ഘടനയിലെ ലളിതമായ മാറ്റം, ചില്ലറ മിനുക്കുപണികള്‍ എന്നിവയിലൂടെ മാത്രം കാലത്തിന് ചേരുന്ന മോടിയും സൗകര്യങ്ങളും കൈവന്ന വീടാണിത്.
പഴയ വീടുമായി താരതമ്യപ്പെടുത്തുമ്പോള്‍ എക്സ്റ്റീരിയര്‍ ശ്രദ്ധേയവും, ഇന്റീരിയര്‍ തെളിമയുള്ളതും ആയി പരിവര്‍ത്തനപ്പെടുത്തി.
സമകാലീന ശൈലിയും ബോക്സ് സ്ട്രക്ച്ചറും പിന്തുടരുന്ന ആലപ്പുഴ ജില്ലയിലെ ചാരുമൂട് ഉള്ള വീട് ജേക്കബ് ജോയിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ്.
ഡിസൈനര്‍മാരായ ഉണ്ണികൃഷ്ണന് എസ്, അനില്‍ പ്രസാദ്, റിജോ വര്‍ഗീസ് (ബെറ്റര്‍ ഡിസൈന്‍ സ്റ്റുഡിയോ, അടൂര്‍) എന്നിവര്‍ ചേര്‍ന്നാണ് സൗകര്യങ്ങള്‍ക്കും വെളിച്ചത്തിനും ഊന്നല്‍ നല്കി ഈ വീട് പുതുക്കിപ്പണിതത്. 31 സെന്റ് പ്ലോട്ടില്‍ 2500 സ്ക്വയര്‍ഫീറ്റിലാണ് ഈ വീടിരിക്കുന്നത്.
കൂട്ടിച്ചേര്‍ക്കല്‍ കുറച്ചുമാത്രം
ഗ്രാമ്യമായ ഭൂപ്രകൃതിയും ശാന്തതയും ഒത്തുചേര്‍ന്ന വീട്ടുപരിസരത്ത് കൃത്രിമമായ ലാന്‍ഡ്സ്കേപ്പ് ഒരുക്കങ്ങളൊന്നുമില്ല. മുറ്റം കരിങ്കല്ല് തരികള്‍ വിതറി ഒരുക്കിയതാണ്.
വെണ്മ മുന്നിട്ടുനില്ക്കുന്ന ബോക്സ്പാറ്റേണിലുള്ള എക്സ്റ്റീരിയര്‍ ഹൈലൈറ്റ് ചെയ്യാന്‍ ഫിന്വാള് നല്കിയിരിക്കുന്നു. ഗ്രേ നിറത്തിലുള്ള നാച്ച്വറല്‍ ക്ലാഡിങ് സ്റ്റോണ്‍ ഉപയോഗിച്ചു. ഒട്ടും സങ്കീര്‍ണമല്ലാത്ത ബാഹ്യരൂപമാണ് ഈ വീടിന്റേത്.
ഒരു ബെഡ്റൂം കൂട്ടിച്ചേര്‍ത്തതും, ഒരു കോമണ്‍ ടോയ്ലറ്റ് ഉള്‍പ്പെടുത്തിയതും മാത്രമാണ് ഘടനാപരമായ മാറ്റങ്ങള്‍. എന്നാല്‍ ഓരോയിടവും കാലികമായി മിനുക്കിയെടുത്തിരിക്കുന്നു.
വിശാലത കൂടുതല്‍ തോന്നുന്ന വിധത്തില്‍; വെളിച്ചവും കാറ്റും ഉള്‍ച്ചേര്‍ത്ത്. ലിവിങ്-ഡൈനിങ് ഏരിയകള്‍ ഉള്‍പ്പെടുന്ന അകത്തളത്തിലെ ഇരുട്ട് മാറ്റി വെളിച്ചത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയത് പ്രധാനമായൊരു മാറ്റം തന്നെ.
ഡൈനിങ് ഏരിയയോട് ചേര്‍ന്ന് സ്കൈലൈറ്റ് കോര്‍ട്ട്യാര്‍ഡ് ഒരുക്കിയാണ് ഇത് സാധ്യമാക്കിയത്. ഡൈനിങ് ഏരിയയില്‍ നിന്ന് കോര്‍ട്ട്യാര്‍ഡ് ഏരിയയിലേക്ക് മുഴുവന്‍ കാഴ്ച സാധ്യമാകുന്ന വിധത്തില്‍ ഓപ്പണ്‍ ഡോറും നല്കി.
പെബിളുകളും ചെമ്പകമരവും കോര്‍ട്ട്യാര്‍ഡിനെ കൂടുതല്‍ ഹൈലൈറ്റ് ചെയ്യുന്നു. സിറ്റൗട്ട്, ലിവിങ്- ഡൈനിങ് ഏരിയകള്‍, കിച്ചന്, ഗ്രൗണ്ട് ഫ്ളോറില്‍ കൂട്ടിചേര്‍ത്തത് ഉള്‍പ്പെടെ നാല് ബെഡ്റൂമുകള്‍, അപ്പര്‍ ലിവിങ് ഏരിയ എന്നിവയാണ് പ്രധാന ഇടങ്ങള്‍.
വാം ഫീല്‍
അകത്തളത്തില്‍ വാം ഫീലുള്ള ലൈറ്റിങ്ങും ഫിനിഷുമാണുള്ളത്. പഴയ ഫ്ളോറിങ് പൂര്‍ണമായി മാറ്റി വിട്രിഫൈഡ് ടൈല്‍ കൊണ്ട് പുതിയ ഫ്ളോറിങ് ചെയ്തു.
ജിപ്സം ബോര്‍ഡ് കൊണ്ട് ചെയ്ത ശ്രദ്ധേയമായ വര്‍ക്കുകള്‍ സീലിങ്ങില്‍ എല്ലായിടത്തും മികച്ച ഫിനിഷിങ് കൊണ്ടുവരുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന ബീമുകള്‍ മറയ്ക്കാന്‍ വേണ്ടി കൂടിയാണ് സീലിങ് വര്‍ക്കുകള്‍ എല്ലായിടത്തും നല്‍കിയത്.
പോളിഷ് ചെയ്തും കുഷ്യനുകള്‍ പുതുക്കിയും ഫര്‍ണിച്ചര്‍ പരമാവധി പുനരുപയോഗിച്ചു. കിച്ചനിലെ നിലവിലുണ്ടായിരുന്ന സ്ലാബുകള്‍ പൊളിച്ചുകളഞ്ഞ് മോഡുലാര്‍ രീതിയിലേക്ക് മാറ്റി.
പി.യു. പെയിന്റ് ചെയ്ത പ്ലൈവുഡ് കബോഡുകളാണ് കിച്ചനില്‍ ചെയ്തത്. ഗ്രനൈറ്റ് കൊണ്ട് കൗണ്ടര്‍ടോപ്പ് ഒരുക്കി. വാഡ്രോബുകളും കട്ടിലുകളും കസ്റ്റമൈസ് ചെയ്തെടുത്തു.
പോളിഷ് ചെയ്ത പ്ലൈവുഡ് കബോര്‍ഡുകളാണ് ബെഡ്റൂമുകളില്‍. പ്രധാന വാതിലുകള്‍ മാറ്റാതെ തന്നെ തേക്ക് ഫിനിഷിങ് പാനലിങ്ങുകള്‍ ഒട്ടിച്ച് വാതിലുകള്‍ക്ക് പുതുമ കൊണ്ടുവന്നു.
പ്ലംബിങ്, ഇലക്ട്രിഫിക്കേഷന് എന്നിവ പൂര്‍ണമായി നവീകരിച്ചിട്ടുണ്ട്. ലളിതമായ മാറ്റങ്ങള്‍ കൊണ്ട് അകത്തളത്തിന് എങ്ങനെ നവഭാവം കൊണ്ടുവരാമെന്ന് തെളിയിക്കുന്നു ഈ കന്റംപ്രറി വീട്.
Be the first to comment