വീട്ടിലെ കറണ്ട് ബില്ല് കുറക്കാം ; ഇവ ശ്രദ്ധിക്കൂ

ലോക്ഡൗണിൽ വീട്ടിലിരുന്ന മിക്ക മലയാളികളെയും തേടിയെത്തിയത് ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലാണ്. നിലവിലെ നിയമം അനുസരിച്ച്, വൈദ്യുതി ഉപയോഗം നിശ്ചിത യൂണിറ്റിന് മുകളിലായാൽ, മുഴുവൻ യൂണിറ്റിനും ഉയർന്ന സ്ലാബിലുള്ള നിരക്ക് നൽകേണ്ടി വീട്ടിലെ വൈദ്യുത  ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അടുത്ത കറണ്ട് ബില്ലിലെങ്കിലും കുറവ് പ്രതീക്ഷിക്കാം

ഫ്രിഡ്ജ്

നാലുപേർ അടങ്ങിയ കുടുംബത്തിന് 165 ലിറ്റർ ശേഷിയുള്ള ഫ്രിഡ്ജ് മതിയാകും. വലിപ്പം കൂടുംതോറും വൈദ്യുതി ചെലവും കൂടും എന്ന കാര്യം ശ്രദ്ധിക്കുക. വൈകിട്ട് വോൾട്ടേജ് കുറവുള്ള സമയങ്ങളിൽ (6.30 മുതൽ 10.30 വരെ) ഫ്രിഡ്ജ് ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതി ലാഭിക്കാനും പ്രവർത്തന കാലം നീട്ടാനും സാധിക്കും. ഫ്രിഡ്ജ് ഓഫ് ചെയ്തിട്ട് വീണ്ടും ഓൺ ചെയ്യുമ്പോൾ വൈദ്യുത ഉപയോഗം കൂടുമെന്നത് തെറ്റായ ധാരണയാണ്. വളരെയധികം ഊർജ്ജ കാര്യക്ഷമതയുള്ള ഇൻവെർട്ടർ റഫ്രിജറേറ്ററുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. സാധാരണ റഫ്രിജറേറ്റർ ദിവസേന 2 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ ഇൻവെർട്ടർ റഫ്രിജറേറ്റർ ഒരു ദിവസം ഒരു യൂണിറ്റിൽ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നു.

ഫ്രിഡ്ജിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. ആഹാരസാധനങ്ങൾ ചൂടാറിയതിനു ശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക. എടുത്തു കഴിഞ്ഞാൽ തണുപ്പു മാറിയതിനു ശേഷം മാത്രം ചൂടാക്കുക. ആഹാരസാധനങ്ങൾ അടച്ചു മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ഫ്രീസറിൽ ഐസ് കൂടുതൽ കട്ട പിടിക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാൽ നിർമാതാവ് നിർദ്ദേശിച്ചിട്ടുള്ള സമയ ക്രമത്തിൽ തന്നെ ഫ്രീസർ ഡീ ഫ്രോസ്റ്റ് ചെയ്യുക. ഫ്രിഡ്ജിന്റെ വാതിൽ ഭദ്രമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുള്ള റബ്ബർ ബീഡിംഗ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കിൽ മാറ്റുക.

വാഷിങ് മെഷീൻ

നിർദ്ദേശിച്ചിരിക്കുന്ന പൂർണ്ണശേഷിയിൽ തന്നെ പ്രവർത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയിൽ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വൈദ്യുതിയും വെള്ളവും ലാഭിക്കാൻ സാധിക്കും. അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികൾക്ക് ക്വിക്ക് സൈക്കിൾ മോഡ് ഉപയോഗിക്കാം.

വാഷിങ് മെഷീൻ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓൺ ചെയ്യുക. ഉപയോഗം കഴിഞ്ഞാൽ വാഷിങ് മെഷീന്റെ സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് എടുത്ത് മാറ്റുക. കഴിവതും വൈകുന്നേരം 6.30 മുതൽ 10 മണിവരെയുള്ള സമയങ്ങളിൽ വാഷിങ് മെഷീൻ ഉപയോഗിക്കാതിരിക്കുക. വസ്ത്രങ്ങൾ വെയിലത്ത് ഉണക്കുക.

മിക്സി

മിക്സിയുടെ മോട്ടറിനു വേഗം കൂടുതലാണ്. അതിനാൽ കൂടുതൽ നേരം മിക്സി പ്രവർത്തിപ്പിക്കുന്നത് നല്ലതല്ല. വെള്ളം കൂടിയാൽ അരയാൻ സമയം കൂടുതൽ എടുക്കും. വൈകിട്ട് വോൾട്ടേജ് കുറവുള്ളപ്പോൾ മിക്സി പോലുള്ള ഉപകരണങ്ങൾ കഴിവതും ഉപയോഗിക്കാതിരിക്കുക. അരിയും ഉഴുന്നും കുതിർത്ത ശേഷം മാത്രമേ ആട്ടാവൂ. രണ്ടു മണിക്കൂർ വെള്ളത്തിലിട്ട ശേഷം ആട്ടിയാൽ 15 ശതമാനം വൈദ്യുതി ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്

എസി

ചൂടുകാലമാണ്. പല വീടുകളിലും എസി ഇടാതെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്, സമ്മതിച്ചു. പക്ഷേ, എസി ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കിൽ ഷോക്കടിപ്പിക്കുന്ന കറണ്ട് ബിൽ ആയിരിക്കും കിട്ടുക. സാധാരണ കണ്ടുവരുന്ന ഒരു ടൺ എസി 12 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി ചിലവാകും. കുറഞ്ഞ ചൂട്, അനുഭവപ്പെടുന്ന കാലാവസ്ഥകളിൽ കഴിവതും സീലിംഗ് ഫാൻ, ടേബിൾ ഫാൻ മുതലയാവ ഉപയോഗിക്കുക.

എസി വാങ്ങുന്ന സമയത്ത് ബി. ഇ. ഇ സ്റ്റാർ ലേബൽ ശ്രദ്ധിക്കുക. 5 സ്റ്റാർ ആണ് ഏറ്റവും കാര്യക്ഷമത കൂടിയത്. ഊർജ്ജ കാര്യക്ഷമത കൂടിയ ഇൻവെർട്ടർ എസി ഇന്ന് ലഭ്യമാണ്. എസിയുടെ ടെംപറേച്ചർ സെറ്റിംഗ് 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി  ഉപയോഗം കുറയും. അതിനാൽ 25 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.എസിയുടെ കണ്ടെൻസറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുക. എസിയുടെ ഫിൽട്ടർ എല്ലാ മാസവും വൃത്തിയാക്കുക.ഈ കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ വീട്ടിലെ കറണ്ട് ബില്ല് ഒരു പരിധിവരെ കുറക്കാം

Be the first to comment

Leave a Reply

Your email address will not be published.


*