ചാവറ സംസ്കൃതി പുരസ്‌കാരം പ്രൊഫസർ എം കെ സാനുവിന് ഗവർണർ സമ്മാനിച്ചു.

2021ലെ ചാവറ സംസ്കൃതി പുരസ്‌കാരം കവിയും സാഹിത്യ വിമർശകനുമായ പ്രൊഫസർ എം കെ സാനുവിന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സമ്മാനിച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം നടത്തിയത്.തൊണ്ണൂറ്റിമൂന്നാം വയസിലും യൗവന തികവുള്ള പ്രൊഫസർ സാനുവിന്റെ എഴുത്തും പ്രഭാഷണങ്ങളും ജീവിതത്തെയും സാഹിത്യത്തെയും, പുതിയ ഉൾകാഴ്ചയോടെ സമീപിക്കാൻ സഹായിക്കുകയും, ഭാരതീയവും പാശ്ച്യാത്യവുമായ സാഹിത്യധാരകളിലെ അറിവും രാഷ്ട്രീയബോധവും വായനക്കാരിലേക്കും വിദ്യാർത്ഥികളിലേക്കും സാനുമാസ്റ്റർ പകർന്നു നൽകിയതായും, പുരസ്കാരദാന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

സാനുമാസ്റ്ററുടെ ആത്മകഥയായ “കർമഗതി“യും മറ്റു രചനകളും മാനവികതയിലും മനുഷ്യസ്നേഹത്തിലുമുള്ള വിശ്വാസത്തെ പ്രകാശിപ്പിക്കുന്നതായും, സമഭാവനയിലധിഷ്ഠിതമായ അദ്ദേഹത്തിന്റെ അധ്യാപന ശൈലി അഭിനന്ദനാർഹമാണെന്നും ഗവർണർ പറഞ്ഞു. സ്വാമി വിവേകാനന്ദൻ, ശ്രീനാരായണഗുരു, കുര്യക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ മഹാരഥൻമാരുടെ ആശയങ്ങളെ സന്നിവേശിപ്പിച്ച്, പുതു സമൂഹ സൃഷ്ടിക്കായുള്ള സാനുമാസ്റ്ററിന്റെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. ചാവറ കൾച്ചറൽ സെന്ററിന്റെ നവീകരിച്ച പബ്ലിക് ലൈബ്രറി ചടങ്ങിൽ ഗവർണർ അനാശ്ചാദനം ചെയ്തു. രാജഗിരി കോളേജിലെ ശാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ലൈബ്രറി നവീകരിച്ചത്.

കുര്യാക്കോസ് ഏലിയാസ് ചാവറയുടെ നാമഥേയത്തിലുള്ള അവാർഡ്‌ ഏറ്റുവാങ്ങുന്നതിൽ അതീവസന്തുഷ്ടനാണെന്നും, സംസ്കാരത്തിന്റെയും സമന്വയത്തിന്റെയും അതുല്യ കേന്ദ്രമായി ചാവറ കൾച്ചറൽ സെന്റർ ഉയർന്നുനിൽക്കുകയാണെന്നും, പുരസ്കാരം സ്വീകരിച്ച് പ്രൊഫസർ എം കെ സാനു പറഞ്ഞു. റവ: ഡോക്ടർ തോമസ് ചാത്തംപറമ്പിൽ അധ്യക്ഷ നായിരുന്ന ചടങ്ങിൽ ടി.ജെ വിനോദ് MLA, മേയർ M. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചാവറ കൾച്ചറൽ സെന്റർ ചെയർമാൻ ഫാദർ മാർട്ടിൻ മള്ളത്ത്, ഡയറക്ടർ ഫാദർ തോമസ് പുതുശ്ശേരി, അസോസിയേറ്റ് ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് എന്നിവർ പുരസ്കാരദാന ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*