
സ്കൂൾ കാലത്ത് തന്നെ കുട്ടികളിൽ കാഴ്ചത്തകരാറുകൾ കണ്ടെത്തുന്നത് സ്വാഭാവികമാണ്. പലപ്പോഴും ക്ലാസുകൾക്കിടയിലാണ് കുട്ടികളുടെ കാഴ്ചത്തകരാറുകൾ തിരിച്ചറിയാറുള്ളത്. കാഴ്ച മങ്ങിയതായി കാണുന്നതാണ് പൊതുവേ കുട്ടികളിൽ കാണുന്ന പ്രശ്നം. ഹ്രസ്വദൃഷ്ടിയും, ദീർഘദൃഷ്ടിയും അസ്റ്റിഗ്മാറ്റിസവുമൊക്കെ കാഴ്ച മങ്ങുന്നതിന് കാരണമാകും.വായിക്കാനോ പഠിക്കാനോ കണ്ണുകൾ ഫോക്കസ് ചെയ്യുമ്പോൾ കണ്ണുകൾക്ക് സമ്മർദമുണ്ടാകാം. ഇതിനെത്തുടർന്ന് ഇടയ്ക്കിടെ തലവേദന, വായന ഒഴിവാക്കൽ, ഫോക്കസ് ചെയ്യാൻ ഒരു കണ്ണ് അടച്ച് പിടിച്ച് വായിക്കൽ, അടുത്തുകാണുന്ന വസ്തുക്കൾ കൂടുതൽ നന്നായി കാണൽ, കണ്ണിന് അസ്വസ്ഥതയുണ്ടെന്ന് പറയൽ, വസ്തുക്കളെ രണ്ടായി കാണുക, വായിച്ചതെന്തെന്ന് ഓർത്തെടുക്കാൻ ബുദ്ധിമുട്ട്, വായിക്കുമ്പോൾ ഇടയ്ക്കുള്ള ചില വരികൾ വിട്ടുപോകൽ എന്നിവയൊക്കെയാണ് കാഴ്ചാപ്രശ്നത്തിന്റെ ലക്ഷണങ്ങൾ.
എല്ലാ വർഷവും സ്കൂൾ തുറക്കും മുൻപ് കുട്ടിയുടെ കണ്ണുകൾ പരിശോധിച്ച് കാഴ്ചാപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇതിനായി നല്ലൊരു ഒഫ്ത്താൽമോളജിസ്റ്റിനെ കാണുക.കുട്ടികൾ പഠനശേഷവും അമിതമായി ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക.ടി.വി. കാണുന്ന സമയം നിയന്ത്രിക്കുക. ടി.വി. കാണുമ്പോൾ നിശ്ചിത അകലം പാലിക്കാൻ ശ്രദ്ധിക്കുക.കണ്ണിലേക്ക് സൂര്യപ്രകാശം നേരിട്ട് പതിക്കാതെ ശ്രദ്ധിക്കുക.കടുത്ത വെളിച്ചം കണ്ണിലേക്ക് പതിക്കാതിരിക്കാൻ ശ്രദ്ധിക്കുക.ആരോഗ്യകരമായ ഭക്ഷണരീതി ശീലിപ്പിക്കുക. പച്ചനിറമുള്ള പച്ചക്കറികൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ ഭക്ഷണത്തിൽ കൃത്യമായ അളവിൽ ഉൾപ്പെടുത്തുക.
ശരീരത്തിന് വ്യായാമം ചെയ്യുന്നതുപോലെ കണ്ണിനും ചെയ്യാവുന്ന വ്യായാമങ്ങൾ പരിശീലിപ്പിക്കുക.കാഴ്ചാപ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നിയാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. അല്ലെങ്കിൽ പേശികൾക്ക് സ്ട്രെസ്സ് കൂടി കാഴ്ച കുറയാനും സാധ്യതയുണ്ട്.പകൽ മുഴുവൻ ഓൺലൈൻ ക്ലാസിലിരുന്ന് അതിന് ശേഷം ഉല്ലാസത്തിനായി വീണ്ടും ടി.വിയുടെയും മൊബൈൽ ഫോണിന്റെയും മുൻപിൽ ഇരിക്കുന്നത് കണ്ണിന് സ്ട്രെസ്സ് കൂട്ടും.45 മിനിറ്റ് തുടർച്ചയായി ഡിജിറ്റൽ സ്ക്രീനുകൾക്ക് മുൻപിൽ ചെലവഴിക്കുകയാണെങ്കിൽ പിന്നീട് 15 മിനിറ്റ് നേരം ഇടവേള നൽകണം. തലവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും അകറ്റാൻ ഇത് സഹായിക്കും.പഠനശേഷമുള്ള സമയം കുട്ടികളെ എന്തെങ്കിലും ശാരീരിക വ്യായാമം ലഭിക്കുന്ന കളികളിലോ മറ്റോ പങ്കെടുപ്പിക്കണം.
Be the first to comment