ചെരിവ് ഒപ്പിച്ച് വീട്

പരമ്പരാഗത നിര്‍മ്മാണ സാമഗ്രികള്‍ ക്രിയാത്മകമായി വിനിയോഗിച്ച് സമകാലിക ശൈലിയില്‍ ഒരുക്കിയ വീട്

7.42 സെന്‍റ് വിസ്തൃതിയുള്ള ചതുരാകൃതിയിലുള്ള പ്ലോട്ടിന്‍റെ കൂര്‍ത്ത അരികുകള്‍ക്ക് ഇണങ്ങും വിധം ‘ചെരിവ്’ എന്ന ഡിസൈന്‍ നയത്തിലൂന്നിയാണ് തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് എന്ന സ്ഥലത്ത് ചൈനയില്‍ ഉദ്യോഗസ്ഥനായ ദേവദാസിന്‍റെ വീടൊരുക്കിയിട്ടുള്ളത്.

എലിവേഷനിലെ ചെരിവുള്ള ഡിസൈന്‍ പാറ്റേണിന്‍റെ തനിയാവര്‍ത്തനമാണ് ഗേറ്റ്, ചുറ്റുമതില്‍, പൂമുഖവാതില്‍ എന്നിവയില്‍ ദൃശ്യമാകുന്നത്.

എലിവേഷന്‍റെ മോടിയേറ്റാനായി പരമ്പരാഗത നിര്‍മ്മാണ സാമഗ്രിയായ ചെങ്കല്ലിനൊപ്പം ടെറാക്കോട്ട റൂഫിങ്ടൈല്‍, ടെറാക്കോട്ട സീലിങ് ടൈല്‍ എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.

പ്ലോട്ടിന്‍റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് തന്നെ വീട്ടകത്ത് മികച്ച വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കാന്‍ ചെരിവിനെ കൂട്ടുപിടിച്ചതിലൂടെ ആര്‍ക്കിടെക്റ്റിന് സാധിച്ചു. ആര്‍ക്കിടെക്റ്റ് സുജിത് കെ നടേഷ് (സംസ്കൃതി ആര്‍ക്കിടെക്റ്റ്സ്, കൊച്ചി) ആണ് 2300 ചതുരശ്രയടിയിലുള്ള വീടിന്‍റെ ശില്പി.

സ്റ്റീല്‍ പൈപ്പുകളില്‍ ചെരിച്ച് തൂക്കിയിട്ട രീതിയിലാണ് ടെറാക്കോട്ട സീലിങ് ടൈലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കാര്‍പോര്‍ച്ചിന്‍റെ മേല്‍ക്കൂര.

നീളന്‍ വരാന്ത ഉള്‍ച്ചേര്‍ത്ത പൂമുഖത്തുനിന്നും മറ്റിടങ്ങളിലേക്ക് നയിക്കുന്ന ഫോയറിനിരുവശത്തുമായാണ് ഡബിള്‍ഹൈറ്റ് ഫോര്‍മല്‍ ലിവിങ്ങും കിഴക്കോട്ട് ദര്‍ശനമായി പാഷ്യോ ഉള്‍പ്പെടുത്തി ഒരുക്കിയ ഡൈനിങ്ങും.

വെളിച്ചമെത്തുന്നതിനായി ഡബിള്‍ഹൈറ്റ് ഫോര്‍മല്‍ ലിവിങ്ങില്‍ നല്‍കിയ ഗ്ലാസ് ബ്ലോക്കുകള്‍ എലിവേഷനില്‍ നിന്നേ ദൃശ്യമാകുന്നുണ്ട്. ഡൈനിങ്ങിന്‍റെ ഭാഗമായ സ്റ്റീല്‍ ഗ്ലാസ് കോമ്പിനേഷന്‍ ഗോവണിക്ക് ബ്ലാക്ക് ഗ്രനൈറ്റ് പടവുകളാണ്. ഗോവണിച്ചുവട്ടിലാണ് ഫാമിലി ലിവിങ്.

മിതം, സുന്ദരം

ജിപ്സം കൊണ്ട് ഫാള്‍സ് സീലിങ് ചെയ്ത് സ്പോട്ട് ലൈറ്റ് ഇട്ടതൊഴിച്ചാല്‍ കാര്യമായ അലങ്കാരവേലകളൊന്നും അകത്തളത്തില്‍ ഒരിടത്തുമില്ല. വൈറ്റ് കളര്‍തീമില്‍ ചതുരാകൃതിയില്‍ ഒരുക്കിയ അടുക്കളയ്ക്ക് അനുബന്ധമായി വര്‍ക്കേരിയ, സര്‍വന്‍റ്സ് ടോയ്ലറ്റ് എന്നിവയുമുണ്ട്.

വൈറ്റ് മാര്‍ബിള്‍ടോപ്പ്, വൈറ്റ് സെറാമിക് ടൈല്‍ ബ്ലാക്ക് സ്പ്ലാഷ്, മാറ്റ് ഫിനിഷ് ഉള്ള വിട്രിഫൈഡ് ടൈല്‍ ഫ്ളോറിങ്, മള്‍ട്ടിവുഡില്‍ തീര്‍ത്ത ക്യാബിനറ്റുകള്‍ എന്നിവയാണ് അടുക്കളയിലെ ഒരുക്കങ്ങള്‍.

ഉപയുക്തത ആധാരമാക്കിയ ഒരുക്കങ്ങളേ വര്‍ക്കേരിയയില്‍ ഉള്ളൂ. മിതത്വത്തിലൂന്നിയ അപ്പര്‍ലിവിങ്ങിനു പുറമേ ട്രസ്സ് മേല്‍ക്കൂരയുള്ള യൂട്ടിലിറ്റി ഏരിയയും മുകള്‍നിലയില്‍ ഉണ്ട്.

എലിവേഷനിലെ ഡിസൈന്‍ പാറ്റേണിന്‍റെ തുടര്‍ച്ചയാണിവിടുത്തെ 3 ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകളിലുമുള്ളത്. ഹെഡ്ബോര്‍ഡ്, സീലിങ് എന്നിവിടങ്ങളിലെപ്പോലെ മള്‍ട്ടിവുഡില്‍ തീര്‍ത്ത കബോഡുകളിലുമുണ്ട് ചെരിവുള്ള ഡിസൈന്‍.

മുകള്‍നിലയിലെ മാസ്റ്റര്‍ ബെഡ്റൂമിന് അനുബന്ധമായി പ്രത്യേക ഡ്രസ്സിങ് ഏരിയ ഉണ്ട്. താഴത്തെ നിലയില്‍ ഗ്ലോസി ഫിനിഷ് വിട്രിഫൈഡ് ടൈലും മുകള്‍നിലയില്‍ മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുമാണ് ഫ്ളോറിങ്ങിനുപയോഗിച്ചത്.

പരമ്പരാഗത നിര്‍മ്മാണ സാമഗ്രികള്‍ ക്രിയാത്മകമായി വിനിയോഗിച്ച് സമകാലിക ശൈലിയില്‍ ഒരുക്കി എന്നതാണ് ഈ പ്രോജക്റ്റിന്‍റെ മേന്മ.

Be the first to comment

Leave a Reply

Your email address will not be published.


*