പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു; വിടവാങ്ങിയത് മൂന്ന് ദേശീയ പുരസ്‌കാരം നേടിയ അഭിനേത്രി

പ്രശസ്‍ത നടി സുരേഖ സിക്രി അന്തരിച്ചു.75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയിലെ വസതിയിൽ വച്ചാണ് അന്ത്യം.സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും.കഴിഞ്ഞ വര്‍ഷം സുരേഖ സിക്രിയെ മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍പ്രവേശിപ്പിച്ചിരുന്നു. രണ്ട് വർഷത്തോളമായി ശാരീരിക പ്രശ്നങ്ങൾ അലട്ടിയിരുന്നു.

ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ സുരേഖ കിസ കുർസി കാ എന്ന ചിത്രത്തിലൂടെ 1978 ലാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മൂന്നാമത്തെ ചിത്രമായ തമസിലൂടെ 1986 ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. 1995 ൽ മാമ്മോ, 2019 ൽ ബധായി ഹോ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ദേശീയ പുരസ്കാരം നേടി. സഹനടിക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്. നന്ദിതദാസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജന്മദിനം എന്ന മലയാള ചിത്രത്തിലും വേഷമിട്ടിരുന്നു. 1998 ലാണ് ചിത്രം പുറത്തിറങ്ങിയത്. 2020 ൽ പുറത്തിറങ്ങിയ ഗോസ്റ്റ് സ്റ്റോറീസ് ആണ് അവസാന ചിത്രം.1990 കൾ മുതൽ ടെലിവിഷൻ രംഗത്തും സജീവമായി പ്രവർത്തിച്ചു. കഭി കഭി, സമയ്, കേസർ, സാഥ് ഫേരേ, ബാലിക വധു എക് ത രാജ ഏക് തി റാണി തുടങ്ങിയവയാണ് പ്രധാന ടെലിവിഷൻ സീരീസുകൾ.പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭർത്താവ്. പ്രശസ്ത നടൻ നസിറുദ്ദീൻ ഷായുടെ മുൻഭാര്യ മനാരാ സിക്രി സഹോദരിയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*