ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ജെഫ് ആന്‍റണി പറയുന്നു.
കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?
പരമ്പരാഗത കേരള ശൈലി പിന്തുടരുന്ന വീടുകളോടുള്ള ആഭിമുഖ്യം കുറഞ്ഞു വരുന്ന പ്രവണതയാണിപ്പോള്‍ കാണുന്നത്. അന്താരാഷ്ട്രവും ആധുനികവുമായ ആശയവും അത്തരം തീമും ഉള്‍ക്കൊണ്ടുള്ള വീടുകളാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്.
ചെരിഞ്ഞ മേല്‍ക്കൂര പോലുള്ള ചില ഡിസൈന്‍ ഘടകങ്ങള്‍ മാത്രം സ്വീകരിച്ച് പരമ്പരാഗത ശൈലിയെ പിന്തുടരുന്നവരും ഇന്‍റീരിയര്‍ ഒരുക്കാന്‍ കന്‍റംപ്രറി ശൈലിയെ തന്നെ കൂട്ടുപിടിക്കുന്നു.
പൊതു ഇടങ്ങള്‍ തുറന്ന നയത്തിലൊരുക്കുക, വ്യത്യസ്ത തീമുകളും നിറങ്ങളും ഉറപ്പാക്കുക തുടങ്ങിയ രീതിയാണിപ്പോള്‍ പൊതുവെയുള്ളത്.
പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?
ഒരു പ്രത്യേക ശൈലി പ്രിയപ്പെട്ടതാണെന്ന് പറയാനാകില്ല. കെട്ടിടങ്ങളുടെ ഉദേശ്യവും ലക്ഷ്യവും ധര്‍മ്മവും അനുസിച്ച് ഉചിതമായ ശൈലിയാണ് സ്വീകരിക്കേണ്ടത്.
ആയുര്‍വേദ ഹോസ്പിറ്റലുകള്‍, കേരള കലാമണ്ഡലം പോലെയുള്ള കലാപഠന സ്ഥാപനങ്ങള്‍ എന്നീ നിര്‍മ്മിതികള്‍ക്കെല്ലാം കൂടുതല്‍ ഇണങ്ങുന്നത് പരമ്പരാഗത ശൈലിയാണ്. ഇതു പോലെ ഓരോ കെട്ടിടവും അതിന്‍റെ ഔചിത്യവും ധര്‍മ്മവും അനുസരിച്ചാണ് നിര്‍മ്മിക്കേണ്ടത്.
എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?
ഇനിയുള്ള കാലത്തെ നിര്‍മ്മിതികളില്‍ സമയവും കാലാവസ്ഥയും നിര്‍ണ്ണായക ഘടകങ്ങളായിരിക്കും. അതിവേഗം നിര്‍മ്മാണജോലികള്‍ തീരുന്ന സാങ്കേതികതയ്ക്കും അതിനു സഹായകരമായ മെറ്റീരിയലുകള്‍ക്കും പ്രചാരമേറും.
സ്റ്റീല്‍, പ്രീഫാബ്, ഫൈബര്‍ പാനലുകള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള നിര്‍മ്മിതികള്‍ കൂടും. പരിപാലനം എത്ര കുറഞ്ഞിരിക്കുന്നോ അത്രയധികം സ്വീകാര്യമാകും കിടപ്പാടങ്ങള്‍.
കാത്തിരിക്കാന്‍ തയ്യാറാല്ലാത്ത ഒരു തലമുറയെ തൃപ്തിപ്പെടുത്താവുന്ന അതിവേഗ നിര്‍മ്മിതികള്‍ അത്യന്താപേക്ഷിതമാകും.
ആഗോള കാലാവസ്ഥ വളരെയധികം മാറാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഈ പരിണാമങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ള നിര്‍മിതികള്‍ കൂടിയായിരിക്കും ഇനിയുള്ള കാലത്തുണ്ടാകുക.
ഒരു വീടിന്‍റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?
താമസക്കാരുടെ ആവശ്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും തന്നെയാണ് ആദ്യ പരിഗണന നല്‍കേണ്ടത്. ഓരോരുത്തരുടെയും ജീവിതരീതി കൃത്യമായി മനസ്സിലാക്കുന്നതില്‍ വീഴ്ച വരുത്തരുത്.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
താമസക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കയ്യൊപ്പ് അഥവാ സിഗ്നേച്ചര്‍ എലമെന്‍റ് മനസിലാക്കി വേണം വീടൊരുക്കാന്‍. എല്ലാത്തിനും ഉപരിയായി ധര്‍മ്മത്തിന് ഊന്നല്‍ നല്‍കണം; ഓരോ ഇടവും ഫങ്ഷനല്‍ ആകണം.
ഒരു വീടിന്‍റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?
ഒരിക്കലും ആര്‍ക്കിടെക്റ്റിന്‍റെയോ ഡിസൈനറുടെയോ വ്യക്തിപരമായ താത്പര്യങ്ങള്‍ ക്ലയന്‍റിനു മേല്‍അടിച്ചേല്‍പ്പിക്കാന്‍ പാടില്ല.
സ്വന്തം പണം മുടക്കി വീടുണ്ടാക്കുന്നയാള്‍ക്ക് ഒരിക്കലും അവിടെ അഡ്ജസറ്റ് ചെയ്ത് ജീവിക്കേണ്ട വരുന്ന അവസ്ഥ വരരുത്. ഒരു വീട്ടില്‍ പരമാവധി സ്വാസ്ഥ്യം ഉറപ്പാക്കാനുള്ള ബാധ്യത ആര്‍ക്കിടെക്റ്റിനുണ്ട്.
ALSO READ: മിശ്രിതശൈലി

ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ ഏതു തരം വീടായിരിക്കും ചെയ്യുക?
എങ്കില്‍ വീട്ടിലെ ഓരോ അംഗത്തിന്‍റെയും ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാകും. എന്നിരുന്നാലും കാലാവസ്ഥയും പ്ലോട്ടും പരിഗണിച്ച് ആഡംബരമാകാത്ത വിധത്തില്‍ മാത്രം ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കും.
ALSO READ: ക്യൂട്ട് & എലഗന്‍റ്
പരിമിത ബഡ്ജറ്റുള്ള ക്ലയന്‍റിനു വേണ്ടി?
ഓരോ ഇഞ്ചും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫങ്ഷണല്‍ പ്ലാന്‍ ആയിരിക്കും സ്വീകരിക്കുക. പ്രദേശിക മെറ്റീരിയലുകള്‍ പരമാവധി ഉപയോഗിക്കും. പ്രീഫാബ് മെറ്റീരിയലുകള്‍ സ്വീകാര്യമെങ്കില്‍ അതും പരിഗണിയ്ക്കും.
ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ആധുനികമായ മെറ്റീരിയല്‍?
ആധുനിക മെറ്റീരിയല്‍ എന്നതിനേക്കാള്‍ ഒരു പരീക്ഷണ മെറ്റീരിയലാണ് ഓര്‍മയില്‍ ഉള്ളത്.മരത്തിന് കുറവ് വന്നപ്പോള്‍ കോണ്‍ക്രീറ്റ് കനം കുറച്ച് കഴുക്കോലുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് റാഫ്റ്റര്‍ ഉപയോഗിച്ചു. ക്ലാഡിങ്ങിനുപയോഗിക്കുന്ന ഫണ്ടര്‍മാക്സ് ഇഷ്ടപ്പെട്ട മെറ്റീരിയലാണ്.
സ്വന്തം വീടിനെക്കുറിച്ച്?
65 കൊല്ലത്തോളം പഴക്കമുള്ള വീടാണ് എന്‍റേത്. വെളിച്ചക്കുറവു പോലെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആറു വര്‍ഷം മുമ്പ് പുതുക്കിപ്പണിതു. ഇപ്പോള്‍ കാലത്തിനു ചേര്‍ന്ന വീടായെന്നു പറയാം.
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് ജെഫ് ആന്‍റണി, അതുല്യ ആര്‍ക്കിടെക്റ്റ്സ്, തൃശ്ശൂര്‍, ഫോണ്‍: 9447031544.
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment