
ബെഡ്‌റൂം എന്നത് സ്വസ്ഥതയുടെയും വിശ്രമത്തിൻറെയും പ്രതീകമായ സ്ഥലമാണ്. അടുക്കും ചിട്ടയുമില്ലാതെ ഇട്ടിരിക്കുന്ന ഫർണിച്ചറും വാരിവലിച്ചു കിടക്കുന്ന വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെ ഉള്ള ഉറക്കം കൂടി ഇല്ലാതാക്കും. മുറിക്ക് വലിപ്പം കൂടുതലാണെന്നു കരുതി സാധനങ്ങളും കുത്തിനിറയ്ക്കണമെന്നില്ല. അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമേ കിടപ്പറയിൽ ഒരുക്കാവൂ.ചെറിയ മുറിയാണെങ്കിൽ കൺവെർട്ടബിൾ ഫർണിച്ചർ ഗുണം ചെയ്യും. മടക്കാൻ കഴിയുന്ന കട്ടിൽ, കട്ടിലിനടിയിൽ സാധനങ്ങൾ വെക്കാനുള്ള സൗകര്യം എന്നിവ ഇത്തരം മുറികൾക്ക് ഗുണമായിരിക്കും.
ബെഡ്റൂമുകളിൽ ഏറ്റവുമധികം സ്ഥലം അപഹരിക്കുന്നത് കട്ടിലുകളാണ്. ശരിയായ സ്ഥലം തിരഞ്ഞെടുത്തില്ലെങ്കിൽ മുറിയുടെ സിംഹഭാഗവും അതിനായി പോകും. മുറിയുടെ രൂപത്തിന് അനുസരിച്ചായിരിക്കണം കട്ടിലിടേണ്ടത്. ചെറിയ മുറിയാണെങ്കിൽ ചുമരിനോടു ചേർന്ന് കട്ടിലിടുന്നതായിരിക്കും സൗകര്യം.വലിപ്പമില്ലാത്ത മുറികളിൽ ബെഡ്സൈഡ് ടേബിളുകൾ ഒഴിവാക്കുകയായിരിക്കും നല്ലത്. വേണമെങ്കിൽ ബെഡ്ഹെഡിനോട് ചേർന്ന് നിർമിക്കാം. കൂടുതൽ ഫ്രീ സ്പേസ് കാണുന്ന രീതിയിലായിരിക്കണം മുറി ഒരുക്കേത്. വിസ്തൃതമായ ചുമരുകൾ മുറിക്ക് വലിപ്പം തോന്നിക്കും. പിന്നെ, തിരഞ്ഞെടുക്കുന്ന നിറങ്ങളും കർട്ടനുകളും.
മുറിയിലെ വസ്തുക്കൾക്കും ചുമരുകൾക്ക് ഉപയോഗിച്ച നിറങ്ങളുടെ ഷേഡുകൾ തന്നെ ഉപയോഗിക്കുക. ഉദാഹരണത്തിന് ഇളം നീലയാണ് ചുമരിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിൽ കാർപെറ്റും കർട്ടനുകളും ഇതിന്റെ വിവിധ ഷേഡുകളാക്കുക. ഇത് വേണമെങ്കിൽ ഇതേ ഷേഡിലുള്ള കടും നിറമായാലും മതി. ഫർണിച്ചറിനും ഇതിന്റെ ഭാവഭേദങ്ങൾ നൽകുക. പൊതുവായി പറഞ്ഞാൽ ഒരേ നിറത്തിന്റെ വിവിധ ഷേഡുകൾ മുറിയിൽ നൽകുകയെന്നർഥം.മുറിയുടെ ചുമരുകളിൽ ഉപയോഗിക്കുന്ന പെയിന്റിങ്ങുകളും ചിത്രങ്ങളും വലിയ വലിപ്പത്തിലുള്ളതാവരുത്. വലിയ രൂപത്തിലുള്ളവയാണെങ്കിൽ മുറി വളരെ ചുരുങ്ങിയതായി തോന്നും. മുറികളിൽ ഉപയോഗിക്കുന്ന ചില്ലുകൊണ്ടുള്ള ഫർണിച്ചറുകളാണെങ്കിൽ മുറിയുടെ വലിപ്പക്കുറവ് ഫീൽ ചെയ്യില്ല. എല്ലാ ഭാഗത്തേക്കും നല്ല കാഴ്ചകിട്ടുകയും ചെയ്യും.സിംപിൾ ആൻഡ് റൊമാന്റിക് ആയിരിക്കണം പെയിന്റ്. കൂടുതൽ പേരും ഇളം പിങ്ക്, റോസ്, മെറൂൺ, നീല, പച്ച, ഐവറി എന്നീ നിറങ്ങളാണ് തിരഞ്ഞെടുക്കുക. വേണമെങ്കിൽ വിസ്താരമേറിയ ചുമരിൽ ഒറ്റ കടുംനിറമടിച്ച് ഹൈലൈറ്റ് ചെയ്യാം.
Be the first to comment