
രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. മേയിൽ 16 തവണ വർധിപ്പിച്ച ഇന്ധനവില ജൂണിലെ ആദ്യ ദിനത്തിൽ തന്നെ വീണ്ടും കൂട്ടിയി. കേരളത്തിൽ പെട്രോളിന് ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയാണു വർധിച്ചത്.ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94.59 രൂപയും ഡീസലിന് 90.18 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് ഇന്ന് 96.47 രൂപയും ഡീസലിന് 91.74 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 94.90 രൂപയും ഡീസലിന് 90.29 രൂപയുമാണ് ഇന്നത്തെ വില.ന്യൂഡൽഹിയിൽ ഇന്ന് പെട്രോളിന് ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ചില്ലറ വില്‍പ്പന വില ലിറ്ററിന് 94.49 രൂപയും ഡീസല്‍ 85.38 രൂപയുമാണ് വില. അതേസമയം, മുംബൈയില്‍ ഇപ്പോള്‍ പെട്രോള്‍ വില 100.72 രൂപയും ഡീസലിന് 92.69 രൂപയുമാണ്.
കേരളം ഉള്‍പ്പെടെയുള്ള അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ 18 ദിവസത്തെ ഇടവേള അവസാനിപ്പിച്ച് മേയ് നാലിനാണ് എണ്ണക്കമ്പനികള്‍ വില പരിഷ്‌കരണം പുനരാരംഭിച്ചത്. തുടർന്ന് 29 ദിവസം കൊണ്ട് ഡീസലിന് 4.47 രൂപയും പെട്രോളിന് 3.73 പൈസയുമാണ് കൂടിയത്.രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളില്‍ മേയ് അവസാനത്തോടെ പെട്രോള്‍ വില 100 രൂപ കടന്നിരുന്നു. പെട്രോള്‍ വില മൂന്ന് അക്കത്തില്‍ എത്തിയ ആദ്യത്തെ സംസ്ഥാന തലസ്ഥാനമായി ഭോപ്പാല്‍ മാറി. ജയ്പൂരും മുംബൈയുമാണു തൊട്ടുപിന്നില്‍.
രാജ്യത്തെ ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്ന രാജസ്ഥാനിലെയും മധ്യപ്രദേശിലെയും രണ്ട് ജില്ലകളില്‍ ആദ്യമായി, ഫെബ്രുവരിയില്‍ പെട്രോള്‍ വില 100 രൂപ കടന്നിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ 105.52 രൂപയാണ് പെട്രോളിൻ്റെ നിലവിലെ വില. ഡീസലിനു 98.32 രൂപയും. മധ്യ പ്രദേശിലെ അനുപ്പുരില്‍ പെട്രോളിന് ലിറ്ററിന് 105.18 രൂപയും ഡീസലിന് 96.28 രൂപയുമാണ് വില.
പ്രാദേശിക നികുതി, ചരക്ക് കൂലി എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇന്ധന വില സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. സംസ്ഥാന നികുതി, ചരക്ക് കൂലി എന്നിവ കൂടാതെ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവയും ഈടാക്കുന്നു. പെട്രോളിൻ്റെ ചില്ലറ വില്‍പ്പന വിലയുടെ 60 ശതമാനവും ഡീസലിൻ്റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. പെട്രോളിനു ലിറ്ററിന് 32.90 രൂപയും ഡീസലിനു 31.80 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്.രാജ്യാന്തര വിലയും വിദേശനാണ്യ വിനിമയ നിരക്കും അനുസരിച്ചാണ് പെട്രോള്‍, ഡീസല്‍ വില ദിവസവും പരിഷ്‌കരിക്കുന്നത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇന്ന് ഉയര്‍ന്നു.
Be the first to comment