പാദങ്ങൾ മസ്സാജ് ചെയ്‌താൽ ലഭിക്കുന്ന ഗുണങ്ങൾ; ആരും ശ്രദ്ധിക്കാതെ പോവരുത്

എല്ലാ വൈകുന്നേരങ്ങളിലും ജോലി കഴിഞ്ഞ് വീട്ടിൽ തിരികെ വരുമ്പോൾ ശരീരത്തെ സാന്ത്വനപ്പെടുത്തി പേശികളിലെ പിരിമുറുക്കം എടുത്തു കളയുന്നതിനായി ആരെങ്കിലുമൊന്ന് മസാജ് ചെയ്തു തന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകാറില്ലേ. അത് ചെയ്താൽ തൽക്ഷണം ലഭിക്കുന്ന ആശ്വാസം കുറച്ചൊന്നുമല്ല. മസാജ് ചെയ്യുന്നതിനെ പറ്റി പറഞ്ഞ് തുടങ്ങുമ്പോൾ അത് എപ്പോഴും ആരംഭിക്കുന്നത് കാലുകളിൽ നിന്ന് തന്നെയാണ്. കാൽപാദങ്ങളിൽ ചെയ്യുന്ന ഒരു മസാജ് ഏതൊരാൾക്കും എളുപ്പത്തിൽ വിശ്രമവും ആശ്വാസവും നൽകാൻ സഹായിക്കും.നിങ്ങളുടെ മുഖത്തിന്റെ നഷ്ടപ്പെട്ട തിളക്കം തിരികെ കൊണ്ടുവരുന്നത് മുതൽ ഒരു ഫൂട്ട് മസാജിന് ചെയ്യാൻ കഴിയുന്ന ഗുണങ്ങൾ ഒട്ടേറെയുണ്ട്. കാലുകൾ മസാജ് ചെയ്യുന്നത് വഴി ലഭിക്കുന്ന ചില നല്ല ഗുണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

കാലിൽ ചെയ്യുന്ന ഒരു നല്ല മസാജിന്റെ ഏറ്റവും അടിസ്ഥാന നേട്ടം ഇത് ശരീരത്തിൽ ഉടനീളമുള്ള രക്തചംക്രമണത്തെ മെച്ചപ്പെടുത്തും എന്നതാണ്. നമുക്കറിയാം നാം നിൽക്കുമ്പോൾ, നടക്കുമ്പോൾ ഓടുമ്പോൾ, തുടങ്ങിയ സമയങ്ങളിലെല്ലാം കാലുകളാണ് ശരീരത്തിൻ്റെ മുഴുവൻ ഭാരവും താങ്ങി നിർത്തുന്നത്. അതുകൊണ്ടുതന്നെ കുറച്ചു നേരം ഇത്തരം പ്രവർത്തികൾ തുടർച്ചയായി ചെയ്താൽ കാലുകളിലെ പേശികൾക്ക് വളരെ പെട്ടെന്ന് തന്നെ ക്ഷീണവും തളർച്ചയും അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ഒരു പരിധി വരെ ഒഴിവാക്കണമെങ്കിൽ മെച്ചപ്പെട്ട രീതിയിലുള്ള രക്തചക്രമണം കാലുകളിൽ ഏറ്റവും അത്യാവശ്യമാണ്.

അതുപോലെതന്നെ ഹൈ ഹീൽ പാദരക്ഷകളുടെ പതിവായുള്ള ഉപയോഗം പലപ്പോഴും നിങ്ങളുടെ കാലുകളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാറുണ്ട്. പലപ്പോഴും ഇത് പേശികൾ കഠിനമാക്കുന്നതിന് കാരണമാവുന്നു. ഇത്തരം സന്ദർഭങ്ങളിൽ പരിഹാരമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു മികച്ച പ്രതിവിധിയാണ് കാലുകളിൽ മസാജ് ചെയ്യുന്ന രീതി.

​സമ്മർദ്ദ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളെ ഒഴിവാക്കുന്നതിനും ഏറ്റവും സഹായകമായ ഒരു നല്ല മാർഗ്ഗമാണ് ഫൂട്ട് മസാജ് എന്ന കാര്യം അറിയാമോ. നിങ്ങളുടെ കാലിൽ നിന്ന് ചെയ്യുന്ന ഒരു മസാജ് ഇക്കാര്യത്തിൽ പലരീതിയിലും ഗുണം ചെയ്യുന്നുവെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദം പലപ്പോഴും ശരീരപേശികളെ കഠിനമാക്കി മാറ്റുന്നുണ്ട്. ക്യാൻസർ പോലുള്ള കടുത്ത രോഗലക്ഷണങ്ങൾ ഉള്ള ആളുകളിൽ പോലും ഉത്കണ്ഠയുടെ അളവ് കുറയ്ക്കുന്നതിന് മികച്ച രീതിയിൽ കുറയ്ക്കുന്നതിന് പതിവായുള്ള ഫൂട്ട് മസാജ് സെഷനുകൾ സഹായിക്കുന്നുവെന്നാണ് പല സർവേകളും പറയുന്നത്. പരിശീലനം ലഭിച്ച ഒരു പ്രൊഫഷണൽ ഫൂട്ട് മസാജ് ഉറപ്പായും നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും പേശികൾക്ക് അയവു നൽകാനും സഹായിക്കും.

മൈഗ്രെയ്ൻ അല്ലെങ്കിൽ തലവേദനയുടെ മറ്റ് ലക്ഷണങ്ങൾ അനുഭവിക്കുന്ന ഒരാളാണ് നിങ്ങങ്കിൽ, ഒരു ഫൂട്ട് മസാജ് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദനയുടെ പ്രശ്നങ്ങളെ നേരിടാനായി കാലിൽ ചെയ്യുന്ന മസാജുകൾ വളരെയധികം പ്രയോജനം നൽകുന്നുണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എങ്കിൽ തന്നെയും നിങ്ങൾക്ക് തലവേദന ഉണ്ടാവുന്നത് മറ്റേതെങ്കിലും ഗുരുതരമായ മെഡിക്കൽ സങ്കീർണതകൾ മൂലമല്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. സാധാരണ ഗതിയിൽ തിരക്കേറിയ നമ്മുടെ ദൈനംദിന ജീവിതശൈലിയുടെ ഫലമായി ഉണ്ടാകുന്ന തലവേദനയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് റിഫ്ലെക്സോളജി ഫുട്ട് മസാജുകൾ മികച്ചതാണ് എന്ന് പറയപ്പെടുന്നു.

​PMS എന്നറിയപ്പെടുന്ന പ്രീ മെൻസ്ട്രൽ സിൻഡ്രോം ഓരോ മാസവും എല്ലാ സ്ത്രീകളും അനുഭവിക്കുന്നുണ്ട്. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന രക്തസ്രാവവും മാനസികാവസ്ഥ വ്യതിയാനങ്ങളും ഹോർമോൺ പ്രശ്നങ്ങളുമൊക്കെ സ്ത്രീകളിലുണ്ടാകുന്ന വിഷമങ്ങൾ ചെറുതൊന്നുമല്ല. സഹനശക്തി ഏറ്റവും ആവശ്യമുള്ള ഈ ദിനങ്ങളിൽ ആശ്വാസം പകരാൻ ഒരു മികച്ച കാല് മസാജ് ഗുണം ചെയ്യുമെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പി‌എം‌എസ് ലക്ഷണങ്ങളും ആർത്തവവും ശരീരത്തിനുള്ളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ മൂലം നേരിടേണ്ടി വരുന്ന മാനസിക-ശാരീരിക സമ്മർദ്ദം ഒരു പരിധിവരെ കുറയ്ക്കാൻ ഇത് സഹായകമാണ്.
ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്ന ഒരാളാണോ നിങ്ങൾ ? എങ്കിൽ കാല് മസാജ് ചെയ്യുന്നതിനേക്കാൾ മികച്ച പരിഹാരം മറ്റൊന്നില്ല. മരുന്നുകൾക്ക് പകരമായി ശുപാർശ ചെയ്യുന്നതല്ലെങ്കിലും തീർച്ചയായും ഇത് ഇക്കാര്യത്തിൽ വളരെയധികം ഗുണം ചെയ്യുന്നതാണ് എന്ന് പറയപ്പെടുന്നു. സ്ഥിരമായി 10 മിനിറ്റിൽ കൂടുതൽ കാലുകൾ മസാജ് ചെയ്യുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*