതകളുടെ പുനരുദ്ധാരണം പൂർത്തിയാക്കിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് അത്യപൂർവ കാഴ്ചകളുടെ വസന്തം പകർന്ന് കൊളോസിയത്തിൻ്റെ ഭൂഗർഭ ഭാഗവും തുറന്നത്.2010 മുതൽ ഇതിനകത്ത് പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും വളരെ ചെറിയ ഒരു ഭാഗത്തു മാത്രമായിരുന്നു എത്താനായിരുന്നത്. എന്നാൽ, പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി സന്ദർശകർക്ക് നടന്നുനീങ്ങാൻ പ്രത്യേകം നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്.
19ാം നൂറ്റാണ്ടിലാണ് കൊളോസിയം ഖനനത്തിലൂടെ കണ്ടെത്തുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്ന ക്രൂരവിനോദമായ ഗ്ലാഡിയേറ്റർ മല്ല യുദ്ധത്തിൻ്റെ വേദിയായിരുന്നു കൊളോസിയം. മത്സരത്തിനെത്തുന്ന മനുഷ്യരെയും മൃഗങ്ങളെയും ഒരുക്കാനുള്ള അണിയറയായി പ്രവർത്തിച്ചിരുന്നത് ഈ ഭൂഗർഭ ചേംബറുകളായിരുന്നു. എ.ഡി 80ൽ തുറന്ന് 523 വരെയാണ് കൊളോസിയം സജീവമായിരുന്നതെന്നാണ് നിഗമനം.80 പുരാവസ്തു ഗവേഷകർ, ശിൽപികൾ, എഞ്ചിനിയർമാർ എന്നിവർ ചേർന്നാണ് പുനരുദ്ധാരണം പൂർത്തിയാക്കിയത്. റോമിലെ സ്മാരകങ്ങളും പൗരാണിക നിർമിതികളും വീണ്ടെടുക്കാൻ ഇറ്റാലിയൻ സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. 2024ഓടെ പൂർത്തിയാക്കും.
Be the first to comment