
പനികളെല്ലാം കോവിഡല്ല; ഡെങ്കിപ്പനി, എലിപ്പനി ജാഗ്രതാ നിർദ്ദേശവുമായി കോട്ടയം ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ പനികൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശം നൽകുകയാണ് ആരോഗ്യ വകുപ്പ് .മഴക്കാലമായതോടെ പതിവ് പനികള്‍ വ്യാപകമാവാൻ സാധ്യതയേറെയാണ്. കൊവിഡിന്റെയും മറ്റു പകര്‍ച്ച പനികൾ പ്രാരംഭലക്ഷണങ്ങൾ ഒരുപോലെയാണ്. ഇത് കൂടുതല്‍ ശ്രദ്ധ വേണ്ട ഒരു സാഹചര്യമാണ് സൃഷ്ടിക്കുന്നത്. പനി ബാധിച്ചാൽ വിദഗ്ധ ചികിത്സ തേടുക , സ്വയം ചികിത്സ പാടില്ല, കൊവിഡിന്റെ പ്രാരംഭലക്ഷണം പനിയും തൊണ്ടവേദനയുമാണ്. മറ്റുപനികളുടെ തുടക്കത്തിലും ഇതുതന്നെ അനുഭവപ്പെടാം. കോവിഡിനൊപ്പം മറ്റു പകർച്ച വ്യാധികളായ ഡെങ്കിപ്പനി എലിപ്പനി തുടങ്ങിയവയും പടരാനുള്ള സാധ്യത ഏറെയാണ് ആയതിനാൽ എല്ലാ പനികൾക്കുമെതിരെ അതീവ ശ്രദ്ധ പുലർത്തണമെന്നുള്ള നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. മഴക്കാല രോഗങ്ങളിൽ ഏറ്റവും അപകടകാരികളായ എലിപ്പനി ഡെങ്കിപ്പനി തുടങ്ങിയവയെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം
ഡെങ്കിപ്പനി
കേരളത്തിൽ പൊതുവെ മഴക്കാലത്തോടൊപ്പം കണ്ടുവരാറുള്ള കൊതുകുജന്യ രോഗങ്ങളില്‍ ഒന്നാമതാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്റ്റൈ കൊതുകുകളുടെ കടിയേല്‍ക്കുന്നതിലൂടെ പകരുന്ന വൈറസ് രോഗമാണിത്.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍
ഡെങ്കിപ്പനിയ്ക്ക് പനിയ്ക്കു പുറമെയുള്ള മറ്റു ലക്ഷണങ്ങളുമുണ്ട്. പനിയോടൊപ്പം പേശിവേദനയുണ്ടാകും. കിടക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ സന്ധിവേദന കൊണ്ട് ഒടിഞ്ഞു കുത്തിപ്പോവുന്നതുകൊണ്ട് ഡെങ്കിയെ ബ്രേക്ക് ബോണ്‍ ഫീവര്‍ എന്ന് വിളിക്കുന്നത്. ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ ഡെങ്കിക്ക് ഉണ്ടാകില്ല.പെട്ടെന്ന് വരുന്ന ശക്തമായ പനിയും തലവേദനയും, കൈകാല്‍ കടച്ചിലുമായിട്ടാണ് മിക്കവാറും രോഗികളെ കാണാറുള്ളത്. ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, ശരീരത്തില്‍ തിണര്‍പ്പുകള്‍ എന്നിവയും ചിലര്‍ക്കുണ്ടാവും. കൊതുകു കടി കൊണ്ട് നാല് മുതല്‍ 10 ദിവസത്തിനുള്ളിലാണ് പനി തുടങ്ങുക. മിക്കവരിലും സാധാരണ വൈറല്‍ പനി പോലെ ഒരാഴ്ചകൊണ്ട് (2- 7 ദിവസങ്ങള്‍) മാറിപ്പോവുമെങ്കിലും പനി മാറിക്കഴിഞ്ഞുള്ള ദിവസങ്ങളിലും ശ്രദ്ധ ആവശ്യമാണ്. വളരെ ചെറിയ ശതമാനം ആളുകളില്‍, പ്രധാനമായും കുട്ടികളിലും പ്രായമേറിയവരിലും ഗര്‍ഭിണികളിലും മറ്റസുഖങ്ങള്‍ ഉള്ളവരിലും, രക്തസ്രാവമുണ്ടാകുന്ന ഡെങ്കി ഹെമറേജിക് ഫീവര്‍, രക്തസമ്മര്‍ദ്ദം കുറയുന്ന ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നിവ വന്ന് മാരകമായേക്കാം. ശക്തമായ വയറുവേദനയും ഛര്‍ദ്ദിയും, ശ്വാസതടസ്സം, നീരുവയ്ക്കല്‍, കഠിനമായ തളര്‍ച്ച, മോണയില്‍ നിന്നും രക്തസ്രാവം, ചോര ഛര്‍ദ്ദിക്കുക എന്നിവയൊക്കെ ഗുരുതരാവസ്ഥയുടെ സൂചകങ്ങളാണ്.
മുന്‍കരുതലുകള്‍
കൊതുകുകള്‍ കൂടാതിരിക്കാന്‍ അത് മുട്ടയിട്ട് പെരുകുന്നയിടങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. മാലിന്യ സംസ്കരണം ശീലമാക്കുക. കെട്ടി നില്‍ക്കുന്ന വെളളക്കെട്ടുകളില്‍ കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടു പരിസരത്ത് കൊതുകിന്റെ ഉറവിടം നശിപ്പിക്കുന്നതിന് ‘ഡ്രൈ ഡേ’ ആചരിക്കുക. കീടനാശിനിയായ പൈറെത്രം എക്സ്ട്രാക്റ്റ് ഉപയോഗിച്ച് വീടിനകത്ത് സ്പ്രേ ചെയ്യുകയും പൊതു ഇടങ്ങളില്‍ ഫോഗിങ്ങ് നടത്തുകയും ചെയ്യുക. കൂത്താടിയെ നശിപ്പിക്കാന്‍ ജലശേഖരങ്ങളില്‍ ടെമിഫോസ് തളിക്കുന്നത് ഫലപ്രദമാണ്.വീട്ടിലും പരിസരത്തും ചെറുവെള്ളകെട്ടുകളിലും റബർ ചിരട്ടകളിലും തങ്ങിനിൽക്കുന്ന മഴവെള്ളം നീക്കം ചെയ്യാം.
സ്വയരക്ഷയ്ക്കായി കൊതുകുവല ശീലമാക്കുക. പകല്‍ സമയത്തും ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും കീടനാശിനിയില്‍ മുക്കിയ കൊതുകുവല ഉപയോഗിക്കുകയാണ് ഉത്തമം. നീളം കൂടിയ, മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ദേഹത്ത് വേപ്പെണ്ണയോ പുല്‍ത്തൈലമോ മോസ്കിറ്റോ റിപ്പലെന്റുകളോ പുരട്ടാം. ജനലുകളിലും കതകിലുമൊക്കെ നെറ്റുകള്‍ പിടിപ്പിക്കുന്നതും കീടനാശിനിയില്‍ മുക്കിയ കര്‍ട്ടനുകള്‍ തൂക്കുന്നതും കൊതുകുകളെ അകറ്റാനുപകരിക്കും. ഡെങ്കിപ്പനിയുള്ള രോഗികളെ വീട്ടിലും ആശുപത്രിയിലും നിര്‍ബന്ധമായും കൊതുവലയ്ക്കുള്ളില്‍ പാര്‍പ്പിക്കുക എന്നത് പരമപ്രധാനമാണ്.
എലിപ്പനി
പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.
എലിപ്പനിയുടെ ലക്ഷണങ്ങള്‍
ഒരാള്‍ക്ക് എലിപ്പനി ബാധിച്ചാല്‍ കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുട- പേശി വേദന എന്നിവ ഉണ്ടാകും. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാകാം. ശക്തമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള പേശികളിലും നടുവിനുമാണ് ദേവന കൂടുതല്‍ അനുഭവപ്പെടുന്നത്.
ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാകുക, മൂത്രം മഞ്ഞ നിറത്തില്‍ പോകുക എന്നീ മഞ്ഞപ്പിത്ത ലക്ഷണങ്ങൾ എലിപ്പനി ബാധിച്ചവർക്ക് കണ്ടുവരാറുണ്ട്. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാകുന്നുണ്ടെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കേണ്ടതാണ്.
മഞ്ഞപ്പിത്തമാണെന്നു കരുതി എലിപ്പനിക്കെതിരായ ചികിത്സ സമയത്ത് ലഭ്യമാക്കാതിരുന്നാൽ രോഗാണു കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലാക്കി മരണത്തിനു കാരണമാകാൻ സാധ്യതയുണ്ട്.
പ്രധാന പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍
കെട്ടിനില്‍ക്കുന്ന വെള്ളത്തിൽ ഗംബൂട്ടും കയ്യുറയും ധരിക്കാതെ മീന്‍ പിടിക്കുന്നതിനായി പാടത്തും കുളത്തിലും പാറക്കെട്ടുകളിലുള്ള വെള്ളക്കെട്ടിലും ജലസംഭരണികളിലും ഇറങ്ങുന്നത് എലിപ്പനിക്ക് കാരണമാകാം. ഇത്തരത്തില്‍ സമ്പര്‍ക്കം ഉണ്ടായാല്‍ സോപ്പ് ഉപയോഗിച്ച് ശരീരം വൃത്തിയായി കഴുകുകയും പ്രദേശത്തെ ആരോഗ്യപ്രവർത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കേണ്ടതുമാണ്. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കമുള്ള കാലമത്രയും ഇത് തുടരേണ്ടതാണ്.
എലി മൂത്രം കലര്‍ന്ന് മലിനമായ ആഹാരം കഴിച്ചാലും എലിപ്പനി രോഗം ബാധിക്കാം. അതിനാല്‍ ആഹാരപദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കാനുപയോഗിക്കുകയും വേണം.
ഓടകളും കനാലുകളും വൃത്തിയാക്കുന്നവര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ആരോഗ്യപ്രവർത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.
ഒഴുക്കില്ലാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, കൈകാലുകള്‍ കഴുകുകയോ അരുത്. വെള്ളത്തില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ കട്ടിയുള്ള കൈയുറ, കാലുറ (ഗംബൂട്ട് ) എന്നിവ ധരിക്കേണ്ടതാണ്.കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കത്തില്‍ വന്നതിനുശേഷം പനി, ശരീരവേദന, തലവേദന, കണ്ണിന് ചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തി എലിപ്പനിയ്‌ക്കെതിരെ ചികിത്സ ലഭ്യമാക്കേണ്ടതാണ്.
Be the first to comment