കോറിഡോര്‍ ഹൗസ്

പരന്നതും ചെരിഞ്ഞതുമായ മേല്‍ക്കൂരകളുടെ സാന്നിധ്യം എലിവേഷനെ കാലാതിവര്‍ത്തിയാക്കി മാറ്റുന്നുണ്ട്

വിവിധ ഇടങ്ങളെ കൂട്ടിയിണക്കുന്ന നടപ്പാതകളാലും നിരവധി ഇടനാഴികളാലും വ്യത്യസ്തമാണ് തിരൂര്‍ നഗരഹൃദയത്തിലുള്ള, ഡോ. ഫൈസലിന്‍റെ വീടിന്‍റെ രൂപകല്പ്പന.

ഫലവൃക്ഷങ്ങളാല്‍ സമൃദ്ധമായ 108.42 സെന്‍റ് പ്ലോട്ടാണിത്. പ്രധാന പാതയോരത്തു നിന്ന് വിളിപ്പാടകലെ നിലകൊള്ളുന്ന പ്ലോട്ടിലെ വൃക്ഷസമ്പത്തും വലിയ കുളവും സംരക്ഷിച്ചുകൊണ്ടാണ് 7690 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട് ഇപ്രകാരം ഒരുക്കിയത്.

ഭാഗികമായ മേല്‍ക്കൂരയും വശത്ത് മറകളും കെട്ടി സുരക്ഷിതമാക്കിയ ഈ കുളം ഇവിടുത്തെ മഴവെള്ള സംഭരണിയും, വേനല്‍ക്കാലത്തെ പ്രധാന ജലസ്രോതസ്സുമാണ്.

ആധുനിക സാമഗ്രികള്‍ ഉപയോഗിച്ച് പരമ്പരാഗത ശൈലിയില്‍ വീടൊരുക്കാനാണ് ഡിസൈനര്‍മാരായ ഷബീര്‍ എ.എം, സലീല്‍കുമാര്‍ (ഷബീര്‍ സലീല്‍ അസോസിയേറ്റ്സ്, കോഴിക്കോട്) എന്നിവര്‍ പരിശ്രമിച്ചിരിക്കുന്നത്.

പരന്നതും ചെരിഞ്ഞതുമായ മേല്‍ക്കൂരകളുടെ സാന്നിധ്യം എലിവേഷനെ കാലാതിവര്‍ത്തിയാക്കി മാറ്റുന്നുണ്ട്. പൂമുഖത്തേയും തെല്ലകലെയുള്ള പോര്‍ച്ചിനേയും ബന്ധിപ്പിക്കുന്ന 7 അടി വീതിയുളള നടപ്പാത ആണ് പ്രധാന ഡിസൈന്‍ എലമെന്‍റ്.

ലളിതം പ്രൗഢം

വുഡ്, ടെറാകോട്ട എന്നിങ്ങനെയുള്ള പ്രകൃതിദത്ത ടെക്സ്ചറുകളുടെയും, കടപ്പക്കല്ലുകള്‍, ഇറ്റാലിയന്‍ മാര്‍ബിള്‍ മുതലായ പ്രകൃതിദത്ത ഫ്ളോറിങ് മെറ്റീരിയലുകളുടെയും ന്യൂട്രല്‍ നിറങ്ങളുടെയും ഉപയോഗം വീടിന്‍റെ പ്രൗഢിയേറ്റാന്‍ ഉതകുന്നുണ്ട്.

പരമ്പരാഗത അര്‍ദ്ധസമകാലിക ശൈലികള്‍ സമന്വയിപ്പിച്ചൊരുക്കിയതാണ് ഇവിടുത്തെ അകത്തളം. മുന്‍മുറ്റത്തിന്‍റെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാവുന്ന വിധത്തിലൊരുക്കിയ പൂമുഖത്തും ഭാഗികമായി ലാന്‍റ്സ്കേപ്പിങ് ചെയ്തിട്ടുണ്ട്.

ഇറ്റാലിയന്‍ മാര്‍ബിള്‍ ഫ്ളോറിങ്ങും വെനീര്‍ ഫിനിഷുള്ള സീലിങ്ങും കടുംനിറത്തിലുള്ള ഫര്‍ണിച്ചറും ഫോര്‍മല്‍ ലിവിങ്ങിന് രാജകീയഭാവം നല്‍കുന്നു. വുഡന്‍ ഫിനിഷുള്ള ടി വി വാളാണ് ഫാമിലി ലിവിങ്ങിന്‍റെ ഹൈലൈറ്റ്.

ഇവിടെനിന്നാണ് പിന്‍മുറ്റത്തേക്കും പിന്‍വശത്തൊരുക്കിയ നീന്തല്‍ക്കുളത്തിലേക്കും പ്രവേശനം. വുഡന്‍ പാര്‍ട്ടീഷനാണ് പത്തുപേര്‍ക്ക് ഇരിക്കാവുന്ന ഡൈനിങ് ഏരിയയുടെ സ്വകാര്യത ഉറപ്പാക്കുന്നത്.

ഏഴു പേര്‍ക്കിരിക്കാവുന്ന അക്യൂസ്റ്റിക് പാനലിങ് ഉള്ള ഹോംതീയേറ്ററും ഈ വീടിന്‍റെ ഭാഗമാണ്.

നാനോവൈറ്റ് ടോപ്പുള്ള ഐലന്‍റ് കിച്ചനില്‍ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറുമുണ്ട്. ഗ്രേ, വൈറ്റ് കളര്‍തീമിലുള്ള കിച്ചന്‍റെ സമീപത്തുള്ള പാന്‍ട്രി സ്പേസിന് ഗ്രീന്‍ വൈറ്റ് നിറങ്ങളാണ് നല്‍കിയത്.

ഗ്രേ, വൈറ്റ് കളര്‍തീമിലുള്ള കിച്ചന്‍റെ സമീപത്തുള്ള പാന്‍ട്രി സ്പേസിന് ഗ്രീന്‍ വൈറ്റ് നിറങ്ങളാണ് നല്‍കിയത്.

വെണ്‍മയ്ക്ക് പ്രാമുഖ്യം നല്‍കിയതിനാല്‍ തുറസ്സായ നയത്തിലൊരുക്കിയ ഈ ഏരിയകള്‍ കൂടുതല്‍ വിശാലമായി തോന്നുന്നുണ്ട്. ബ്ലാക്ക് ഗ്രനൈറ്റ് കൗണ്ടര്‍ ടോപ്പും വാള്‍ടൈല്‍ ബാക്ക് സ്പ്ലാഷും മള്‍ട്ടിവുഡ് ക്യാബിനറ്റുകളുമുള്ള വര്‍ക്കിങ് കിച്ചനുമിവിടെയുണ്ട്.

വ്യത്യസ്ത തീമുകളിലുള്ള വാള്‍പേപ്പറുകള്‍ ഒട്ടിച്ചൊരുക്കിയ 4 ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകളാണിവിടെയുള്ളത്. സ്വകാര്യത ഉറപ്പാക്കി ഒരുക്കിയ ഈ ഏരിയകളിലെല്ലാം വാക്ക് ഇന്‍ വാഡ്രോബുകളും സിറ്റിങ് സ്പേസുകളുമുണ്ട്.

വിശാലമായ പ്ലോട്ടിലെ ഫലവൃക്ഷങ്ങള്‍ സംരക്ഷിച്ചതിനൊപ്പം പുതിയ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാനും ഡിസൈനര്‍മാര്‍ മറന്നിട്ടില്ല. പ്രകൃതിദത്ത കല്ലുകള്‍ പാകിയ ഡ്രൈവ് വേയുടെ വശത്തെ പുല്‍ത്തകിടി കൊറിയന്‍ ഗ്രാസുകൊണ്ടാണ് ഒരുക്കിയത്.

വൃക്ഷങ്ങളുടെയും ജലാശയത്തിന്‍റെയും സാമീപ്യം ഗൃഹാന്തരീക്ഷത്തെ കൂടുതല്‍ ജീവസ്സുറ്റതാക്കുന്നുണ്ട്. വിശാലമായ പ്ലോട്ടിനൊത്തവണ്ണം വിശാലമായി തന്നെ ഒരുക്കിയെങ്കിലും വീടിന്‍റെ അലങ്കാരങ്ങളില്‍ മിതത്വം ആണ് പൊതുവേ പ്രതിഫലിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*